- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ മരണത്തിൽ തളർന്ന മകൾ; രോഗക്കിടക്കിയിലുള്ള അച്ഛൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയും പൊലിഞ്ഞു; ഭാര്യയുടെ വേർപാട് മറികടക്കാൻ പാചക വിദഗ്ധനായ കാഴ്ചയുടെ നിർമ്മാതാവിന് മറികടക്കാനായില്ല; 'നൗഷാദ് ദ് ബിഗ് ഷെഫ്' വിടവാങ്ങുമ്പോൾ
കൊച്ചി: ടെലിവിഷനിലെ ആദ്യ പാചക വിദഗ്ധൻ. കാഴ്ച എന്ന സിനിമയ്ക്ക് പിന്നിലെ നിർമ്മാതാവ്. ആ സിനിമ മാറ്റി മറിച്ചത് മലയാളത്തിലെ സിനിമാ സങ്കൽപ്പങ്ങളെയാണ്. അടിയും പിടിയും നിറഞ്ഞു നിന്ന കാലത്താണ് സ്നേഹത്തിന്റെ കഥയുമായി ബ്ലസി എത്തിയത്. അതിന് നൗഷാദ് എല്ലാ പിന്തുണയും നൽകിയപ്പോൾ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായി മമ്മൂട്ടി ചിത്രം മാറി.
കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. അതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഷീബയുടെ മരണം വല്ലാതെ തളർത്തി. പിന്നീട് തിരിച്ചുവരാൻ കഴിയാത്ത വണ്ണം രോഗം കീഴടക്കി. പതിമൂന്ന് വയസ്സുകാരിയായ നഷ്വയാണ് ഇവരുടെ ഏക മകൾ.
അമ്മയുടെ മരണം നൽകിയ മാനസികാഘാതത്തിലായിരുന്നു നഷ്വ. അച്ഛൻ രോഗത്തെ അതിജീവിച്ച് തിരികെ വരുമെന്ന പ്രതീക്ഷയിലും. എന്നാൽ നഷ്വയെ തനിച്ചാക്കി നൗഷാദും യാത്രയായി.
പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ 'നൗഷാദ് ദ് ബിഗ് ഷെഫി'ന്റെ ഉടമയായിരുന്നു നൗഷാദ്. കുട്ടിക്കാല സുഹൃത്തായ ബ്ലസിക്ക് വേണ്ടിയാണ് നിർമ്മാതാവായത്.
സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചായിരുന്നു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിലുള്ള തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു. നിർമ്മാതാവായ ശേഷവും പാചകക്കാരനായി തന്നെ നൗഷാദ് നിറഞ്ഞു. ആ രുചിക്കൂട്ടുകൾ മലയാളികൾ ഏറ്റെടുത്തു.
തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തി. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്.
അപ്പോഴും കാഴ്ചയുടെ നിർമ്മാതാവായി തന്നെ നൗഷാദ് നിറഞ്ഞു എന്നതാണ് വസ്തുത. നിർമ്മാതാവും പാചകവിദഗ്ധനുമായ നൗഷാദിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ബി. ഉണ്ണികൃഷ്ണൻ, ആസിഫ് അലി, മനോജ് കെ. ജയൻ, അജു വർഗീസ്, വിനയ് ഫോർട്ട്, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങി നിരവധിപേർ അദ്ദേഹത്തെ അനുസ്മരിച്ചു.
'അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ... പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും.'ആന്റോ ജോസഫ് കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