തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ദേശീയ സ്‌കൂൾ കായികമേളയ്ക്ക് കേരളം തന്നെ വേദിയാകും. ജനുവരി 25 മുതൽ 30 വരെയാണ് മത്സരങ്ങൾ നടക്കുക. കുട്ടികളുടെ കായികമേളയ്ക്കു വേദിയാകുന്നത് കോഴിക്കോടാണ്.

കായികമേള ഏറ്റെടുക്കാൻ കേരളം സജ്ജമാണെന്ന് സ്പോർട്സ് കൗൺസിൽ അധ്യക്ഷ അഞ്ജു ബോബി ജോർജ് പറഞ്ഞു. ഫെബ്രുവരിയിൽ മത്സരങ്ങൾ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ എസ്എസ്എൽസി പരീക്ഷയും പിന്നാലെ തിരഞ്ഞെടുപ്പും വരുന്നതിനാൽ ആ സമയം കായികമേള നടത്താൻ കഴിയില്ല എന്ന് സർക്കാർ നിലപാടെടുത്തിരുന്നു.

വേദിയാവാൻ ആദ്യം പരിഗണിച്ച മഹാരാഷ്ട്ര പിന്മാറിയതോടെയാണ് കേരളം തയാറായത്. കേരളം ഫെബ്രുവരിയിൽ അസൗകര്യം അറിയിച്ചതോടെയാണ് കായിക മേള ജനുവരിയിൽ നടത്താൻ തീരുമാനമായത്.

കായികമേളയ്ക്ക് കേരളം തന്നെ വേദിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. തുടർന്ന് മേള ജനുവരിയിൽ നടത്താൻ തയ്യാറാണെന്ന് കേരളം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഒടുവിൽ കേന്ദ്രസർക്കാരും സമ്മതം മൂളിയതോടെ ആഴ്ചകളായി തുടർന്ന അനിശ്ചിതത്വത്തിന് താൽക്കാലിക വിരാമമായി.

ഈ വർഷത്തെ ദേശിയ സ്‌കൂൾ കായിക മേളയ്ക്ക് മഹാരാഷ്ട്രയാണ് വേദിയാകേണ്ടിയിരുന്നത്. എന്നാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരം നടത്തുകയാണെങ്കിൽ വേദിയൊരുക്കാൻ തയ്യാറാണെന്നായിരുന്ന മഹാരാഷ്ട്രയുടെ നിലപാട്. ഇതോടെ കായിക മേളയിൽ ലിംഗ വിവേചനമെന്ന വാദം ശക്തമായി. തുടർന്ന് മഹാരാഷ്ട്ര പിന്മാറുകയായിരുന്നു.