- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതയിൽ കുഴിയടച്ചതിൽ തട്ടിപ്പ്; വേണ്ടത്ര യന്ത്രങ്ങളോ ജോലിക്കാരോ കരാർ കമ്പനിക്കില്ല; നിലവിലെ സാഹചര്യം ഹൈക്കോടതിയെ അറിയിക്കും; കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ ആവശ്യപ്പെടുമെന്ന് കലക്ടർ
തൃശൂർ: ദേശീയപാതയിൽ പുതുക്കാടിനു സമീപം കുഴിയടച്ചതിലും തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇടപെട്ട് തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ. കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ ആവശ്യപ്പെടുമെന്ന് കലക്ടർ വ്യക്തമാക്കി.
കരാറെടുത്ത കമ്പനിക്ക് ഉപകരണങ്ങളോ തൊഴിലാളികളോ ഇല്ല. മേൽനോട്ടമില്ലാതെയാണ് കുഴിയടയ്ക്കൽ നടന്നത്. ഇതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി റിപ്പോർട്ട് ലഭിച്ചശേഷം ഹൈക്കോടതിയെ വിവരമറിയിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
അതേസമയം, റോഡ് സഞ്ചാരയോഗ്യമാക്കുന്നതുവരെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യത്തെക്കുറിച്ചും കലക്ടർ പ്രതികരിച്ചു. ടോൾ പിരിവ് നിർത്തുന്നതിൽ എന്തു ചെയ്യാനാകുമെന്ന് നിയമോപദേശം തേടുമെന്ന് കലക്ടർ അറിയിച്ചു.
ഇടപ്പള്ളി മണ്ണൂത്തി-ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ എറണാകുളം കലക്ടർമാർ പരിശോധിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തൃശൂർ കലക്ടർ ഹരിത വി കുമാർ സന്ദർശനം നടത്തിയത്. ദേശീയ പാതയിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ ക്രമക്കേടുണ്ടെന്ന് കലക്ടർ പറഞ്ഞു.
റോഡ് റോളർ ഉപയോഗിക്കാതെ ടാറും മെറ്റലുമിട്ട് കരാർ കമ്പനി കുഴിയടച്ചത് വിവാദമായ സാഹചര്യത്തിലാണ് കലക്ടറുടെ ഇടപെടൽ. 48 മണിക്കൂറിനുള്ളിൽ എല്ലാ കുഴിയും അടയ്ക്കുമെന്നായിരുന്നു ദേശീയ പാതാ അധികൃതരുടെ വാഗ്ദാനം. കുഴിയടച്ചെങ്കിലും ഒറ്റ മഴയിൽ കുഴിയിലെ ടാറിങ് ഒലിച്ചു പോകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. ടാർ മിശ്രിതം കുഴിയിലിട്ട് ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചായിരുന്നു ഉറപ്പിക്കൽ. റോഡ് റോളർ ഉപയോഗിച്ചതേയില്ല.
ഇത് അശാസ്ത്രീയമായ കുഴിയടയ്ക്കലാണെന്ന് പിഡബ്ലുഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം കുഴിയടയ്ക്കൽ നിരീക്ഷിക്കാൻ ജില്ലാ ഭരണകൂടത്തെ നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ എത്തിയത്. ശാസ്ത്രീയമായി കുഴിയടയ്ക്കാൻ കമ്പനിക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ദേവരാമചന്ദ്രൻ അമിക്കസ്ക്യൂറി വഴിയാണ് ജില്ലാകലക്ടർമാർക്ക് നിർദ്ദേശം നൽകിയത്. അടിയന്തരമായി അറ്റക്കുറ്റപ്പണിയുടെ സ്ഥിതിഗതികൾ വിലയിരുത്തണം. അറ്റകുറ്റപ്പണികളുടെ നിലവാരം പരിശോധിക്കണം എന്നുമാണ് നിർദ്ദേശം
ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ദേശീയപാതയിലെ കുഴിയടക്കൽ ഇന്ന് ആരംഭിച്ചിരുന്നു. എന്നാൽ കുഴിയടക്കൽ അശാസ്ത്രിയമായ രീതിയിലാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. പാക്കറ്റിലാക്കിയ ടാർ മിക്സ് കൊണ്ടുവന്ന് കുഴികളിൽ തട്ടി കൈകോട്ട് ഉപയോഗിച്ച് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
അതിഥി തൊഴിലാളികൾ മാത്രമാണ് ജോലിക്കായി ഉള്ളത്. കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരോ ഉത്തരവാദിത്തത്തപ്പെട്ടവരോ ഇവരുടെ കൂടെ ഇല്ല. നിരന്തരം അപകടം നടക്കുന്ന മേഖലയാണെന്നും ഇത്തരത്തിൽ ഒരു അറ്റകുറ്റപണി നടത്തിയിട്ട് കാര്യമില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