കൊച്ചി:  നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതി മൂവാറ്റുപുഴ സ്വദേശി പി.എ. നൗഷാദ് അധോലോക ബന്ധങ്ങളുള്ള കള്ളക്കടത്തുകാരൻ. ദാവൂദ് ഇബ്രാഹിം സംഘത്തോടൊപ്പം കള്ളക്കടത്തിൽ അറിയപ്പെടുന്ന പേര്. മൂവാറ്റുപുഴയിലെ പലചരക്കുകടയിൽ സഹായി ആയിരുന്ന നൗഷാദ് പത്തു വർഷത്തിനിടെയാണ് ഹവാല ഇടപാടുകളിലും സ്വർണക്കടത്തിലും നടത്തി ഇടപെടലിലൂടെ അധോലോകത്തെ പ്രധാനിയായി മറിയത്.

ഹവാല, സ്വർണക്കടത്ത്, വിദേശ കറൻസി ഇടപാടുകളുടെ വലിയ ശൃംഖലയും ലോകത്തെവിടെയും നിമിഷ നേരം കൊണ്ടു പണം എത്തിക്കാൻ കഴിയുന്ന സംഘത്തിലെ പ്രധാനിയാണ് നൗഷാദ്. പ്രതിദിനം പത്തു കോടിയോളം രൂപ നൗഷാദിന്റെ സംഘം ഹവാല ഇടപാടു നടത്തുന്നതായാണു കസ്റ്റംസിന്റെയും എൻഫോഴ്‌സ്‌മെന്റിന്റെയും വിലയിരുത്തൽ. ഇയാളുടെ ദുബായിലെ ഹവാല ശൃംഖലയിൽ നിന്നു പാക്കിസ്ഥാനിലേക്കു പണം ഒഴുകിയിട്ടുണ്ടെന്നും വിവരമുണ്ട്. ഇക്കാര്യം ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണത്തിലാണ്. ദാവൂദിന്റെ സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.

കേരളത്തിലെ ഏറ്റവും വലിയ ഹവാല, സ്വർണക്കടത്തുകാരനെന്ന് നൗഷാദെന്ന് കസ്റ്റംസ് പറയുന്നു. നെടുമ്പാശേരിയിൽ കഴിഞ്ഞമാസം അഞ്ചിന് 13 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ ഇന്നലെ പിടിയിലായ ഇമിഗ്രേഷൻ വിഭാഗത്തിലെ പൊലീസുകാരൻ ജാബിൻ കെ. ബഷീറിൽ നിന്നാണ് നൗഷാദിനെ കുറിച്ച് കസ്റ്റംസ് അറിയുന്നത്. ഒന്നര വർഷത്തിനകം നൗഷാദിനു വേണ്ടി താൻ മാത്രം 1250 കിലോഗ്രാം സ്വർണം വിമാനത്താവളത്തിനു പുറത്തുകടത്തിയതായും ഇതിനു പ്രതിഫലമായി 5.5 കോടി രൂപ ലഭിച്ചതായും ജാബിന്റെ മൊഴിയിലുണ്ട്. തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

നെടുമ്പാശേരിയിലെ തന്നെ മറ്റു വിഭാഗങ്ങളുടെ സഹായത്തോടെയും മറ്റു വിമാനത്താവളങ്ങളിലൂടെയും എത്ര സ്വർണം കടത്തിയെന്ന വിവരം കൂടി ലഭിച്ചാലേ നൗഷാദിന്റെ കള്ളക്കടത്തു സാമ്രാജ്യത്തിന്റെ വ്യാപ്തി വ്യക്തമാകൂ. ഇതിനുള്ള നടപടികളിലാണ് കസ്റ്റംസ് അധികൃതർ. നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയാണ് പ്രധാനമായും നൗഷാദ് കള്ളക്കടത്തു നടത്തിയതെന്നാണ് വിവരം. വിമാനക്കമ്പനികളുടെ ചില ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാരും ഇമിഗ്രേഷൻ അടക്കമുള്ള വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥരും നൗഷാദിനെ സഹായിച്ചു. സാഹചര്യം നോക്കി, ഓരോ വിഭാഗം വഴി കള്ളക്കടത്തു നടത്തുകയായിരുന്നുവെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.

ചെറിയ തോതിൽ വിദേശ കറൻസി, ഹവാല ഇടപാടുകളിലൂടെ തുടങ്ങുകയും പിന്നീടു സ്വർണക്കടത്തിൽ കാരിയറാവുകയും ചെയ്തായിരുന്നു നൗഷാദിന്റെ തുടക്കം. പിന്നീട് സ്വന്തം സാമ്രാജ്യമുണ്ടക്കി. പാക്കിസ്ഥാൻ ബന്ധങ്ങളുണ്ടായതോടെ നൗഷാദ് വളർന്നു. വർഷങ്ങൾക്കു മുൻപ് ഇയാൾ ചെന്നൈയിൽ നിന്നു സ്വർണം കേരളത്തിലെത്തിച്ചു വിൽപന നടത്തിയിരുന്നു. ഇയാളുടെ സംഘം ഇന്ത്യൻ രൂപയും വിദേശ കറൻസിയും വിദേശത്തേക്കു കടത്തിയതായും കസ്റ്റംസ് സംശയിക്കുന്നു.

