തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന അഴിമതികളെപ്പറ്റി കേരള സർക്കാരിന് സ്വാധീനിക്കാൻ കഴിയാത്ത സ്വതന്ത്ര അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാർക്കെതിരെ ശിക്ഷാനടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ.

ദേശീയ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് അഴിമതിയാരോപണം ഉന്നയിച്ച് ഇതിനോടകം തന്നെ രണ്ട് ഭരണകക്ഷി എംഎൽഎമാർ രാജിവച്ചു കഴിഞ്ഞു. യുഡിഎഫ് എംഎൽഎമാരെപ്പോലും വിശ്വസിപ്പിക്കാൻ കഴിയാത്തവിധം വൻ അഴിമതിയാണ് ഗെയിംസ് നടത്തിപ്പിലുള്ളത്. 27 വർഷത്തിന് ശേഷം കേരളം ആധിത്യമരുളുന്ന ദേശീയ ഗെയിംസിനെ കറവപ്പശുവായി കാണുന്ന അഴിമതി വീരന്മാരാണ് നടത്തിപ്പിനുള്ളത്. മാനദണ്ഡങ്ങൾ മറികടന്ന് ഉപകരണങ്ങൾ വാങ്ങലും ഗുണമേന്മയില്ലാത്ത മെറ്റീരിയലുകൾ ഉപയോഗിച്ച് ട്രാക്കുകളും കളിക്കളങ്ങളും നിർമ്മിക്കലും ഉദ്ഘാടന സമാപന പരിപാടികൾക്കായി വൻ ധൂർത്തും ഒക്കെ ഗെയിംസ് സംഘാടക സമിതിയിലുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നു.

അഴിമതിയിൽ ആകെ മുങ്ങിനിൽക്കുന്ന കേരള സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒരന്വേഷണവും കുറ്റക്കാരെ കണ്ടെത്താനിടയില്ലെന്ന് സോളാർ മുതൽ ഇങ്ങോട്ടുള്ള നിരവധി അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാൽ സ്വതന്ത്രവും നീതിപൂർവ്വകവുമായ അന്വേഷണത്തിന് സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തണം. ഗെയിംസിന്റെ സുഗമമായ നടത്തിപ്പിന് സംവിധാനമൊരുക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.