- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസ്: വെളിവാകുന്നത് മാദ്ധ്യമ മാഫിയയുടെ ഭീകര രൂപം! മനോരമക്കും മോഹൻലാലിനുമൊക്കെ വെറുതെ കോടികൾ കൊടുത്തോളൂ; പക്ഷേ ഞങ്ങൾക്കും കിട്ടണം പണം, ഇല്ലെങ്കിൽ ഞങ്ങൾ എഴുതി നാറ്റിക്കും!
മലബാറിലൊക്കെ നന്നായി ഉപയോഗിക്കുന്ന 'എരപ്പത്തരം' എന്ന സമാനതകളില്ലാത്തതും ഒന്നാന്തരമൊരു വാക്കിന്റെ ഇംഗ്ലീഷ് തർജ്ജമയെന്താണെന്ന് ഒരു സി.ബി.എസ്.ഇ അദ്ധ്യാപകൻ ഈയിടെ ചോദിച്ചിരുന്നു. സി.ബി.എസ്.ഇ സ്‌കൂളുകൾ വ്യാപകമാവുകയും കുട്ടികൾക്ക് മലയാളത്തേക്കാൾ ആംഗലേയം സുപരിചിതമാവുകും ചെയ്യുന്ന ഇക്കാലത്ത്, നല്ല മലയാളവാക്കുകളുടെ ഇംഗ്ലീഷ് തർജ്ജമയെ
മലബാറിലൊക്കെ നന്നായി ഉപയോഗിക്കുന്ന 'എരപ്പത്തരം' എന്ന സമാനതകളില്ലാത്തതും ഒന്നാന്തരമൊരു വാക്കിന്റെ ഇംഗ്ലീഷ് തർജ്ജമയെന്താണെന്ന് ഒരു സി.ബി.എസ്.ഇ അദ്ധ്യാപകൻ ഈയിടെ ചോദിച്ചിരുന്നു. സി.ബി.എസ്.ഇ സ്‌കൂളുകൾ വ്യാപകമാവുകയും കുട്ടികൾക്ക് മലയാളത്തേക്കാൾ ആംഗലേയം സുപരിചിതമാവുകും ചെയ്യുന്ന ഇക്കാലത്ത്, നല്ല മലയാളവാക്കുകളുടെ ഇംഗ്ലീഷ് തർജ്ജമയെന്തന്നതാണ് അദ്ധ്യാപകരെ കുഴക്കുന്നത്. (ഒരു കുട്ടിയുടെ സംശയമാണത്ര. ഇംഗ്ലീഷ് തെറികൾ ആവശ്യത്തിന് അറിയാവുന്ന കുട്ടികൾ ഇതൊന്നും കേട്ടിട്ടില്ല) അന്ന് കൃത്യമായൊന്നും പറഞ്ഞ് കൊടുക്കാനായില്ല. പക്ഷേ ഇന്ന് എരപ്പത്തരം എന്താണെന്നും ആരെയാണ് എരപ്പാളികൾ എന്ന് വിളിക്കേണ്ടതെന്നും കൃത്യമായി ചൂണ്ടിക്കാണിച്ചുകൊടുക്കാമായിരുന്നു. നമ്മുടെ ദേശീയ ഗെയിംസിനോടുള്ള മാദ്ധ്യമങ്ങളുടെ രീതിതന്നെ! ഞങ്ങൾക്ക് പരസ്യം കിട്ടിയില്ലെങ്കിൽ എഴുതി ഞങ്ങൾ നാറ്റിക്കും. കിട്ടിയാൽ അഴിമതി മൂടിവെക്കും.
