തിരുവനന്തപുരം: അഭിമാനമായി മാറേണ്ട ദേശീയ ഗെയിംസ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറുമ്പോൾ നാണക്കേടിന്റെ അധ്യായത്തിനാണ് സംസ്ഥാനം സാക്ഷിയാകാനൊരുങ്ങുന്നത്. കോടികളുടെ അഴിമതിയിൽ മുങ്ങിക്കുളിച്ചു രാജ്യത്തെ ഏറ്റവും മോശം സംഘാടനത്തിന്റെ വക്താക്കളായി അറിയപ്പെടാൻ ഒരുങ്ങുകയാണ് കേരളം ദേശീയ ഗെയിംസിലൂടെ.

അന്താരാഷ്ട്ര നിലവാരത്തിൽ പടുത്തുയർത്തുമെന്നായിരുന്നു കാര്യവട്ടത്തെ സ്റ്റേഡിയത്തിന്റെ കാര്യത്തിലുള്ള ആദ്യ അവകാശവാദം. എന്നാൽ, അവിടെ ഉയരുന്നത് അഴിമതിയുടെ ബാക്കി പത്രമായ വെറും തട്ടിക്കൂട്ടു സ്റ്റേഡിയമാണെന്നതാണ് യാഥാർഥ്യം. ഗെയിംസുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളും അഴിമതിയുടെ കാര്യത്തിൽ ഒന്നിനൊന്നു മെച്ചമാണെന്നതാണ് യാഥാർഥ്യം.

നിർമ്മാണപ്രവർത്തനങ്ങളിലെ അനാസ്ഥ

ഗെയിംസുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങളെല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. ഇക്കാര്യം പുറത്തറിയാതിരിക്കാൻ മാദ്ധ്യമപ്രവർത്തകർക്കു പോലും പ്രദേശത്തേക്ക് പ്രവേശനം നിഷേധിക്കുന്ന അവസ്ഥയാണുള്ളത്. മേനംകുളത്തെ ഗെയിംസ് വില്ലേജിലും നിർമ്മാണ പ്രവർത്തനത്തിന് ഒച്ചിന്റെ വേഗതയാണ്. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന മാദ്ധ്യമപ്രവർത്തകരോടുള്ള ജീവനക്കാരുടെ സമീപനവും മോശമായ രീതിയിലാണ്.

ഫിഫയുടെ നിലവാരത്തിലുള്ള ഫുട്ബോൾ ഗ്രൗണ്ട്, അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാവുന്ന ക്രിക്കറ്റ് പിച്ച് എന്നിവ സ്റ്റേഡിയത്തിന്റെ പ്രത്യേകതകളായി ഉയർത്തിക്കാട്ടിയിരുന്നു. ഇതിനു പുറമേ ടേബിൾ ടെന്നിസ്, ബാഡ്മിന്റൺ, ബാസ്‌കറ്റ് ബാൾ കോർട്ടുകൾ, ജിംനേഷ്യം, ഒളിമ്പിക്‌സ് നിലവാരമുള്ള സ്വിമ്മിങ് പൂൾ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ട്, 2000 കാറുകളുടെ പാർക്കിങ് ഏരിയ എന്നിവയും സ്റ്റേഡിയത്തിലുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതൊക്കെ അടുത്തൊന്നും യാഥാർഥ്യമാകാൻ ഒരു സാധ്യതയുമില്ല.

ഗെയിംസിനായിട്ട ആറ്റിങ്ങലിൽ ഇൻഡോർ സ്റ്റേഡിയം പണിതതും തഥൈവ. ദേശീയ ഗെയിംസ് അധികൃതർ ഡൽഹിയിൽ നിന്നെത്തി പരിശോധിച്ചപ്പോഴാണ് ഇതിന്റെ ഗ്യാലറിയിൽ ഇരുന്നാൽ ഗ്രൗണ്ടിൽ നടക്കുന്ന കളികാണാൻ കഴിയില്ലെന്ന് അറിയുന്നത്. കബഡിക്കും ഖൊഖൊയ്ക്കുമായി താത്കാലിക ഇൻഡോർ സ്റ്റേഡിയം വേറെ പണിയേണ്ട ഗതികേടാണിപ്പോൾ.

അത്യാധുനിക ഷൂട്ടിങ് റേഞ്ചിന്റെ കാര്യത്തിലും തീരുമാനമൊന്നുമായില്ല. വട്ടിയൂർക്കാവിൽ അത്യാധുനിക ഷൂട്ടിങ് റേഞ്ചിന്റെ നിർമ്മാണം പകുതി മാത്രമെ ആയിട്ടുള്ളൂ. റേഞ്ച് നിർമ്മിക്കാൻ 17.11 കോടി രൂപയാണത്രെ ചെലവഴിക്കുന്നത്. 140 പേർക്ക് ഒരേ സമയം മത്സരത്തിൽ പങ്കെടുക്കാവുന്ന സ്വിസ് സാങ്കേതിക വിദ്യയിലുള്ള ഡിജിറ്റൽ ടാർഗറ്റുകളാണു റേഞ്ചിൽ സ്ഥാപിക്കുമെന്നാണ് അവകാശവാദം. ഗെയിംസ് കഴിഞ്ഞാലും ഇക്കാര്യത്തിൽ ഒരു തീരുമാനമാകുമെന്നു തോന്നുന്നില്ല.

മത്സരം കഴിഞ്ഞാലും എത്താത്ത കായിക ഉപകരണങ്ങൾ; പരിശോധനയ്ക്കും അവസരമില്ല

സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിലെ അലംഭാവം പോലെ തന്നെയാണ് കായിക ഉപകരണങ്ങളുട കാര്യത്തിലും ഉള്ളത്. ഗെയിംസ് കഴിഞ്ഞാലും ഇവയൊന്നും കേരളത്തിൽ എത്തുമെന്നു തോന്നുന്നില്ല. സംഘാടകർക്ക് മാസങ്ങൾക്കു മുമ്പുതന്നെ ഉപകരണങ്ങൾ വാങ്ങാമായിരുന്നു. എന്നാൽ, അവസാനിമിഷം ധൃതിപിടിച്ച് ആഗോള ടെൻഡർ വിളിച്ചത് ചിലരുടെ പോക്കറ്റു വീർപ്പിക്കാനാണെന്ന പരാതി അധികൃതർക്കുള്ളിൽ തന്നെയുണ്ട്. 31ന് ഗെയിംസ് തുടങ്ങുമെന്നിരിക്കെ ഉപകരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. ദക്ഷിണകൊറിയയിൽ നിന്നുൾപ്പെടെ ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ കപ്പലിൽ മുംബെയിൽ എത്തുമ്പോൾ 26 കഴിയും. പിന്നെ ഇതു കേരളത്തിലെത്തിച്ച് വിവിധ സ്റ്റേഡിയങ്ങളിലേക്ക് എത്തിക്കുമ്പോഴേക്കും 31 കഴിയും. ഗുണമേന്മാ പരിശോധന ഈ ഉപകരണങ്ങളുടെ കാര്യത്തിൽ നടക്കുകയുമില്ല. ഉപകരണങ്ങളുടെ പരിശോധനകൾ നടക്കാതിരിക്കാനാണ് ഈ തന്ത്രമെന്നതു നിസംശയം പറയാനാകും.

പ്രസ് ക്ലബ്ബിലെ ലിഫ്റ്റു നിർമ്മാണത്തിന്റെ കാര്യവും അതുപോലെ തന്നെ. സർക്കാർ ഫണ്ടുകൊണ്ടു നിർമ്മിക്കുന്ന ഈ ലിഫ്റ്റിന്റെ പണി പൂർത്തിയാകുമ്പോഴേക്കും ഗെയിംസ് കഴിഞ്ഞു താരങ്ങൾ കേരളം വിട്ടിരിക്കും