ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശം അനുവദിച്ചതിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ തെരുവിലറങ്ങുമ്പാൾ വിധിയെ അനുകൂലിച്ച് ബിജെപി സഹയാത്രിക കൂടിയായ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ രംഗത്തെത്തി. സുപ്രീംകോടതി വിധിക്കെതിരെ സ്ത്രീകൾതന്നെ സമരംചെയ്യുന്നത് എന്തിനാണെന്ന് ഇന്നലെ ന്യൂഡഹൽഹിയിൽ മാധ്യമങ്ങൾക്ക നൽകിയ അഭിമുഖത്തിൽ അവർ ചോദിച്ചു.

വിധിക്കെതിരെ നിയമം കൊണ്ടുവരാനുള്ള നീക്കത്തെ എതിർക്കും.മതപരമായ അവകാശങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമാണ്. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ആചാരങ്ങളും നിയമങ്ങളും നിലനിൽക്കില്ല. സ്ത്രീകളെ ശബരിമലയിൽ പോകാൻ ആരും നിർബന്ധിക്കുന്നില്ല. ഇഷ്ടമുള്ളവർക്ക് പോകാം. അല്ലാത്തവർക്ക് പോകാതിരിക്കാം.

നേരത്തെ ശബരിമലയിൽ പോകരുതെന്ന നിർബന്ധം സ്ത്രീകൾക്കുമേലുണ്ടായിരുന്നു. ഇപ്പോൾ സ്വയം തീരുമാനമെടുക്കാനുള്ള അവസരമാണ് സ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ സമരംചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല. സ്ത്രീകൾക്കെതിരായ വിവേചനം നിലനിൽക്കാൻ പാടില്ല, നിലനിൽക്കുകയുമില്ല. ഇന്നല്ലെങ്കിൽ നാളെ അവസാനിക്കും. ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതിവിധി വന്നപ്പോൾത്തന്നെ ദേശീയ വനിതാകമ്മിഷൻ സ്വാഗതംചെയ്തിരുന്നു. ആ നിലപാട് തുടരുകയാണെന്നും രേഖ ശർമ വ്യക്തമാക്കി.

മോദിസർക്കാർ വന്നശേഷം, 2016 ജൂലൈയിൽ വനിത കമ്മിഷൻ അംഗമായി നിയമിതയായ രേഖ ശർമ ഈവർഷമാണ് അധ്യക്ഷയായത്. ഇവരുടെ പിതാവ് ബിജെപിയുടെയും നേതാവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അ്ടുത്ത ബന്ധമാണ് ഇവർക്കുള്ളത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനുമുമ്പേ അദ്ദേഹവുമായി പരിചയമുണ്ടായിരുന്നുവെന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോദിക്ക് ഹരിയാന ബിജെപിയുടെ ചുമതല ഉണ്ടായിരുന്ന 199698 കാലത്ത് രേഖ ശർമ അവിടെ സ്ത്രീകളുടെ ക്ഷേമത്തിനായി സന്നദ്ധസംഘടന രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു.