ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന തുഴച്ചിൽ മൽസരങ്ങളിലും വ്യാപക അഴിമതി. മൽസര ഇനമായ കനോയിങ്, കയാക്കിങ്, റോവിങ് എന്നിവയുടെ നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയിട്ടുള്ളത്. പ്രധാന വേദിയായ വേമ്പനാട്ട് കായലിൽ വേദിയൊരുക്കുന്നതിനും മൽസര ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ചെലവിട്ട സാമ്പത്തിക ഇടപാടിലാണ് അഴിമതി നടന്നത്.

സംസ്ഥാന വിവരാകാശ ഓഫീസർ പുറത്തുവിട്ട കെ എസ് എസ് സി 2701/എ3/15/പ്രകാരമുള്ള കത്തിൽ പത്ത് കോടിയുടെ പ്രവർത്തനങ്ങൾക്ക് ടെൻഡർ നടപടികൾ പൂർത്തീകരിച്ചില്ലെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. മൽസരങ്ങളുടെ നടത്തിപ്പിനായി ടെൻഡറുകൾ സ്വീകരിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകളിൽ റോവിങ് ഉപകരണങ്ങൾ വാങ്ങുന്നതിനായി 4,18,18,047 രൂപയും കോനോയിങ് ഉപകരണങ്ങൾ വാങ്ങുന്നതിന് 1,49,76,571 രൂപയും ചെലവിട്ടിട്ടുണ്ട്.

കയാക്കിങ് നടത്തുന്നതിനായുള്ള ലേയിങ് കോഴ്സുകൾക്കായി 30 ലക്ഷവും അനുവദിച്ചിട്ടുണ്ട്. എന്നാൽ മൽസരങ്ങൾക്കായി വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ സൂക്ഷിക്കാൻ കെട്ടിയൊരുക്കിയ ഷെഡിനായി ചെലവിട്ടത് 31.5 ലക്ഷമാണ്. അമിതവിലയ്ക്കും ടെൻഡറില്ലാതെയും വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ സൂക്ഷിക്കാൻ സായ് അടക്കമുള്ള സർക്കാർ കേന്ദ്രങ്ങളുള്ള സ്ഥലത്ത് പ്രത്യേക ഷെഡ് കെട്ടിയുയർത്തിയത് അഴിമതിക്ക് വഴിയൊരുക്കി. ഷെഡ് നിർമ്മിക്കാനായി ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിൽനിന്നും പ്രത്യേക ഉത്തരവിറക്കിയിരുന്നില്ല.

എന്നാൽ മൽസര നടത്തിപ്പിനായി 'വെനു' ഒരുക്കുന്നതിനായി 11,15,000 രൂപ അനുവദിച്ചിരുന്നു. ഈ പണവും തിരിമറിച്ചതായാണ് അറിയുന്നത്. കായലിനോട് ചേർന്നുള്ള ഈ ചതുപ്പുനിലം സായിയുടെ മുഖ്യ പരിശീലനകനും മൽസരത്തിന്റെ നടത്തിപ്പുക്കാരിൽ പ്രധാനിയുമായ പിജൂഷ് ഒബ്റോയിയുടെതായിരുന്നു. ഇതാണ് വിവാദത്തിന് വഴിമരുന്നിട്ടത്. മേളയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളിൽതന്നെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് കായികതാരങ്ങളും നാട്ടുക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൽസരം നടത്താൻ ലോക പ്രശസ്ത വള്ളംകളിയായ നെഹ്രുട്രോഫി നടക്കുന്ന പുന്നമടക്കായലിനെ തഴഞ്ഞാണ് സൗകര്യങ്ങൾ അശേഷമില്ലാത്ത ആര്യാട് പഞ്ചായത്തിലേക്ക് വലിച്ചിഴച്ചത്. കായലിന്റെ പ്രാന്തപ്രദേശമായ ഇവിടെ ശരിയായ ഗതാഗത സൗകര്യംപോലും ഇല്ലായെന്നുള്ളതാണ് യാഥാർത്ഥ്യം. ഇവിടെ താരങ്ങൾക്ക് എത്താനും ഉപകരണങ്ങൾ എത്തിക്കാനുമായി ചെലവിട്ടത് കോടികളാണ്.

ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ മറവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ റോഡ് വെട്ടിയാണ് സംഘാടകർ കോടികളുടെ തിരിമറി നടത്തിയത്. ടൂറിസം മേഖലയായ ഇവിടെ ഗതാഗത സൗകര്യം ഉണ്ടായാൽ ഭൂമി വില ഉയരുമെന്ന ചിന്തയാണ് പുതിയ റോഡു വെട്ടാൻ ഇടയാക്കിയത്. സംഘാടകരിൽ ചിലർക്ക് ഈ പ്രദേശത്ത് ഏക്കറുകളോളം ഭൂമിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മൽസര വേദിയിൽ വേലിയേറ്റവും ഇറക്കവും രൂപപ്പെട്ടാൽ പായൽ അടിയുന്നത് തടയാൻ ചെലവിട്ടത് 16 ലക്ഷം.ഏകദേശം 2.5 കിലോമീറ്റർ ദുരത്തിൽ കമ്പി വളച്ചുക്കെട്ടുന്നതിനാണ് ഈ തുക ചെലവിട്ടിട്ടുള്ളത്.അതേസമയം ജലകായിക മൽസരങ്ങൾ നടത്തിപ്പുമായി ബന്ധപ്പെട്ട തരംതിരിച്ചുള്ള കണക്ക് ഇതുവരെയും സർക്കാരിന് ലഭിച്ചിട്ടില്ല. ഏത്രത്തോളം തുക വിനിയോഗിച്ചുവെന്ന കണക്കും ലഭ്യമല്ലെന്നും വിവരാവകാശരേഖകളിൽ പറയുന്നു.അതേസമയം താരങ്ങൾക്ക് പാർപ്പിട സൗകര്യമൊരുക്കുന്നതിലും ഭക്ഷണമൊരുക്കുന്നതിലും അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

അന്യസംസ്ഥാന താരങ്ങളെ കുട്ടനാട്ടിലെ ഹോം സ്റ്റേകളിൽ പാർപ്പിച്ചശേഷം സ്റ്റാർ ഹോട്ടലുകളുടെ നിരക്ക് കണക്കിൽ ഉൾപ്പെടുത്തിയെന്ന് താരങ്ങൾ തന്നെ ആരോപിച്ചിരുന്നു. എ.സി കൾ മോഷണം പോയപോലെ തന്നെ തുഴച്ചിൽ മൽസരങ്ങളുടെ നടത്തിപ്പിനായി വാങ്ങിക്കൂട്ടിയ ഉപകരണങ്ങളും ഇവിടെനിന്നും അപ്രത്യക്ഷമായെന്നാണ് അറിയുന്നത്. മാത്രമല്ല ദേശീയ ഗെയിംസിനുശേഷം സായ് നീന്തൽ പരിശീലകൻ സ്ഥലംമാറ്റം ചോദിച്ച് വാങ്ങി സ്ഥലം വിട്ടത് സംശങ്ങൾക്ക് കൂടുതൽ ആക്കംക്കൂട്ടിയിട്ടുണ്ട്.