ഇയാളുടെ ബിസിനസ് പങ്കാളിയായ കുഞ്ഞുമുഹമ്മദ് കോഴിക്കോട് വിമാനത്താവളം വഴി ഇന്ത്യൻ കറൻസി വിദേശത്തേക്കു കടത്താൻ ശ്രമിച്ച കേസിൽ കള്ളക്കടത്തു നിരോധന നിയമപ്രകാരം തടവനുഭവിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ നൗഷാദിന്റെ സംഘം ജാബിനെ ഉപയോഗിച്ചു സ്വർണം കടത്തിയത് ഏറ്റവും സുരക്ഷിതമായ മാർഗത്തിലൂടെയായിരുന്നു. ഐബിയുടെ നിയന്ത്രണത്തിലുള്ള ഇമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കസ്റ്റംസ് സംശയിക്കില്ലെന്നു സംഘം മുൻകൂട്ടി കണ്ടു. സ്വർണവുമായെത്തുന്ന കാരിയർ ഇമിഗ്രേഷൻ ഹാളിലെ അഞ്ചാം നമ്പർ ശുചിമുറിയിലേക്കാണ് ആദ്യം പോവുക. ഒരു കിലോഗ്രാം വീതമുള്ള 16 സ്വർണക്കട്ടികളാകും കൊണ്ടുവരിക.

ബാത്ത്‌റൂമിലെ എസിയുടെ ഗ്രില്ല് തുറന്ന് അതിനകത്തു സ്വർണക്കട്ടികൾ വച്ച്, ഗ്രില്ല് തിരികെ അടയ്ക്കും. ഇതിനു ശേഷം കാരിയർ ഇമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകൾ വഴി പുറത്തേക്കു പോകും. ജാബിനാകട്ടെ, തിരക്കൊഴിഞ്ഞ ശേഷം ശുചിമുറിയിൽ കയറി, രണ്ടു തവണയായി സ്വർണം പുറത്തെത്തിക്കും. വീതിയും അറകളുമുള്ള ബെൽറ്റിൽ എട്ടു സ്വർണ ബിസ്‌കറ്റുകൾ വയ്ക്കും. അതിനു മീതെ, വയർ കുറയ്ക്കാനുള്ള ബെൽറ്റ് ധരിച്ചു പുറത്തേക്കു പോകും. ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായതിനാൽ ആരും സംശയിക്കുകയോ പരിശോധിക്കുകയോ ചെയ്യില്ല. ഈ തന്ത്രമെല്ലാം ആവിഷ്‌കരിച്ച് നടപ്പാക്കിയത് നൗഷാദാണെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്.

മൂവാറ്റുപുഴ സംസ്ഥാനത്തെ വലിയ കുഴൽപണ ഇടപാടുകളുടെ കേന്ദ്രമാണെന്നു കേന്ദ്ര ഇന്റലിജൻസ് വർഷങ്ങൾ മുൻപ് റിപ്പോർട്ടു ചെയ്തിരുന്നു. മൂന്നു തവണ പിടിക്കപ്പെട്ടിട്ടും വീണ്ടും കുഴൽപണ ഇടപാടുകളിൽ സജീവമായി തുടർന്ന ആളാണ് നൗഷാദ്. നൗഷാദിന്റെ സഹായികളും, വിതരണക്കാരുമായിരുന്ന യുവാക്കളും നാടുവിടുകയും ചെയ്തിട്ടുണ്ട്. പലരും വിദേശത്തേക്കു കടന്നിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. കുഴൽപണ കേസുകളിൽ നേരത്തെ പിടിക്കപ്പെട്ടവരും 'മടി സ്വർണം' എന്ന പേരിൽ നികുതിവെട്ടിച്ചു സ്വർണ വിൽപന നടത്തിയവരും ചില ജൂവലറി ഉടമകളുമൊക്കെ പൊടുന്നനെ അപ്രത്യക്ഷരായവരിൽ ഉൾപ്പെടും.

മൂവാറ്റുപുഴയിൽ നിന്നു കുറച്ചു ദിവസത്തേക്കു മാത്രം ഗൾഫിൽ പോയി മടങ്ങുന്ന യുവാക്കളുടെ എണ്ണം അവിശ്വസനീയമാം വിധം കൂടുതലാണെന്നും ഇതിൽ ഗുരുതരമായ അസ്വാഭാവികതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഈ യുവാക്കളിൽ ഭൂരിഭാഗത്തിനും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസ് ഇപ്പോൾ അന്വേഷിക്കുന്നവരുമായി ബന്ധമുണ്ടെന്നു വ്യക്തമായിട്ടുണ്ട്.