അഞ്ചുനയാപ്പൈസ മുടക്കാതെ നടത്താൻ കഴിയുമായിരുന്ന കൂട്ടയോട്ടത്തിന് മനോരമക്ക് പത്തുകോടി സർക്കാർ നൽകിയതോടെയാണ് മറ്റ് മാദ്ധ്യമങ്ങൾ ഇടഞ്ഞത്. നോക്കുക, ആ ദിനങ്ങളിലെ വാർത്തകളിലെ മലവെള്ളപ്പാച്ചിലിൽ ദേശീയഗെയിംസ് മാറ്റിവെക്കും എന്നുവരെ തോന്നിപ്പോയി. സകലതിലും അഴിമതിയും കെടുകാര്യസ്ഥതയും. ഇപ്പോഴിതാ എല്ലാവർക്കും പരസ്യം വാരിക്കോരി നൽകാൻ തീരുമാനിച്ച്, ഒരു സിനിമയിൽ നമ്മുടെ ജനാർദ്ദനൻചേട്ടൻ പറഞ്ഞപോലെ, എല്ലാം 'കോംപ്‌ളിമെൻസാക്കുകയാണ്'. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
അഴിമതിയുടെ പേരിലായിരിക്കില്ല, ഈ ദേശീയ ഗെയിംസ് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുക. കേരളത്തിന്റെ മലീമസമായിക്കൊണ്ടിരിക്കുന്ന മാദ്ധ്യമ മാഫിയയുടെ സ്മാരകമായിരിക്കും അത്. എരപ്പത്തരത്തിന്റെ ജീവിച്ചിരിക്കുന്ന രൂപം. പരസ്യം കിട്ടിത്തുടങ്ങുകയും മുഖ്യമന്ത്രിയും കായികമന്ത്രിയും നേരിട്ട് ആശ്വസിപ്പിക്കയും ചെയ്തതോടെ ദേശീയ ഗെയിംസിന്റെ പി.ആർ വർക്കും ചില മാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തീർച്ചയായും കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിനെ മാദ്ധ്യമങ്ങളും പോസറ്റീവായി തന്നെയാണ് കാണേണ്ടത്. പക്ഷേ എന്നുവച്ച് അഴിമതിയും, സ്വജനപക്ഷപാതിത്വവും, താന്തോന്നിത്തവും, കണ്ട് കൈയും കെട്ടി നിൽക്കണമെന്നാണോ. ഗെയിംസിന് മൂന്നുദിവസം മുമ്പുവരെയും സ്റ്റേഡിയങ്ങൾ സജ്ജമായിട്ടില്ല എന്ന വാർത്ത പ്രാധാന്യം കുറയുന്നത് ഏത് ജേർണലിസം നിയമം അനുസരിച്ചാണ്.
ഇപ്പോഴിതാ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ സംഗീത ബാൻഡിന് രണ്ടുകോടി രൂപയാണ് ഗെയിംസ് ഫണ്ടിൽനിന്ന് അനുവദിച്ചത്. ഒരു സ്റ്റേജിലും പരിപാടി അവതരിപ്പ് മുൻപരിചയമില്ലാത്ത ബാൻഡാണിതെന്ന് ഓർക്കണം. (ഇവരുടെ പുതിയ പാട്ടൊന്ന് കേട്ടുനോക്കണം. കഴുതരാഗത്തിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയിരക്കുന്നു. പെറ്റ തള്ള പൊറുക്കില്ല) തീർച്ചയായയും ലാലിനെപ്പോലൊരു നടന്റെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും. പക്ഷേ കൂട്ടയോട്ടത്തിനായി സച്ചിനെപ്പോലൊരാൾ യാതൊരു പ്രതിഫലം കൂടാതെ വന്നപ്പോഴാണ്, കേരളത്തിൽ നടക്കുന്ന ഗെയിംസിന് ലാൽ രണ്ടുകോടി വാങ്ങുന്നത് എന്ന് ഓർക്കണം. ഈ അനൗചിത്യം ഓൺലൈൻ മാദ്ധ്യമങ്ങളിലും ഫേസ്‌ബുക്കിലുമൊക്കെയാണ് ചർച്ചയായത്. പതിവുപോലെ നമ്മുടെ പത്രങ്ങളും ചാനലുകളും ഈ വാർത്ത മുക്കി. സംവിധായകൻ വിനയൻ ഇതിനെ രൂക്ഷമായി വിമർശിച്ച് ഫേസ്‌ബുക്ക് പോസിറ്റിട്ടതും ആർക്കും വാർത്തയായില്ല. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാവലി.[BLURB#1-H] കാശും കള്ളുമുണ്ടെങ്കിൽ ആർക്കും മീഡിയാ സൗഹൃദമുണ്ടാക്കാം!
