തിരുവനന്തപുരം: നോക്കുകൂലി തുടച്ചുനീക്കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ട് രണ്ടുദിവസം ആകുന്നതേയുള്ളു. പത്രങ്ങൾ എഡിറ്റോറിയലുകൾ എഴുതുന്നു. ഒരു കാര്യവും ഇല്ലെന്നതാണ് കേരളത്തിലെ സ്ഥിതി. ജോലി ചെയ്യാതെ നോക്കുകൂലി. ചെറിയ തുകയല്ല, നാടിന്റെ അഭിമാനമായ ഐഎസ്ആർഒയോട് ചോദിച്ചത്. വി എസ്എസ്സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനം പ്രദേശവാസികൾ തടഞ്ഞിരിക്കുകയാണ്. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി എസ്എസ്സി അധികൃതർ പറഞ്ഞു.

പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികൾ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു. പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചതാണെന്നും ജോലി ഇല്ലാതെ കൂലി കൊടുക്കാൻ കഴിയില്ലെന്നും പ്രോജക്ട് കൺസൾട്ടന്റ് രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്, മൂന്നു പേരുടെ തൊഴിൽ സേവനം മാത്രമാണ് ആവശ്യമെന്ന് ഇവർ വ്യക്തമാക്കി.

നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവർത്തിയില്ലെന്നുമാണ് പ്രോജക്ട് കൺസൾട്ടന്റ് പറയുന്നത്

ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായാണ് കാർഗോ മുംബൈയിൽ നിന്നെത്തിയത്. 184 ടണ്ണിന്റെ ലോഡാണ് വാഹനത്തിലുള്ളത്. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്. പ്രദേശവാസികൾ ഒത്തുകൂടിയതോടെ ലോക്ഡൗൺ ദിനമായ ഞായറാഴ്ച സ്ഥലത്ത് സംഘർഷാവസ്ഥയായി.

നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെ കർശന മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിലാണ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്.സംഭവം വിവാദമായതിന് പിന്നാലെ തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ ഇടപെട്ടു. അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ മാസം 18 നാണ് കാർഗോ വാഹനം മുംബൈയിൽ നിന്ന് കപ്പൽ വഴി കൊല്ലത്തെത്തിയത്. അന്ന് മുതൽ റോഡിലൂടെ ദിവസേന എട്ട് മണിക്കൂർ സഞ്ചരിച്ചാണ് തലസ്ഥാനത്ത് എത്തിയത്.

നോക്കുകൂലി നിരോധിച്ച് ഉത്തരവ് നിലവിലുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വിലയിരുത്തിയ ഹൈക്കോടതി ഇക്കാര്യത്തിൽ ഡി.ജി.പിയുടെ വിശദീകരണം തേടി. നോക്കുകൂലി തുടച്ചുനീക്കണമെന്നും പറഞ്ഞു. അഞ്ചൽ അലയമണ്ണിൽ ഹോട്ടൽ നിർമ്മാണം നോക്കുകൂലിയുടെ പേരിൽ സിഐ.ടിയുവും ഐ.എൻ.ടി.യു.സിയും തടസപ്പെടുത്തുന്നതായി ആരോപിച്ച് പൊലീസ് സംരക്ഷണം തേടി ഹോട്ടലുടമ ടി.എസ്. സുന്ദരേശൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ഇത് കേരളത്തിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഇത്തരമൊരു സമ്പ്രദായം തുടരുന്നതിലൂടെ മറ്റിടങ്ങളിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരക്കുന്നതിന് കാരണമാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ ചൂണ്ടിക്കാട്ടി. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രാജ്യത്ത് നിയമ വ്യവസ്ഥ നിലവിലുണ്ട്. അത്തരം നിയമപരമായ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരം നോക്കൂകൂലി ആവശ്യപ്പെടുകയല്ല വേണ്ടതെന്നും കോടതി വാക്കാൽ സൂചിപ്പിച്ചു.ഹർജിയിൽ പൊലീസ് മേധാവിയെ കക്ഷി ചേർത്തു. ഹർജി ഈ മാസം പത്തിനു വീണ്ടും പരിഗണിക്കും.

നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പൊലീസ് സംരക്ഷണ ഹർജികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ കോടതി ഇടപെട്ടത്. നോക്കുകൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും 2018ൽ സർക്കാർ ഉത്തരവിലുടെ നിരോധിച്ചിരുന്നു.

കഴിഞ്ഞ വർഷം നോക്കുകൂലി നൽകാത്തതിന് പ്രവാസി വ്യാപാരിയെ ചുമട്ടുതൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചത് വാർത്തയായിരുന്നു. പാലക്കാട് ആലത്തൂർ കാവശ്ശേരി കഴനിചുങ്കത്തെ പ്രവാസി വ്യാപാരി ദീപക്കാണ് മർദനത്തിന് ഇരയായത്.സംഭവത്തിൽ പരാതി നൽകിയ ദീപകിനോട് ഇപ്പോൾ പരാതി പിൻവലിക്കണമെന്ന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടതായും പരാതി പിൻവലിച്ചില്ലെങ്കിൽ സ്ഥാപനം തുറക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അന്ന് ദീപക് ആരോപിച്ചിരുന്നു. സ്ഥാപനത്തിലേക്കെത്തിയ ഒരു ലോഡ് പൈപ്പ്, തൊഴിലാളികൾ എത്താത്തതിനെ തുടർന്ന് ഉടമയായ ദീപക് ഇറക്കിയിരുന്നു. രാത്രി എത്തിയ ലോഡ് ഇറക്കാൻ ദീപക് തൊഴിലാളികളെ വിളിച്ചിരുന്നു. എന്നാൽ രാവിലെ ഇറക്കാമെന്നായിരുന്നു മറുപടി