തിരുവനന്തപുരം: സംസ്ഥാനത്തിന് അഭിമാനമായി മാറേണ്ട ദേശീയ ഗെയിംസിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങൾ എങ്ങുമെത്തിയിട്ടില്ലെന്ന നിലയിലാണ് കാര്യങ്ങൾ. ഗെയിംസ് സംഘാടനത്തിൽ ഗുരുതര വീഴ്ചയാണുള്ളത്. അതിനിടെ ഗെയിംസ് നടത്തിപ്പിന്റെ ചുമതലയുള്ള ഗെയിംസ് സെക്രട്ടറിയറ്റ് സിഇഒ ജേക്കബ് പുന്നൂസ് രാജിവയ്ക്കാനൊരുങ്ങുന്നതായാണ് സൂചന.

സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോർട്ട്. അഴിമതിയിൽ മുങ്ങിത്താണ ഗെയിംസിന്റെ കാര്യത്തിൽ ഗെയിംസ് സെക്രട്ടറിയറ്റും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഒരുക്കങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്.

ഭരണതലത്തിൽ തന്നെ വൻ അഴിമതിക്കുള്ള കളമാണൊരുങ്ങിയത്. കഴിഞ്ഞദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച 30 ദിന കൗണ്ട് ഡൗൺ പരിപാടി സിഇഒ ജേക്കബ് പുന്നൂസ് ബഹിഷ്‌കരിച്ചിരുന്നു. പ്രചാരണകമ്മിറ്റി ചെയർമാനായ മന്ത്രി മഞ്ഞളാംകുഴി അലി അടക്കമുള്ളവരും വിട്ടുനിന്നു.

അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ തുക അനുവദിക്കാതെ അനുബന്ധപരിപാടികൾക്കായി കോടികൾ നീക്കിവയ്ക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നീക്കം. സർക്കാർതലത്തിലെ വഴിവിട്ട നീക്കങ്ങൾ ജേക്കബ് പുന്നൂസിനെ ചൊടിപ്പിച്ചിട്ടുണ്ട്. കോമൺവെൽത്ത് അഴിമതിയുടെ വഴിയിലാണ് ദേശീയ ഗെയിംസ് നീങ്ങുന്നതെന്നും ആക്ഷേപമുണ്ട്. ഗെയിംസിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ നടത്തിപ്പ് ഭരണാനുകൂല പത്രമായ മനോരമയ്ക്കുമാത്രമായി നൽകിയതിലും കോടികളുടെ അഴിമതിയാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പ്രതിഷേധമുയർത്തിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമെല്ലാം ഗെയിംസ് നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് ആക്ഷേപമുയർത്തിയിരുന്നു.

സർക്കാരും ദേശീയ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റിയും ചേർന്ന് 21നു നടത്തുന്ന റൺ കേരള റൺ പരിപാടിക്ക് ഒരുകോടിയിലേറെ ചെലവുവരില്ലെന്ന് കണക്കുകൾ സൂചിപ്പിക്കവെ ഇത്രയും തുക മനോരമയ്ക്കു നൽകുന്നത് എന്തിനെന്ന ചോദ്യമാണ് പലകോണിൽ നിന്നും ഉയരുന്നത്.

പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം എത്രയായാലും സ്‌കൂളുകൾക്ക് നൽകുന്നത് ആകെ രണ്ടു ടീഷർട്ടും തൊപ്പിയും ബാനറും തീംസോങ് അടങ്ങിയ സിഡിയും മാത്രമാണ്. ബാക്കി കുട്ടികൾക്കുള്ളവ സ്‌കൂളുകൾ സ്വയം കണ്ടെത്തണമെന്നാണ് നിർദ്ദേശം. രണ്ട് കുട്ടിക്ക് ഇവ നൽകാൻ 700 രൂപയിൽ താഴെ മാത്രമാണ് ചെലവുവരുന്നത്. സംസ്ഥാനത്തെ 12,500 സ്‌കൂളുകൾക്കും ഇതേ സാധനങ്ങൾ കൊടുത്താൽ 87.5 ലക്ഷം രൂപ മതി. സംഘാടകർക്കുള്ള ചെലവു കൂട്ടിയാലും ഒരുകോടിയിലേറെ തുക വേണ്ട.

പത്ത് കുട്ടികളുള്ള സ്‌കൂൾമുതൽ ആയിരക്കണക്കിനു കുട്ടികളുള്ള സ്‌കൂൾവരെയും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. ഓരോ കുട്ടിയും ഒരു കിലോമീറ്റർ ഓടണം. അതിനായുള്ള ഫിനിഷിങ് പോയിന്റ് സ്‌കൂൾ അധികൃതർ കണ്ടെത്തണം. കുട്ടികളെ നിയന്ത്രിക്കാൻ റൗണ്ട്‌പോയിന്റ്മുതൽ എല്ലായിടത്തും അദ്ധ്യാപകർ ഉണ്ടാകണം. സ്‌കൂൾ ബാൻഡ്, വാദ്യങ്ങൾ എന്നിവ ഉപയോഗിക്കണം. ഗ്ലൂക്കോസ്, പ്രഥമശുശ്രൂഷക്കിറ്റ്, ഉച്ചഭാഷിണി, കുട്ടികൾക്കുള്ള വെള്ളം, ലഘുഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും സ്‌കൂൾ അധികൃതർ കണ്ടെത്തണമെന്നാണ് നിർദ്ദേശം. ഇക്കാര്യത്തിൽ സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്‌കൂൾ ഹെഡ്‌മാസ്റ്റർമാർക്കും സ്‌കൂൾ അധികൃതർക്കുമാണ് സാമ്പത്തികഭാരം ഏറെയും.

പൊതുവിദ്യാഭ്യാസ ഡയറക്ടർമുതൽ ഏറ്റവും താഴെത്തട്ടിലുള്ള പ്യൂൺവരെയുള്ളവർ അത്യധ്വാനംചെയ്താൽ മാത്രമേ സ്‌കൂൾതലത്തിൽ കുട്ടികളെ രംഗത്തിറക്കാനാകൂ. കൂടാതെ പൊലീസ്, ആരോഗ്യപ്രവർത്തകർ, ത്രിതല പഞ്ചായത്ത് സമിതികൾ തുടങ്ങിയവയുടെ ശ്രദ്ധയും സാമ്പത്തികവും സമയവും വിനിയോഗിക്കേണ്ടിവരും. രക്ഷിതാക്കളും അദ്ധ്യാപകരും ജീവനക്കാരും ഈ സംരംഭത്തിൽ പങ്കാളികളാകണമെന്നും വിദ്യാഭ്യാസവകുപ്പ് ഉത്തരവിൽ പറയുന്നു. എന്നാൽ, ഇതിന്റെയൊക്കെ പേരിൽ ഒരു മാദ്ധ്യമസ്ഥാപനത്തിന്റെ ഇവന്റ് മാനേജ്‌മെന്റിന് കോടികൾ നൽകുന്നതിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യമാണ് വിവിധ കോണിൽ നിന്ന് ഉയരുന്നത്.