ഇത് കേരളത്തിൽ മുതൽ മുടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ബിസിനസുകാരനും തട്ടിപ്പുകാരനുമൊക്കെ ഓർത്തുവെക്കേണ്ടത് ഇതാണ്. കേരളത്തിൽ എന്തു തരികിട കളിക്കയാണെങ്കിലും നിങ്ങൾ ആദ്യം പരസ്യങ്ങൾ വാരിക്കോരി കൊടുത്ത് മീഡിയാ ഫ്രൻഡ്‌ലിയാവണം. പിന്നെ നിങ്ങളെ ആരു തൊടില്ല. മാദ്ധ്യമ സാക്ഷരത അത്രയധികമുള്ള നാടാണിത്. സോളർ തട്ടിപ്പുകാർക്കൊക്കെ പറ്റിപ്പോയത് അവർ ആർക്കും പരസ്യം കൊടുത്തില്ല എന്നതാണ്.
ദേശീയഗെയിംസിൽ ഉമ്മൻ ചാണ്ടിക്കു പറ്റിയപോലെ ഒരു പത്രത്തിനോ ചാനലിനൊ മാത്രമായി പരസ്യം കൊടുക്കരുത്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കടന്നൽക്കൂടുപോലെ മറ്റുള്ളവർ ഇളകും. അതിനാൽ തീപ്പന്തമെന്നും, തീക്കനലെന്നുമൊക്കെപേരുള്ള സകല ഉച്ചപത്രങ്ങൾക്കുപോലെ ആനുപാതികമായി പരസ്യം കൊടുത്തേക്കണം. ഇനി ബിസിനിസ് പത്രസമ്മേളനം എന്ന പേരിൽ ഒരു മദ്യപാന സദസ്സ് മാദ്ധ്യമപ്രവർത്തകർക്കായി ഒരുക്കിയാൽമതി, അവർ നിങ്ങളുടെ വിശ്വസ്ത സുഹൃത്തുക്കളായി മാറുന്നതും കാണാം. (ശമ്പളം മാസങ്ങളായി മുടങ്ങി ഭക്ഷണത്തിനുപോലും വകുപ്പില്ലാഞ്ഞിട്ടും ചില ചാനലുകളിലെ യുവ റിപ്പോർട്ടർമാരാണ് ഇത്തരം പാർട്ടികൾ ബഹിഷ്‌ക്കരിക്കാറ്. യുജിസി സ്‌കെയിലുപോലെ കനത്ത ശമ്പളം വാങ്ങി 'രാഷ്ട്രീയ നിരീക്ഷണവുമായി' നടക്കുന്ന മുതിർന്ന മാദ്ധ്യമ ശിങ്കങ്ങൾ തിമർത്ത് കുടിച്ചും ഛർദിച്ചും പെടുത്തും അലമ്പാക്കിയാണ് ഇത്തരം വാർത്താസമ്മേളനങ്ങളിൽനിന്ന് വിരമിക്കുക) ഭക്ഷണവും മദ്യസേവയും കഴിഞ്ഞ് ചില ഗിഫ്റ്റുകളും ശിങ്കങ്ങളുടെ പൊണ്ടാട്ടിമാർക്ക് സമ്മാനക്കൂപ്പണുകളും വിതരണംചെയ്തുകഴിഞ്ഞാൽ ഭേഷായി. ഒട്ടും അതിശയോക്തി കലർത്തിയിട്ടില്ല. ചിലർ ഈ രീതി കഴിഞ്ഞ കുറെക്കാലമായി കേരളത്തിൽ വ്യക്തമായി നടപ്പാക്കി വരികയാണ്.[BLURB#2-VL] മറക്കരുത്, ബോബിചെമ്മണ്ണൂരിന്റെ കൂട്ടയോട്ടം
