ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കും വൻ തിരിച്ചടി. ഇരുവർക്കുമെതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഇവരുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എന്ന കമ്പനിക്കെതിരെയാണ് കേസ്.

ജവാഹർലാൽ നെഹ്രു 1937ൽ സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് സുബ്രഹ്മണ്യം സ്വാമിയാണ് പരാതി നൽകിയത്.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു ഉപകമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്.

സോണിയാഗാന്ധിക്കും രാഹുലിനും പുറമെ കേസിൽ മോത്തിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോഡ എന്നിവരും പ്രതികളാണ്. അതേസമയം പ്രശ്നവുമായി ബന്ധമില്ലാത്ത സ്വാമിക്കു കേസ് നൽകാൻ അവകാശമില്ലെന്നാണു കോൺഗ്രസ് നിലപാട്.