- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസർവ് ബാങ്ക് അനുമതി നൽകി; ഇനി എല്ലാ പ്രവാസികൾക്കും ഇന്ത്യയിൽ പെൻഷൻ വാങ്ങാം; 6000 രൂപ മുതൽ മുകളിലോട്ട് പ്രതിവർഷം അടയ്ക്കുക; 60 വയസാകുമ്പോൾ 40 ശതമാനം നീക്കി വച്ച് ബാക്കി പിൻവലിക്കാം
ജീവിതത്തിന്റെ വസന്തകാലം വിദേശത്ത് വിയർപ്പൊഴുക്കി എരിച്ച് കളയുന്നവരാണ് മലയാളികളിൽ നല്ലൊരു ഭാഗവുമെന്ന് കാണാം. പ്രവാസ ജീവിതത്തിൽ നല്ലൊരു തുക സമ്പാദിക്കുന്ന പലരും ഇത് നാട്ടിലേക്ക് അയയ്ക്കുകയാണ് പതിവ് . ഇത് പല വിധത്തിൽ ചെലവായിപ്പോവുകയാണ് ചെയ്യാറുള്ളത്. വളരെ ചുരുക്കം ചിലർ മാത്രമാണ് ഇത് ബിസിനസ് പോലുള്ള ഫലപ്രദമായ നിക്ഷേപമായി മാറ്റാ
ജീവിതത്തിന്റെ വസന്തകാലം വിദേശത്ത് വിയർപ്പൊഴുക്കി എരിച്ച് കളയുന്നവരാണ് മലയാളികളിൽ നല്ലൊരു ഭാഗവുമെന്ന് കാണാം. പ്രവാസ ജീവിതത്തിൽ നല്ലൊരു തുക സമ്പാദിക്കുന്ന പലരും ഇത് നാട്ടിലേക്ക് അയയ്ക്കുകയാണ് പതിവ് . ഇത് പല വിധത്തിൽ ചെലവായിപ്പോവുകയാണ് ചെയ്യാറുള്ളത്. വളരെ ചുരുക്കം ചിലർ മാത്രമാണ് ഇത് ബിസിനസ് പോലുള്ള ഫലപ്രദമായ നിക്ഷേപമായി മാറ്റാറുള്ളത്. അത്തരക്കാർക്ക് വിദേശ ജോലി ഒഴിവാക്കി നാട്ടിൽ തിരിച്ചെത്തിയാലും കഴിഞ്ഞ് കൂടാനുള്ള വക ഇത്തരം ബിസിനസുകളിൽ നിന്ന് ലഭിക്കുകയും ചെയ്യും. എന്നാൽ ഭൂരിഭാഗം പ്രവാസികളും തിരിച്ചൊന്നും ലഭിക്കാത്ത കാര്യങ്ങൾക്ക് തങ്ങളുടെ സമ്പാദ്യം ചെലവാക്കുകയാണ് ചെയ്യുന്നത്. വിദേശത്തെ ജോലി ഒഴിവാക്കി നാട്ടിലെത്തുന്ന ഇക്കൂട്ടത്തിൽ പെട്ടവർ തുടർന്ന് ജീവിക്കാൻ കഠിനമായി പാടുപെടുന്ന എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും.
അത്തരക്കാർക്ക് നാട്ടിൽ തിരിച്ചെത്തിയാലും ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കാനുള്ള സാഹചര്യത്തിന്റെ പ്രസക്തി ഇവിടെയാണ് ഉയർന്ന് വരുന്നത്. ഇത്തരമൊരു പെൻഷനെക്കുറിച്ച് വളരെ നാളുകളായി കേൾക്കുന്നുണ്ടെങ്കിലും ഇപ്പോൾഇത് യാഥാർത്ഥ്യമായിരിക്കുകയാണ്. ഇനി എല്ലാ പ്രവാസികൾക്കും ഇന്ത്യയിൽ പെൻഷൻ വാങ്ങാനുള്ള പദ്ധതിക്ക് ഇക്കഴിഞ്ഞ ഒക്ടോബർ 29ന് റിസർവ് ബാങ്ക് അനുമതി നൽകിക്കഴിഞ്ഞു.ഇതനുസരിച്ച് 6000 രൂപ മുതൽ മുകളിലോട്ട് പ്രതിവർഷം അടയ്ക്കുകയാണ് വേണ്ടത്. അത്തരക്കാർക്ക് 60 വയസാകുമ്പോൾ 40 ശതമാനം നീക്കി വച്ച് ബാക്കി പിൻവലിക്കാനും ഈ പദ്ധതിയിലൂടെ വഴിയൊരുങ്ങും.
