ബിജ്നോർ: ദേശീയ ഖൊഖൊ വനിതാ താരത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹം വികൃതമാക്കിയ നിലയിൽ റെയിൽവേ സ്ലീപേഴ്സുകൾക്കിടയിലാണ് കണ്ടെത്തിയത്. മകൾ ബലാത്സംഗം ചെയ്യപ്പെട്ട ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു. വീടിന് 100 മീറ്റർ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.

വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. പല്ലുകൾ കൊഴിഞ്ഞ നിലയിലും മുഖത്ത് ക്രൂരമായി ഉപദ്രവിച്ച നിലയിലയുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് ചുറ്റും കയർ ഉപയോഗിച്ച് മുറുക്കിയ അടയാളവുമുണ്ടായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ദലിത് വിഭാഗത്തിൽപ്പെട്ട താരം ദേശീയ തലത്തിൽ രണ്ട് സംസ്ഥാനങ്ങൾക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ടെന്ന് ബേസിക് സ്പോർട്സ് എജുക്കേഷൻ ഓഫിസർ അരവിന്ദ് അഹ്ലാവത്ത് പറഞ്ഞു. കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടതെന്ന് പിതാവ് പറഞ്ഞു. മത്സരങ്ങൾക്ക് പുറമെ സമീപത്തെ സ്‌കൂളിൽ കുട്ടികളെ പരിശീലിപ്പിച്ച് വരുമാനം നേടിയിരുന്നു.

കോവിഡ് വന്നതിനാൽ വരുമാനം നിലച്ചു. വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളിൽ ജോലിയാവശ്യമുള്ള അഭിമുഖത്തിന് പോയിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. കുടുംബവും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് സിറിഞ്ചും ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെത്തി.

തങ്ങളുടെ അധികാര പരിധിയിലല്ലെന്ന് കാരണം പറഞ്ഞ് ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസ്സമ്മതിച്ചെന്ന് കുടുംബം ആരോപിച്ചു. ബിഎസ്‌പി നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 302, 376 വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതിന് പ്രാഥമികമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ബിജ്നോർ എസ്‌പി ധരംവീർ സിങ് വ്യക്തമാക്കി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യുവതിയുടെ സഹോദരി ആരോപിച്ചു. ബലാത്സംഗം നടന്നു എന്നത് ഉറപ്പാണ്. അവളുടെ വസ്ത്രം കീറിയിരുന്നു. ശരീരത്തിലും പാടുകളുണ്ട്.

സ്പോർട്സ് താരമായതുകൊണ്ട് ഒരാൾക്കൊന്നും അവളെ കീഴ്പ്പെടുത്താനാവില്ല. കുറ്റകൃത്യത്തിൽ ഒന്നിലധികം പേരുണ്ടെന്നും അവർ ആരോപിച്ചു. അതേസമയം കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് നജീബാബാദ് എസ്എച്ച്ഒ സർവേസ് ഖാൻ പറഞ്ഞു.