തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിന്മേൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരത്ത് നടത്തിയ മൂന്ന് ദിവസത്തെ ഓപ്പൺ ഹിയറിംഗും  ക്യാമ്പ് സിറ്റിംഗും സംസ്ഥാന ഗവൺമെന്റിന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ചർച്ചയോടെ സമാപിച്ചു. കമ്മീഷന്റെ ശുപാർശകൾ സമയ ബന്ധിതമായി നടപ്പിലാക്കുന്നതിന് സംസ്ഥാന ഗവൺമെന്റ് അനുകൂല നടപടികൾ കൈക്കൊള്ളുമെന്ന കമ്മീഷൻ പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി കമ്മീഷൻ ചർച്ച ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനുഷ്യത്വപരമായ സമീപനത്തോടെ കൈകാര്യം ചെയ്താൽ മാത്രമേ സദ്ഭരണം എന്ന ലക്ഷ്യം നേടാനാകു എന്ന് കമ്മീഷൻ അവരെ ഓർപ്പിപ്പിച്ചു.

ജയിലുകളുടേയും ജുവനൈൽ ഹോമുകളുടേയും പരിഷ്‌ക്കരണം, അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, പട്ടികജാതിക്കാരുടേയും സമൂഹത്തിലെ മറ്റ് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടേയും പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പുറമെ ഓപ്പൺ ഹിയറിംഗിലും വിവിധ ഗവൺമെന്റിതര സംഘടനകളുമായി കമ്മീഷൻ നടത്തിയ ചർച്ചകളിൽ ഉയർന്ന് വന്ന വർദ്ധിച്ചു വരുന്ന തെരുവു നായ്ക്കളുടെ ശല്യം, ഗിരിവർഗ്ഗ പ്രദേശങ്ങളിൽ റേഷനും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിലെ അപാകതകൾ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, അംഗങ്ങളായ ജസ്റ്റിസ് സിറിയക് ജോസഫ്,  ജസ്റ്റിസ് ഡി. മുരുഗേശൻ, എസ്. സി.സിൻഹ എന്നിവർ ഓപ്പൺ ഹിയറിംഗിൽ പട്ടികജാതി സമുദായങ്ങളുമായി ബന്ധപ്പെട്ട 85 പരാതികൾ കേൾക്കുകയുണ്ടായി. മിക്കവയിലും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട് കൊണ്ട് നിർദ്ദേശം നല്കി.

പരാതികളിൽ മിക്കവയും പട്ടികജാതി വിഭാഗക്കാർക്ക് ഭൂമിയും കൈവശാവകാശവും അനുവദിക്കാത്തതിനെക്കുറിച്ചും പെൻഷൻ അനുവദിക്കുന്നതിന്റെ കാലതാമസം, പരാതികൾ രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിന്റെ നിഷ്‌ക്രിയത്വം എന്നിവ സംബന്ധിച്ചായിരുന്നു. ചില സമുദായങ്ങൾക്ക് പട്ടികജാതി പദവി നിഷേധിക്കുന്നത് സംബന്ധിച്ച ചില പരാതികളും പരിഗണനയ്ക്ക് വന്നു.

സംസ്ഥാന ഗവൺമെന്റ് നടപടി കൈക്കൊള്ളൽ റിപ്പോർട്ട് നല്കാനുള്ള 24 കേസുകൾ കമ്മീഷൻ പരിഗണിച്ചു. വിവിധ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട 19 കേസുകൾ ഫുൾ കമ്മീഷൻ സിറ്റിംഗിലും പൊലീസ് കസ്റ്റഡി മരണം സംഭവിച്ച അഞ്ച് കേസുകൾ കമ്മീഷന്റെ രണ്ട് ഡിവിഷൻ ബഞ്ചുകളും പരിഗണിച്ചു. സംസ്ഥാനത്തെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നഷ്ട പരിഹാര തുക നൽകുന്നതിനുള്ള ട്രിബ്യൂണൽ എത്രയും വേഗം രൂപീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ട്രിബ്യൂണൽ രൂപീകരണത്തിന്റെ കാലതാമസത്തിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. കമ്മീഷൻ ശുപാർശ ചെയ്ത ദുരിതാശ്വാസ തുകയിൽ ഇനിയും നല്കാനുള്ള തുകയുടെ വിശാദംശങ്ങൾ അടങ്ങിയ റിപ്പോർട്ട് എട്ട് ആഴ്ചക്കകം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നല്കി. ട്രിബ്യൂണൽ രൂപീകരിക്കാനുള്ള നിർദ്ദേശം മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

    അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തുന്ന വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യക്ഷേമ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനാഥാലയങ്ങൾ എത്ര കണ്ട് പാലിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് നാലാഴ്‌ച്ചക്കകം റിപ്പോർട്ട് നല്കാൻ കമ്മീഷൻ സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. അനാഥാലയങ്ങളിലെ എല്ലാ കുട്ടികളും അനാഥരാണോ എന്നും അല്ലാത്ത പക്ഷം അവരുടെ മാതാപിതാക്കളുടെ അനുമതി പത്രം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ നിർദ്ദേശം നല്കി.

    ഇഞ്ചി കൃഷി നടത്താൻ വയനാട്ടിൽ നിന്ന് കർണാടകത്തിലേക്കുള്ള ആദിവാസികളുടെ കുടിയേറ്റവും അവർ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുന്ന വിഷയവും കമ്മീഷന്റെ പരിഗണനയ്ക്ക് വന്നു. കുടിയേറ്റ തൊഴിലാളി നിയമത്തിലെ 20-ാം വകുപ്പ് പ്രകാരം ജോലി നല്കാൻ കൊണ്ട നടപടിയെക്കുറിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നല്കാൻ സംസ്ഥാന തൊഴിൽവകുപ്പിന് നിർദ്ദേശം നല്കി. പൊലീസ് കസ്റ്റഡി മരണം സംബന്ധിച്ച 5 കേസുകളിൽ രണ്ടെണ്ണം തിരുവനന്തപുരത്ത് നിന്നും ഒന്ന് വീതം കൊല്ലം കാസർകോട് തൃശൂർ ജില്ലകളിൽ നിന്നുമാണ്. ഈ മൂന്ന് കേസുകളിൽ കമ്മീഷൻ 2,50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഒരു കേസിൽ പൊലീസിന്റെ വാദഗതികളിൽ തൃപ്തരാകാതെ അനാസ്ഥയ്ക്ക് സാമ്പത്തിക സഹായം നല്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നല്കി. കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന കമ്മീഷന്റെ നിർദ്ദേശം ഗവൺമെന്റ് പാലിച്ചതിനെ തുടർന്ന് ഒരു കേസ് അവസാനിപ്പിച്ചു.