കണ്ണൂർ: നാടിന് ദുഃഖമായി അഹാനമോളുടെ ദുരന്തം. ഉറക്കത്തിൽ കീടനാശിനി ശ്വസിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ കൂത്തുപറമ്പ് മങ്ങാട്ടിടം സ്വദേശികളായ ദമ്പതികളുടെ മകളായ ഒൻപതുവയസുകാരി അഹാനയുടെ ആക്സ്മിക മരണം നാടിനെ ഞെട്ടിച്ചു. കമലാഭായി ഇന്റർനാഷണൽ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അഹാനയാണ് ദാരുണമായി മരിച്ചത്.

വാടകവീട് ഉടമ, ഇവർ നാട്ടിലില്ലാത്ത സമയത്ത് മൂട്ടയെയും പാറ്റകളെയും കൊല്ലുന്നതിനായി തളിച്ച കീടനാശിനിയുടെ പ്രയോഗമാണ് ദുരന്തത്തിന് കാരണമായത്. മാതാപിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന അഹാന ഇതോടെ അവശനിലയിലാവുകയായിരുന്നു ഇതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അഹാനയുടെ രക്ഷിതാക്കളായ കോമ്പിൽ രായരോത്ത് വിനോദ്കുമാർ-നിഷ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വിനോദ്കുമാറും കുടുംബവും ബെംഗളൂരുവിൽ വസന്ത്നഗറിലെ മാരിയമ്മൻ കോവിലിന് സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഇവർ താമസിക്കുന്ന വീട് കീടനാശിനി തളിച്ച് വൃത്തിയാക്കണമെന്നും അതിനായി രണ്ടുദിവസത്തേക്ക് മാറിനിൽക്കണമെന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വിനോദ്കുമാറും കുടുംബവും വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് പോയി. ഇതിനിടെ വീട്ടുടമ വീട്ടിൽ കീടനാശിനി തളിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് വിനോദും കുടുംബവും ബെംഗളൂരുവിൽ തിരിച്ചെത്തിയത്.

എന്നാൽ വീട്ടിലെത്തി കിടന്നുറങ്ങിയതിന് പിന്നാലെ രാവിലെ എട്ടുമണിയോടെ മൂവർക്കും ചെറിയരീതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രാക്ഷീണം കാരണമാകുമെന്നാണ് ഇവർ കരുതിയത്. എന്നാൽ പത്തുമണിയായതോടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി മൂവരും അവശനിലയിലായി. ഇതോടെ വിനോദ്കുമാർ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

എന്നാൽ ഉച്ചയ്ക്ക് ഒരുമണിയോടെ ചികിത്സയിലായിരുന്ന അഹാന മരിച്ചു. വിനോദ്കുമാറും നിഷയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബെംഗളൂരുവിൽ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയിലെ ജീവനക്കാരനാണ് വിനോദ്കുമാർ. അഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നാട്ടിൽ ഇടയ്ക്കു വന്നുപോകാറുള്ള വിനോദ് കുമാറും കുടുംബവും മാങ്ങാട്ടിടം പഞ്ചായത്ത് ഓഫിസിനു സമീപമുള്ള വീട്ടിലാണ് താമസിക്കുന്നത്. വിനോദ്കുമാറിന്റെ അമ്മയാണ് അവിടെ താമസിക്കുന്നത്. ബംഗ്ളൂരിൽ ഐ.ടി കമ്പനിയിൽ ടെക്നീഷ്യനായ വിനോദ്കുമാർ റിലയൻസുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്തുവരുന്നത്.അഹാനയുടെ ദുരന്തവിവരമറിഞ്ഞ് മാങ്ങാട്ടിടത്തു നിന്നും ബന്ധുക്കളും നാട്ടുകാരും ബംഗ്ളൂരിലെത്തിയിട്ടുണ്ട്.