ന്യൂഡൽഹി: ശബരിമലയിൽ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ബിജെപി. ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അന്വേഷിക്കണമെന്നും വി.മുരളീധരൻ എംപിയും സുരേഷ് ഗോപിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് നിവേദനം നൽകി.

ഒരാഴ്ചയായി രഹസ്യകേന്ദ്രത്തിൽ കഴിഞ്ഞശേഷം തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു കനകദുർഗയുടേയും ബിന്ദുവിന്റേയും ശബരിമല കയറ്റം. സംസ്ഥാന പൊലിസിന്റെ പിന്തുണ മാത്രമല്ല പരിശീലനവും ഇരുവർക്കും ലഭിച്ചു. ശബരിമല ദർശനത്തിന് എത്തുന്നതിന് കനകദുർഗക്കും ബിന്ദുവിനും വനംവകുപ്പിന്റെ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി. പരാമ്പരാഗത രീതിയിലൂടെ 18 പടികൾ ചവിട്ടാതെയാണ് ഇരുവരും ശബരിമല ദർശനം നടത്തിയത്. നിയമപാലനം നടത്തേണ്ട പൊലിസ് തന്നെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുകയായിരുന്നു. ഇവരുടെ പൂർവകാലവും ഇവർക്ക് ലഭിച്ച സൗകര്യങ്ങളും പരിശീലനവും പരിശോധിച്ചാൽതന്നെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിക്കും.

ഇവർ ദിവസങ്ങൾക്കു മുമ്പ് ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത് ഭക്തർ തടയുകയും തുടർന്ന് തിരിച്ചുപോകേണ്ടി വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇവർക്ക് ദർശനം നടത്താനുള്ള സൗകര്യമൊരുക്കാമെന്ന വാഗ്ദാനം ലഭിച്ചത്. ദർശനത്തിനെത്തുമ്പോൾ തിരിച്ചറിയപ്പെടാത്ത രീതിയിലായിരുന്നു ഇരു സ്ത്രീകളുടേയും വസ്ത്രധാരണം. ഇവർക്ക് സുരക്ഷിതമായി കടന്നുപോകാൻ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡുകളേയും പൊലീസുകാരേയും ആ സമയത്ത് അവിടെനിന്നു മാറ്റുകയും ചെയ്തു. സംസ്ഥാന സർക്കാരും മാവോയിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയാണ് ഇതെല്ലാം കാണിക്കുന്നത്.സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലിസ് അസോസിയേഷൻ ഇതിലെല്ലാം നിർണായക പങ്കാണ് വഹിച്ചതെന്നും നിവേദനത്തിൽ പറയുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട് ഭക്തർക്കുവേണ്ടി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതുമായി ഒരു ബന്ധവും അവിടെ നടന്ന ഈ സംഭവങ്ങൾക്കില്ല. ശബരിമല ദർശനം നടത്തിയ രണ്ട് യുവതികളുടേയും പൂർവ ചരിത്രം പരിശോധിച്ചാൽ ഇവർ രണ്ടുപേരും ഭക്തരല്ലെന്നും മനസിലാക്കാം. അതുകൊണ്ടുതന്നെ അവർക്ക് ഒരു തരത്തിലുമുള്ള സുരക്ഷ ഒരുക്കേണ്ടതുമില്ലായിരുന്നു. യുവതികൾക്ക് സർക്കാർ ശബരിമലയിൽ ദർശന സൗകര്യം ഒരുക്കിയതിലൂടെ കോടിക്കണക്കിനായ അയ്യപ്പ ഭക്തരുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത്. അവരുടെ പ്രതിഷേധത്തെ സംസ്ഥാന സർക്കാർ അക്രമംകൊണ്ടാണ് നേരിടുന്നത്. സംസ്ഥാനത്തെ സാഹചര്യം തീർത്തും കലുഷിതമായി മാറിയിരിക്കുന്നു. കനകദുർഗയേയും ബിന്ദുവിനേയും ശബരിമല ദർശനത്തിനു കൊണ്ടുപോയതുമായി ബന്ധപ്പെട്ട് നടപടികൾക്കു പിന്നിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ദേശീയ അന്വഷണ ഏജൻസി അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിന് അടിയന്തര നിർദ്ദേശം നൽകണമെന്നും വി.മുരളീധരൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ഹർത്താലിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ വി. മുരളീധരൻ ക്ഷമ ചോദിച്ചു. ജനരോഷം സംഘപരിവാർ അക്രമമായി ചിത്രീകരിക്കപ്പെട്ടുവെന്നും വി മുരളീധരൻ ഡൽഹിയിൽ പറഞ്ഞ