തിരുവനന്തപുരം: കേരളം ആതിഥ്യം അരുളുന്ന ദേശീയ ഗെയിംസിന്റെ മുന്നോടിയായി നടക്കുന്ന കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും എത്തും. റൺ കേരളാ റൺ എന്ന് പേരിട്ടിരിക്കുന്ന കൂട്ടയോട്ടത്തിൽ പങ്കെടുക്കാനാണ് സച്ചിനെത്തുക. ദേശീയ ഗെയിംസിന്റെ ബ്രാൻഡ് അംബാസിഡറാണ് സച്ചിൻ. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് കേരളം ദേശീയ ഗെയിംസിന് സാക്ഷിയാകുക. ഉദ്ഘാടന ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ സമാപനത്തി എത്തുന്നത് രാഷ്ട്രപതി പ്രണബ് മുഖർജിയാണ്. ദേശീയ ഗെയിംസിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ ഗെയിംസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനമൊന്നാകെ ജനുവരി മൂന്നാം വാരത്തിൽ സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിലാമ് സച്ചിൻ ടെണ്ടുകൽക്കർ എത്തുക. ജനുവരി 20,21,22 തീയതികളിലൊന്ന് തെരഞ്ഞെടുക്കണമെന്നാണ് സച്ചിനോട് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിട്ടുള്ളതെന്നും എന്നാൽ അദ്ദേഹത്തിന്റെ സമയം കൂടി നോക്കി മാത്രമേ തീയതി തീരുമാനിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും അർജുന അവാർഡ് ജേതാക്കൾ, ചലച്ചിത്ര താരങ്ങൾ, സാംസ്‌ക്കാരിക നായകന്മാർ, രാഷ്ട്രീയ നേതാക്കൾ, വിദ്യാർത്ഥികൾ , റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, എൻസിസി, പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് , വ്യാപാര സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ എന്നിവ ഉൾപ്പെടെ കൂട്ടയോട്ടത്തിൽ പങ്കെടുക്കും.

വൈകുന്നേരം മൂന്നു മുതൽ നാലു വരെയുള്ള ഒരു മണിക്കൂറാണ് കൂട്ടയോട്ടത്തിനായി തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളുമുൾപ്പെടെ ഗതാഗതം നിർത്തി വയ്ക്കണമെന്ന് നിർദ്ദേശം നൽകാൻ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഏവരുടെയും സഹകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കൂട്ടയോട്ടത്തിന്റെ വിജയത്തിനായി എല്ലാ ജില്ലകളിലും സംവിധാനമൊരുക്കും. ജനപ്രതിനിധികളുൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളാകും. ഓരോ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന കൂട്ടയോട്ടത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് എല്ലാ ജില്ലകളിലും ആറാം തീയതി കളക്ടർമാർ ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

എംപിമാർ, എംഎൽഎമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ മുതലായവർ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 20ാം തീയതിക്കു മുമ്പ് വിദ്യാഭ്യാസം, പഞ്ചായത്ത്, ആഭ്യന്തരം, ഗ്രാമ വികസനമുൾപ്പെടെയുള്ള വകുപ്പുകളുടെ ജില്ലാതല യോഗവും വിളിക്കും. കൂട്ടയോട്ടം ഏകോപിപ്പിക്കുന്നതിനായി കൺട്രോൾ റൂം ആരംഭിക്കും. എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്നതിനായി പാറശാല മുതൽ മഞ്ചേശ്വരം വരെ 7000 കേന്ദ്രങ്ങളിലായാണ് 200 മീറ്റർ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിലും ശരാശരി 500 കേന്ദ്രങ്ങളും ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഏഴു പോയിന്റുകളുമുണ്ടാകും.

ആകർഷകമായ രീതിയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നവർക്ക് ജില്ലാ തലത്തിൽ പുരസ്‌ക്കാരം നൽകും. ഡിസംബർ 15നും 20ാം തീയതിക്കുമുള്ളിൽ ഒൻപത് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനുവരി പത്താം തീയതിയോടെ പരിശോധനകൾക്കായി എത്തുന്ന സാഹചര്യത്തിൽ അതിനു മുമ്പ് സ്റ്റേഡിയങ്ങളുടെ പണികളെല്ലാം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.