ന്യൂഡൽഹി: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ. പരാതിക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടാതെ മറ്റ് വിശദാംശങ്ങൾ പുറത്ത് വിടണമെന്ന് കമ്മിഷൻ അധ്യക്ഷ രേഖാ ശർമ ആവശ്യപ്പെട്ടു.

കമ്മറ്റി റിപ്പോർട്ടിൽ മൂന്നു മാസത്തിനകം തുടർനടപടി സ്വീകരിക്കേണ്ടതായിരുന്നു. റിപ്പോർട്ട് വെച്ചു താമസിപ്പിച്ചത് ഗുരുതരവീഴ്ചയാണ്. എല്ലാ സിനിമാ പ്രൊഡക്ഷൻ കമ്പനിയിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മലയാള സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ കമ്മിഷൻ നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.

എല്ലാ സിനിമാ നിർമ്മാണ കമ്പനിയിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. നിരവധി പേരാണ് ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ രണ്ടര വർഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ച് ചർച്ച ചെയ്യണമെന്നാവിശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം കുറിപ്പ് പങ്കുവച്ചിരുന്നു.

'സ്ത്രീപക്ഷ'മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ഇത്രയും നാളും ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറായിട്ടില്ല. ഇതേ കുറിച്ചാണ് ചർച്ചകൾ ഉയർന്നു വരേണ്ടത്.അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണുപോകാതിരികാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ വൈകുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് സിനിമ മേഖലയ്ക്ക് അകത്തും പുറത്തും കേരളത്തിന് പുറത്തു നിന്നും പ്രതിഷേധം അറിയിച്ചെത്തിയിരുന്നു. അതേസമയം, ഹേമ കമ്മിറ്റി, അടൂർ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉടൻ പുതിയ നിയമനിർമ്മാണം ഉണ്ടാവുമെന്നാണ് സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നത്.

പുതിയ നിയമത്തിന്റെ കരട് തയ്യാറാണ്. നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും കൊച്ചി പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുയായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു.സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനായിരുന്നു 2019ൽ സമിതി രൂപീകരിച്ചത്.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളെ നേരിട്ട് കണ്ട് വിവരങ്ങൾ തേടുകയും സമിതിക്ക് മുന്നിൽ നിരവധി ലൈംഗികപീഡന പരാതികളും ഇതോടെ എത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി സിനിമാ സെറ്റുകളിൽ പോഷ് നിയമം നടപ്പാക്കണമെന്നും ഐസിസികൾ രൂപീകരിക്കണമെന്നും സമിതി റിപ്പോർട്ട് നൽകി. സമിതി റിപ്പോർട്ട് സമർപ്പിച്ച് ഇപ്പോൾ രണ്ട് വർഷം പിന്നിടുമ്പോഴാണ് ഹൈക്കോടതി ഐസിസിക്കായി അംഗീകാരം ലഭിക്കുന്നത്.