കേരളത്തിൽ ഇപ്പോൾ കൂട്ടയോട്ടത്തിന്റെ സീസനാണല്ലോ (മാണിസാറിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടയോട്ടം ആവാമായിരുന്നു!) ഒരു കൂട്ടയോട്ടം വിജയിപ്പിക്കാൻ മനോരമക്ക് പത്തുകോടി കൊടുക്കേണ്ടതിന്റെ ആവശ്യമൊന്നുമില്ലെന്ന് നമ്മുടെ ബോബി ചെമ്മണ്ണൂർ എന്ന ലോകത്തിലെ ഏറ്റവും വലിയ സ്വയംപ്രഖ്യാപിത മനുഷ്യസ്‌നേഹി കഴിഞ്ഞവർഷം തെളിയിച്ചതാണ്. ബോബി വൻതോതിൽ പരസ്യം
നൽകിയതോടെ മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചു. സച്ചിൻപോയിട്ട് ശ്രീശാന്ത് പോലും ഇല്ലാഞ്ഞിട്ടും ചെമ്മണ്ണൂരിന്റെ ഓട്ടം ഹിറ്റായി. രക്തബാങ്ക് തുടങ്ങേണ്ടത് സ്വകാര്യമേഖലയിൽ അല്ലെന്നും ഇത്തരം പ്രാഞ്ചിയേട്ടൻ കളികൾ നിരോധിക്കണമെന്നും പറയാൻ ആർക്കും ധൈര്യമില്ലാതെപോയി. ചിക്കൻബിരിയാണിയും ക്വാർട്ടർ റമ്മും 500 രൂപയുമുണ്ടെങ്കിൽ അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കി സമ്മേളനങ്ങൾ വിജയിപ്പിച്ചു തരാൻ ടീമുള്ള നാടണ് കേരളം. എന്നാൽ നമ്മുടെ സ്‌കൂൾ കുട്ടികളും യുവാക്കളുമൊക്കെ ഈ രീതിയിൽ അധ:പ്പതിച്ചതായി ചെമ്മണ്ണൂരിന്റെ കൂട്ടയോട്ടകാലത്താണ് മനസ്സിലായത്. ഒരു ടീ ഷർട്ടിനും മൃഷ്ടാന്നഭോജനത്തിനും പോക്കറ്റ്മണിക്കുമായി അവരും ഓടി!
സത്യം പറഞ്ഞാൽ ചെമ്മണ്ണൂരിന്റെ ഓട്ടത്തിന്റെ അത്ര ഗെയിംസ് ഓട്ടത്തെ വിജയിപ്പിക്കാൻ മനോരമക്ക് ആയിട്ടില്ല. എല്ലാ പത്രങ്ങളിലും ഒന്നാംപേജിൽ വരേണ്ട പടം കൊതിക്കെറുവുമൂലം ചില പത്രങ്ങളൊക്കെ അകത്തേക്ക് മാറ്റി. ചാനലുകളുടെ സ്ഥിതിയും അതുതന്നെ. മനോരമയെ ഇതിൽ കൂട്ടിത്തൊടുവിച്ചില്ലായിരുന്നെങ്കിൽ സച്ചിൻ പങ്കെടുത്ത ഈ ഓട്ടത്തിന് എത്രയോ വലിയ കവറേജ് കിട്ടുമായിരുന്നു. മാദ്ധ്യമലോകത്തു നിന്ന് തങ്ങളുടെ മണ്ണൊഴുകിപ്പോവുന്നത് പത്ര മുത്തശ്ശി അറിയുന്നില്ല. ചെമ്മണ്ണൂരിലേക്ക് തിരകെയത്തൊം. എന്നിട്ട് കൊട്ടിഘോഷിച്ച ഓടിയ രക്തബാങ്ക് ഇപ്പോൾ എന്തായി. ഒരു മാദ്ധ്യമവും അത് അന്വേഷിക്കുന്നില്ല. അവർക്ക് പരസ്യം മതി.
