മെൽബൺ: സാഡലിനുള്ള ഇലകളിലൂടെ സാൽമൊനെല്ലാ ബാക്ടീരിയ പടർന്ന സാഹചര്യത്തിൽ പായ്ക്കറ്റ് സാലഡ് ലീഫുകൾ കമ്പനികൾ തിരിച്ചുവിളിച്ചു. സാൽമൊനെല്ല ബാധിച്ച കേസുകൾ ദിവസം തോറും വർധിച്ചു വന്നുകൊണ്ടിരിക്കുകയാണെന്ന്  ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിക്ടോറിയയിൽ കൂടുതൽ പേർ സാൽമൊനെല്ല ബാധയെ തുടർന്ന് ആശുപത്രിയിലായിട്ടുമുണ്ട്.

ട്രിപ്പോഡ് ഫാർമേഴ്‌സ് കമ്പനി ഇറക്കിയ സാലഡ് ലീഫുകൾ കഴിച്ച് വിക്ടോറിയയിൽ 54 പേർക്കാണ് സാൽമൊനെല്ല ബാക്ടീരിയ ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുകയുമാണ്. തുടർന്ന് ട്രിപ്പോർഡ് ഫാർമേഴ്‌സ് കമ്പനി അതിന്റെ 30 ഉത്പന്നങ്ങളാണ് സൂപ്പർമാർക്കറ്റുകളിൽ നിന്നു തിരിച്ചുവിളിച്ചിട്ടുള്ളത്. കോൾസ്, വൂർസ് വർത്ത് സൂപ്പർമാർക്കറ്റുകളിലൂടെയാണ് ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്നത്. വിൽപനയ്ക്കു വച്ചിരിക്കുന്ന ഉത്പന്നങ്ങളുടെ കാലാവധി ഇനിയും ബാക്കിയുള്ളപ്പോഴാണ് പായ്ക്കറ്റ് സാലഡി ഫീലുകളിൽ ബാക്ടീരിയയുള്ളതായി സ്ഥിരീകരിക്കുന്നത്. സാൽമൊനെല്ലയുടെ ഉത്ഭവ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലുമാണ് കമ്പനി.

ലെറ്റൂസ് ഇലകൾ വളരുന്നതിനായി ചെടികളിൽ അടിച്ച വളത്തിൽ നിന്നാകാം ബാക്ടീരിയ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് സാൽമൊനെല്ല ബാധ സ്ഥിരീകരിച്ചേക്കുമെന്ന് വിക്ടോറിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സീനിയർ മെഡിക്കൽ അഡൈ്വസർ ഡോ. ഫിൻ റൊമാൻസ് പറയുന്നു.


വിക്ടോറിയ, ന്യൂ സൗത്ത് വേൽസ്, സൗത്ത് ഓസ്‌ട്രേലിയ, നോർത്തേൺടെറിട്ടറി, എസിടി എന്നിവിടങ്ങളിലെ കോൾസ്, ബൈ ലോ സൂപ്പർ മാർക്കറ്റുകളിൽ നിന്നും എസിടി, വിക്ടോറിയ, ന്യൂസൗത്ത് വേൽസിലെ വൂൾസ് വർത്ത് സൂപ്പർമാർക്കറ്റുകളിൽ നിന്നും ട്രിപ്പോഡ് ഫാർമേഴ്‌സ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. സാലഡ് ലീവ്‌സ് എവിടെ നിന്നാണോ വാങ്ങിയത് അവിടെ തിരിച്ചേൽപ്പിക്കുകയോ അല്ലെങ്കിൽ അത് നശിപ്പിച്ചു കളയുകയോ ചെയ്യുകയാണ് ഉത്തമമെന്ന്  ഡോ. ഫിൻ റോമൻസ് ജനങ്ങൾക്കു മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഡയേറിയ, പനി, തലവേദന, വയറിളക്കം, ഛർദി തുടങ്ങിയവയാണ് സാൽമൊണേലയുടെ പ്രധാന രോഗലക്ഷണങ്ങൾ.