കൊച്ചി: ദേശീയ ഗെയിംസിൽ ടേബിൾ ടെന്നീസിൽ കേരളത്തിന് വെങ്കലം. ടേബിൾ ടെന്നീസ് വനിതകളുടെ ഡബിൾസിൽ മരിയ റോണി-സേറ ജേക്കബ് സഖ്യമാണ് വെങ്കലം നേടിയത്. സെമിഫൈനലിൽ ഡൽഹിയോടാണ് കേരളം തോറ്റത്. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് കേരളം ടേബിൾ ടെന്നീസിൽ മെഡൽ നേടുന്നത്. മറ്റൊരു സെമിയിൽ പശ്ചിമ ബംഗാൾ മഹാരാഷ്ട്രയെ 3-1ന് തോൽപിച്ചു.

രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കേരളത്തിന്റെ മരിയാ റോണി, സേറാ ജേക്കബ് സംഖ്യം ക്വാർട്ടറിൽ ബംഗാളിനെ തോൽപിച്ചാണ് സെമിയിൽ കടന്നത്.

ബംഗാളിന്റെ ടോപ് സീഡ് ബോമാ ദാസ്, പല്ലവി സഖ്യത്തെ കടുത്ത പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് കേരള വനിതകൾ സെമിയിൽ പ്രവേശിച്ചത്. ആദ്യം ഗെയിം കേരള വനിതകൾ ജയിച്ചപ്പോൾ രണ്ടും മൂന്നും ഗെയിമുകൾ നേടി ബംഗാൾ മൽസരത്തിൽ പിടിമുറുക്കി. വാശിയേറിയ മൽസരം നടന്ന നാലാം ഗെയിമിൽ പൊരുതിജയിച്ച മരിയയും, സേറയും തിരിച്ചുവന്നു.

നിർണായകമായ അഞ്ചാം ഗെയിമിൽ ബംഗാളിന്റെ പിഴവുകൾ കൂടി മുതലാക്കിയ കേരളത്തിന്റെ പെൺകുട്ടികൾ 11-9 ന് ജയിച്ച് സെമിയിൽ കടന്ന് മെഡലുറപ്പിച്ചു. ബംഗാളിനെ തോൽപിക്കാനായത് ആത്മവിശ്വാസമുയർത്തിയെന്ന് മൽസര ശേഷം ഇരുവരും പറഞ്ഞു.