ചർച്ചയാവാതെ, മലബാർഗോൾഡ് കൊടുത്ത 19 കോടി
മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിൽ മലബാർഗോൾഡ് ജൂവലറി ഗ്രൂപ്പിന്റെ ആഭരണ നിർമ്മാണ ശാലക്കെതിരെ നാട്ടുകാർ നടത്തുന്ന സമരം ഈ ടിഷ്യൂപേപ്പറുകളിൽ വാർത്തയകാത്തതിന്റെ കാരണവും മറ്റൊന്നുമല്ല. ഇപ്പോഴിതാ സമരക്കാർക്ക് സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും മറ്റും വാർത്തകൾ ചമച്ചുകൊണ്ട് കേരള കൗമുദിപോലൊരു പത്രം രംഗത്തിറങ്ങിയിരിക്കയാണ്. കാശ് കിട്ടേണ്ടപൊലെ ചെന്നാൽ ഏത് സ്വദേശാഭിമാനിയും പാപ്പരാസിയായിപ്പോവും. അതാണ് കാലം. ഈയിടെ സമര സമിതി നേതാക്കൾ ഒരുമറുചോദ്യം ചോദിച്ചു. ബിജുരമേശുമായുള്ള സംഭാഷണത്തിൽ ബാലകൃഷ്ണപ്പിള്ള പറയുന്നുണ്ടല്ലോ, ജൂവലറിക്കാർക്കുവേണ്ടി മലബാർഗോൾഡു വഴി 19 കോടി മാണിക്ക് കിട്ടിയെന്ന്. എന്തുകൊണ്ടാണ് അക്കാര്യം മാത്രം ചാനലുകളിൽ ചർച്ചയാവാത്തത്. പണത്തിനുമീതെ പരുന്തും പറക്കില്ലെന്നതിന് ഇനിയും തെളിവുകൾ വേണോ?[BLURB#3-H] ബോബിയും മലബാറും മാത്രമല്ല, എം.എ യൂസഫലിയും ഗൾഫാർ മുഹമ്മദലിയും തൊട്ടുള്ള പരസ്യം തരാൻ കെൽപ്പുള്ള വൻതോക്കുകൾക്കെതിരെ നമ്മുടെ മാദ്ധ്യമങ്ങൾ ഒന്നും കൊടുക്കാറില്ലെന്ന് ആർക്കാണ് അറിയാത്തത്. ബീനാകണ്ണന്റെ സ്ഥലം കൊച്ചിമേട്രോക്ക് ഏറ്റെടുക്കുന്ന കാര്യത്തിൽ പോലും നമ്മുടെ മാദ്ധ്യമങ്ങൾ കാണിച്ച വിധേയത്വം ഓർക്കുക. സത്യത്തിൽ ദേശീയഗെയിംസിന്റെ ഔദ്യോഗിക പ്രായോജകരായി ഇവരെയൊക്കെ തിരഞ്ഞെടുക്കുകയായിരുന്നെങ്കിൽ ഒരൊറ്റ നെഗറ്റീവ് വാർത്തപോലും ഉണ്ടാവുമായിരുന്നില്ല. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരുമൊക്കെ ഇനി നടപ്പാക്കാൻ പോവുന്നതും ഇതേ തന്ത്രമായിരിക്കും.
വാൽക്കഷ്ണം: പത്രങ്ങളും ചാനലുകളും മുക്കുന്ന വാർത്തകൾ കൊടുന്നതുകൊണ്ടാവണം സോഷ്യൽമാദ്ധ്യമങ്ങളെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും നിയന്ത്രിക്കണമെന്ന കാര്യം വരുമ്പോഴെക്കും നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങൾ ചാടി വീഴുന്നതുകാണാം. പട്ടിയങ്ങോട്ട് പുല്ലുതിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കയുമില്ല. കലികാലം അല്ലാതെ എന്തുപറയാൻ.