ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം സുഷമ സാഹു ഡി.ജിപിക്ക് നിർദ്ദേശം നൽകി. നടിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്നസെന്റ് എംപി യുടെ സ്ത്രീവിരുദ്ധ പരാമർശം ലജ്ജാകരമാണ്. സ്ത്രീകളെ കുറിച്ച് എന്തും പറയാമെന്ന നിലപാട് ശരിയല്ലെന്നും അവർ പറഞ്ഞു.

സിനിമാ മേഖലയിൽ സ്ത്രീകൾ ചൂഷണം നേരിടുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സുഷമ സാഹു പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ വനിതാ കമ്മീഷൻ അംഗമാണ് സാഹു.

ജനശ്രദ്ധ പിടിച്ചുപറ്റാൻ എന്തും വിളിച്ച് പറയാമെന്ന് രീതി ശരിയല്ലെന്നും അവർ പറഞ്ഞു. നടിമാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അവർ മോശക്കാരാണെങ്കിൽ കിടക്ക പങ്കിടേണ്ടി വരുമെന്ന ഇന്നസെന്റിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിനെതിരെ സിനിമയിലെ വനിതാകൂട്ടായ്മയടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.