നാഷണൽ പെൻഷൻ സ്‌കീമിൽ എൻആർഐകൾക്ക് നിക്ഷേപിക്കാനുള്ള അവസരമാണിതിലൂടെ യാഥാർത്ഥ്യമാകുന്നത്.വാർധക്യകാലത്തെ തങ്ങളുടെ ജീവിതം അവർക്കിതിലൂടെ സുരക്ഷിതമാക്കാനും സാധിക്കും. എൻആർഐകൾക്കുള്ള ഈ പെൻഷൻ സ്‌കീമിന്റെ ഭരണനിർവഹണം നടത്തുന്നത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയാണ്. ഗവൺമെന്റുമായി ആലോചിച്ചാണ് പ്രസ്തുത തീരുമാനമെടുത്തിരിക്കുന്നതെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. എൻആർഐകളെ സഹായിക്കാൻ വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായാണ് മോദി സർക്കാർ ഈ പെൻഷൻ സ്‌കീമും നടപ്പിലാക്കാനൊരുങ്ങുന്നത്.
പുതിയ സ്‌കീമിൽ ചേരുന്നവരെ പിന്തുണയ്ക്കാനായി നിരവധി കാര്യങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയിൽ 50,000 രൂപ വരെ നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ടാക്‌സ് ആനുകൂല്യങ്ങൾ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ സ്‌കീമിൽ നിക്ഷേപിക്കുന്നതിനുള്ള തുകയ്ക്ക് പരിധികൾ നിശ്ചയിച്ചിട്ടില്ല. സാധാരണ ബാങ്കിങ് ചാനലിലൂടെയായിരിക്കും ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുകയാണെന്നാണ് ആർബിഐ പറയുന്നത്.സബ്‌സ്‌ക്രിപ്ഷൻ തുക സാധാരണ ബാങ്കിങ് ചാനലിലൂടെയുള്ള അഭ്യന്ത പണമടവ് അഥവാ ഇൻവർഡ് റെമിറ്റൻസ് ആയോ അവരുടെ എൻആർഇ/എഫ്‌സിഎൻആർ/ എൻആർഒ അക്കൗണ്ടിലുള്ള ഫണ്ടിൽ നിന്നോ ആയിരിക്കും അടയ്ക്കപ്പെടുന്നത്.ഏത് രാജ്യത്തിന്റെ കറൻസിയായും നിക്ഷേപം നടത്താവുന്നതാണ്.
തുടർന്ന് വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞത് 6000 രൂപ നിക്ഷേപിക്കാം. മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനം മാത്രമെ ഓഹരിയാക്കാൻ സാധിക്കൂ. മൊത്തം തുക രണ്ട് ലക്ഷത്തിൽ കുറവാണെങ്കിൽ നിക്ഷേപകന് 60 വയസാകുമ്പോൾ മൊത്തം തുകയും പിൻവലിക്കാവുന്നതാണ്. തുക രണ്ടു ലക്ഷത്തിൽ കൂടുതലാണെങ്കിൽ 40 ശതമാനം നീക്കി വച്ച് ബാക്കി മുഴുവൻ പിൻവലിക്കാൻ സാധിക്കും. ഈ തുകയിൽ നിന്നും മാസാന്ത പെൻഷൻ ലഭിക്കുകയും ചെയ്യും.
പ്രവാസികളുടെ സാമൂഹിക സുരക്ഷ ഏറ്റെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് പുതിയ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്. ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് അനിവാര്യമായ സാമൂഹ്യ പരിരക്ഷാ ആനുകൂല്യങ്ങളൊന്നുമില്ലെന്നതാണ് വാസ്തവം. ഇതിനുള്ള പരിഹാരമായാണ് പുതിയ സ്‌കീം നടപ്പിലാക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയത്. പുതിയ പദ്ധതിയിലൂടെ സാമൂഹ്യ സുരക്ഷാ പരിരക്ഷ നൽകുന്ന ദേശീയ പെൻഷൻ പദ്ധതിയിൽ(എൻ.പി.എസ്) പ്രവാസികൾക്കും ഭാഗഭാക്കാകുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജീവിതസായാഹ്നത്തിൽ പെൻഷൻ സാധ്യമാക്കുന്ന പദ്ധതിയാണ് ദേശിയ പെൻഷൻ പദ്ധതി.
