- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന കരാർ, ദിവസ വേതനക്കാർക്ക് പ്രഖ്യാപിച്ച റിസ്ക് അലവൻസും ഇൻസെന്റീവും മുടങ്ങി എൻ എച്ച് എം ജീവനക്കാർക്ക് ആനുകൂല്യം കിട്ടാതായിട്ട് അഞ്ചു മാസം; കൊട്ടിഘോഷിച്ച് നടത്തിയ ഒരു പ്രഖ്യാപനം കൂടി പാഴ് വാക്കാവുന്നു
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന കരാർ, ദിവസ വേതനക്കാർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മുടങ്ങിയിട്ട് അഞ്ചു മാസം. നാഷണൽ ഹെൽത്ത് മിഷന് (എൻ എച്ച് എം) കീഴിലെ ജീവനക്കാർക്കാണ് അഞ്ചു മാസമായി റിസ്ക്ക് അലവൻസും ഇൻസെന്റീവും ലഭിക്കാതായിട്ട്. കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ നിയമിതരായവർക്ക് സെപ്റ്റംബറിന് ശേഷം ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനം നടത്താൻ എൻ എച്ച് എമ്മിന് കീഴിൽ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് ഇൻസെന്റീവും റിസ്ക്ക് അലവൻസും അടക്കമുള്ള ആനുകൂല്യങ്ങൾ കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ദിവസ വേതനത്തിന് പുറമെ 30 ശത്മാനം റിസ്ക്ക് അലവൻസ് നൽകുമെന്നായിരുന്നു പ്രഖ്യാപനം.
ശുചീകരണ തൊഴിലാളികൾ, കെയർ ടേക്കർ, നഴ്സുമാർ, ഡോക്ടർമാർ തുടങ്ങി മുന്നൂറോളം ജീവനക്കാർ എൻ എച്ച് എമ്മിന് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ മാത്രം ജോലി ചെയ്യുന്നുണ്ട്. ശുചീകരണ തൊഴിലാളികൾക്ക് കോവിഡ് കാലത്ത് പ്രഖ്യാപിച്ച റിസ്ക് അലവൻസ് ഉൾപ്പെടെ ദിവസം 858 രൂപ വേതനം നൽകുമെന്നാണ് അറിയിച്ചതെങ്കിലും രണ്ടുമാസം മാത്രമാണ് ലഭിച്ചത്. നിത്യക്കൂലിയായി 450 രൂപ മാത്രമാണിപ്പോൾ ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച ഒരറിയിപ്പും വന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.
കോവിഡ് വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന എൻ എച്ച് എമ്മിലെ 65- ഓളം നഴ്സിങ് സ്റ്റാഫിന് റിസ്ക് അലവൻസായി അനുനുവദിച്ച 7250 രൂപ ലഭിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. മെഡിക്കൽ ഓഫീസർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ളവർക്കെല്ലാം 20 മുതൽ 30 ശതമാനംവരെ റിസ്ക് അലവൻസും ഇൻസെന്റീവും അനുവദിച്ചുകൊണ്ടുള്ളതാണ് സർക്കാർ ഉത്തരവ്. ഇതിന് 16 കോടി അനുവദിച്ചതായി സംസ്ഥാന ഹെൽത്ത് മിഷൻ അറിയിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഫണ്ട് ലഭിക്കാത്തതിനാലാണ് റിസ്ക് ലവൻസും ഇൻസെന്റീവും നൽകാത്തതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ഇതോടെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളെജുകളിലും ജില്ലാ ആശുപത്രികളിലും കോവിഡ് ട്രീറ്റ്മെനു്റ് സെന്ററുകളിലും നാഷണൽ ഹെൽത്ത് മിഷന് കീഴിൽ നിയമിക്കപ്പെട്ട ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരും ആരോഗ്യേതര ജീവനക്കാരുമാണ് ദുരിതത്തിലായത്. കേന്ദ്ര സർക്കാറിന്റെ എൻ എച്ച് എം ഫണ്ട് യഥാസമയം സംസ്ഥാന സർക്കാർ കൈപ്പറ്റിയിട്ടും ജീവനക്കാർക്ക് മാസങ്ങളായി അലവൻസ് നൽകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഡോക്ടർമാർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതിനാൽ ബുദ്ധിമുട്ടുണ്ടാവില്ലെങ്കിലും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന നഴ്സിങ് അസിസ്റ്റന്റുമാരുൾപ്പെടെയുള്ളവരാണ് ദുരിതത്തിലായത്. താത്ക്കാലികമായി നിയമനം ലഭിച്ച ഇവരെല്ലാം കോവിഡ് കാലത്ത് വലിയ പ്രയാസങ്ങൾ സഹിച്ചാണ് ജോലി ചെയ്യുന്നത്. പി പി ഇ കിറ്റ് ധരിച്ച് തുടർച്ചയായി ജോലി ചെയ്യുന്നതുമൂലം വലിയ ആരോഗ്യപ്രശ്നങ്ങൾ ജീവനക്കാർക്ക് ഉണ്ടാവുന്നുണ്ട്. അതെല്ലാം സഹിച്ച് കോവിഡ് രോഗികളെ നോക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരോട് സർക്കാർ ഇത്തരത്തിൽ പെരുമാറുന്നതിൽ ജീവനക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഇതേ സമയം കോവിഡ് കാലത്ത് പിരിട്ടുവിട്ട കോഴിക്കോട് മെഡിക്കൽ കോളെജ് ശുചീകരണ തൊഴിലാളികളുടെ സമരം 110 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 39 ഓളം ദലിത്, വിധവകൾ ഉൾപ്പെടെയുള്ള ശുചീകരണ തൊഴിലാളികളാണ് സമരവുമായി മുന്നോട്ട് പോകുന്നത്. കലക്ടർ ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മെഡിക്കൽ കോളെജ് അധികൃതർ അതനുസരിക്കാതെ തങ്ങളെ ദ്രോഹിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.