ന്യൂഡൽഹി: പ്രവാസികളുടെ സാമൂഹിക സുരക്ഷ ഏറ്റെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറുവാക്കല്ലെന്ന് വ്യക്തമാക്കി ഒരു തീരുമാനം എത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് അനിവാര്യമായ സാമൂഹ്യ പരിരക്ഷാ ആനുകൂല്യങ്ങളൊന്നും തന്നെ ഇല്ല. ഇത് തിരിച്ചറിഞ്ഞാണ് തീരുമാനം.

സാമൂഹ്യ സുരക്ഷാ പരിരക്ഷ നൽകുന്ന ദേശീയ പെൻഷൻ പദ്ധതിയിൽ(എൻ.പി.എസ്) ഇനി പ്രാവാസികൾക്കും നിക്ഷേപമാവാം. പെൻഷൻ നിയന്ത്രകരായ പി.എഫ്.ആർ.ഡി.എ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികൾക്ക് ദേശീയ പെൻഷൻ പദ്ധതികൾ പോലുള്ള ഇൻഷുറൻസ് പദ്ധതികളിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപം അനുവദിക്കാമെന്ന് ആർ.ബി.ഐ അടുത്തിടെ പി.എഫ്.ആർ.ഡി.എയോട് വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ്് ആക്ടിലെ(ഫെമാ) മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് ഉടൻ ഉണ്ടായേക്കുമെന്ന് പി.എഫ്.ആർ.ഡി.എ ചെയർമാൻ ഹേമന്തുകൊൺട്രാക്ടർ സൂചിപ്പിച്ചു. പ്രവാസികളിൽ ദേശീയ പെൻഷൻ പദ്ധതിയുടെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് അനിവാര്യമായ സാമൂഹ്യ പരിരക്ഷാ ആനുകൂല്യങ്ങളൊന്നും തന്നെ ഇല്ലെന്നും ചൂണ്ടിക്കാട്ടി.

വിശ്രമജീവിതം സമാധാനപൂർണ്ണമാക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഗുണമാണ് പ്രവസാകിൾക്ക് കൂടി കിട്ടുന്നത്. സാമ്പത്തികമായി അവശതയനുഭവിക്കുന്നവർക്ക് പെൻഷൻ സാധ്യമാക്കുന്ന പദ്ധതിയാണ് ദേശിയ പെൻഷൻ പദ്ധതി. ഓരോ വർഷവും ഒരു വരിക്കാരൻ 1000 രൂപയെങ്കിലും നിക്ഷേപിച്ചാൽ കേന്ദ്രവും ആയിരം രൂപ പദ്ധതിയിൽ നിക്ഷേപിക്കും. ഈ തുകയുടെ വിഹിതമാണ് 60 വയസ്സ് കഴിയുമ്പോൾ പെൻഷനായി ലഭിക്കുക. മാസത്തവണയായും ഇത് നൽകാം.

പ്രവാസികളുടെ നിക്ഷേപം പെൻഷൻ പദ്ധതിയിൽ എത്തുന്നത് സർക്കാരിനും ഗുണകരമാണ്. വലിയ തോതിലുള്ള നിക്ഷേപം വിദേശത്ത് നിന്ന് രാജ്യത്ത് എത്താൻ ഇതിലൂടെ കഴിയുകയും ചെയ്യും. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.