ഇതനുസരിച്ച് പ്രതിവർഷം ഒരു വരിക്കാരൻ 1000 രൂപയെങ്കിലും നിക്ഷേപിച്ചാൽ കേന്ദ്രവും ആയിരം രൂപ പദ്ധതിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ തുകയുടെ വിഹിതമാണ് 60 വയസ്സ് കഴിയുമ്പോൾ പെൻഷനായി ലഭിക്കുന്നത്. പ്രതിമാസവും ഈ സ്‌കീമിലേക്ക് നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. വിശ്രമജീവിതം സമാധാനപൂർണ്ണവും സാമ്പത്തിക സുരക്ഷിതത്വമുള്ളതുമാക്കുന്നതിനാണ് കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആർബിഐയുടെ പുതിയ നീക്കത്തിലൂടെ ഇതിന്റെ ഗുണം പ്രവാസികളിലേക്കു കൂടി എത്തിച്ചേരുകയാണ്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിട്ട പല നിർണായക സന്ദർഭങ്ങളിലും പിടിച്ച് നിൽക്കാൻ എൻആർഐകളുടെ പണം സഹായിച്ചിട്ടുണെന്ന വസ്തുതയാണ് എൻആർഐകൾക്കുള്ള പെൻഷൻ സ്‌കീം ആരംഭിക്കാനും സർക്കാരിനെ പ്രേരിപ്പിച്ചിട്ടുള്ളത്. 1991ൽ ഇന്ത്യയിൽ രാഷ്ട്രീയ അനിശ്ചിതത്വം നടമാടിയതിനാൽ പേമെന്റുകൾ നൽകാൻ പോലും രാജ്യം ബുദ്ധിമുട്ടിയിരുന്നു. 1998ൽ ആണവ പരീക്ഷണങ്ങൾ നടത്തിയതിനെ തുടർന്ന് രൂപയുടെ വിലയിടിവ് രൂക്ഷമായിരുന്നു.2008നും 2013നും ഇടയിൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ അലയൊലികൾ ഇന്ത്യയിലുമെത്തിയതിനാൽ സാമ്പത്തിക പ്രതിസന്ധി നിഴലിച്ചിരുന്നു. ഇക്കാലത്ത് സമ്പദ് വ്യവസ്ഥ ഇറങ്ങുകയും കയറുകയും ചെയ്ത അസ്ഥിരാവസ്ഥയിലായിരുന്നു.
കയറ്റുമതിക്കുള്ള ഡിമാൻഡും ഇക്കാലത്ത് കുറഞ്ഞിരുന്നു. അഭ്യന്തര പണപ്പെരുപ്പവും ഇക്കാലത്ത് രാജ്യത്തെ വേട്ടയാടിയിരുന്നു. എണ്ണവില വർധിക്കുക കൂടിയായപ്പോൾ 2013ൽ രൂപയുടെ തകർച്ച ഗുരുതരമായിരുന്നു.1991ലെ പ്രതിസന്ധികൾക്ക് ശേഷം ഇതിന്റെ ഡെവലപ് മെന്റ് ബോണ്ട് രാജ്യം ശക്തമാക്കുന്നതായി കാണാം. ഇതിനെ തുടർന്നിത് 1.6 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. 1998ന് ശേഷം റീസർജന്റ് ഇന്ത്യ ബോണ്ട് 4.2 ബില്യൺ ഡോളറായാണ് ഉയർത്തിയത്.ഇതിന് പുറമെ ഇന്ത്യയുടെ മില്ലേനിയം ഡിപ്പോസിറ്റ് സ്‌കീം 2000ത്തിൽ 5.5 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. ദുർബലമായ രൂപ ഉയർത്തുന്ന പ്രശ്‌നത്തെ അതിജീവിക്കാൻ 2013ൽ ആർബിഎ ഏറ്റവും പുതിയ കറൻസ് അറേഞ്ച്‌മെന്റ് പ്രക്രിയകളുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യ ബോണ്ടുകൾ ഇഷ്യൂ ചെയ്യാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ എൻആർഐകൾ കാലാകാലങ്ങളിലായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിഘട്ടങ്ങളിൽ സഹായിക്കുന്നുണ്ടെന്ന് സാരം. 1990ൽ പേമെന്റ് പ്രതിസന്ധിയെ നേരിടാൻ എൻആർഐകളിൽ നിന്നും ഹൃസ്വകാല നിക്ഷേപങ്ങൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു.തുടർന്ന് രൂപയെ സ്ഥിരപ്പെടുത്താനായി ഫോറിൻ എക്‌സേഞ്ച് റിസർവ് ത്വരിതപ്പെടുത്താനായി വിവിധ പ്രത്യേക സ്‌കീമുകളാണ് നടപ്പിലാക്കിയത്. തങ്ങളുടെ പൗരന്മാർ പുറം രാജ്യങ്ങളിൽ ജോലി ചെയ്തുണ്ടാക്കുന്ന പണം ഏറ്റവും കൂടുതലായി എത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2015ൽ ഈ തുക ഏകദേശം 470,000 കോടി രൂപ വരുമെന്നാണ് ലോകബാങ്ക് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ നിക്ഷേപം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുന്നതിൽ നിർണായകമായ പങ്കാണ് വഹിക്കുന്നത്. എൻആർഐകൾക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള ഈ നിർണായക സ്വാധീനം കണക്കിലെടുത്താണ് അവർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് സാരം.