- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർണബിന്റെ വാട്സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സർക്കാർ മിണ്ടുന്നില്ല; സംഭവത്തിൽ കാതടപ്പിക്കുന്ന നിശബ്ദത; ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തു; സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹം; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. റിപ്പബ്ലിക് ടി വി എംഡി അർണാബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റുകൾ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു സോണിയയുടെ വിമർശനം. ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് സോണിയ ആരോപിച്ചു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു.
കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു സോണിയ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിർവികാരതയും ധാർഷ്ട്യവും ഞെട്ടിക്കുന്നതാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. ദേശീയ സുരക്ഷകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്ന അസ്വസ്ഥജനകമായ വാർത്തകൾ അടുത്തിടെ കേട്ടുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞിരുന്നു. എന്നിട്ടും വെളിപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിശബ്ദത കാതടപ്പിക്കുന്നതാണ്. സോണിയ ഗാന്ധി വിർച്വൽ പ്രസംഗത്തിൽ പറഞ്ഞു.
ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റുകൾ മറ്റുള്ളവർക്ക് നൽകുന്നവരുടെ തനിനിറം പുറത്തുവന്നിരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഡൽഹിയുടെ അതിർത്തിയിൽ വൻ പ്രതിഷേധത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ തിടുക്കത്തിൽ തയാറാക്കിയതാണെന്ന് കർഷകരുടെ പ്രക്ഷോഭത്തെ കുറിച്ച് സംസാരിച്ച സോണിയ ഗാന്ധി പറഞ്ഞു.
'കർഷകരുടെ പ്രക്ഷോഭം തുടരുകയാണ്, കർഷകരുമായി നടത്തുന്ന ചർച്ചകളിൽ ഞെട്ടിക്കുന്ന നിർവ്വികാരതയും ധാർഷ്ട്യവുമാണ് സർക്കാർ കാണിക്കുന്നത്,' സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാട്സ് ആപ്പ് ചാറ്റുകൾ.
മോദിസർക്കാർ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ നമ്മൾ ജയിച്ചുകഴിഞ്ഞു എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ പാർഥോ ദാസ്ഗുപ്തയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ അർണബ് പറയുന്നത്. ഇത് വലിയ ആൾക്ക് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പിൽ അദ്ദേഹം വൻവിജയം നേടുമെന്നും പിന്നീടദ്ദേഹം വിശദീകരിക്കുന്നു.
റിപ്പബ്ലിക് ചാനലിന്റെ ടി.ആർ.പി. റേറ്റിങ് കൂടാനും ഭീകരാക്രമണം സഹായിച്ചെന്ന് അർണബ് പറയുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്താൻപോകുന്ന കാര്യം മൂന്നുദിവസംമുമ്പ് അർണബ് അറിഞ്ഞിരുന്നാണ് വാട്സാപ്പ് ചാറ്റുകൾ സൂചിപ്പിക്കുന്നത്. വലിയ ചിലകാര്യങ്ങൾ നടക്കാൻപോകുന്നു എന്ന് ദാസ്ഗുപ്തയ്ക്കയച്ച സന്ദേശത്തിൽ അർണബ് പറയുന്നു. ദാവൂദാണോ എന്ന ചോദ്യത്തിന് അല്ല പാക്കിസ്ഥാനാണ് എന്ന് മറുപടിനൽകുന്നു. ജനങ്ങളെ ഹർഷോന്മത്തരാക്കുന്ന ആക്രമണമായിരിക്കും അതെന്നും അർണബ് പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളത് നമ്മുടെ സ്വന്തം ആളുകളാണെന്ന് ദാസ്ഗുപ്തയുമായുള്ള സംഭാഷണത്തിൽ അർണബ് അവകാശപ്പെടുന്നുണ്ട്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അർണബിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും അതിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അർണബ് ടി.വി. സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും സൂചനയുണ്ട്. ടി.ആർ.പി. തട്ടിപ്പുകേസ് ഒതുക്കുന്നതിന് ജഡ്ജിക്ക് കോഴ നൽകാൻ അർണബിനെ ദാസ്ഗുപ്ത ഉപദേശിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