- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലാകാത്തതിനാൽ കർഷകർ കൃഷി നിർത്തി; നവരകൃഷി കേരളത്തിലാകെ 20 ഹെക്ടറിൽ മാത്രം; എന്നിട്ടും വിപണിയിലാകെ നവരവിൽപന; സർവരോഗസംഹാരിയെന്നു പറഞ്ഞു വിൽക്കുന്നത് യഥാർത്ഥ നവരയരിയോ?
കണ്ണൂർ: ആരോഗ്യസുരക്ഷയ്ക്ക് ഉത്തമമെന്നു കേട്ടാൽ എന്തു വില കൊടുത്തും അതു വാങ്ങിക്കഴിക്കുക എന്ന ശീലം മലയാളിക്കു പണ്ടേയുള്ളതാണ്. നല്ലതോ വ്യാജനോ എന്നൊന്നും നോക്കാതെ മാർക്കറ്റിൽ തേടി നടന്ന് അതുവാങ്ങി ഉപയോഗിക്കുന്നതും പതിവായിരിക്കുകയാണ്. ഈ ഗണത്തിൽ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത് 'നവര അരി'യാണ്. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ആയുർവേ
കണ്ണൂർ: ആരോഗ്യസുരക്ഷയ്ക്ക് ഉത്തമമെന്നു കേട്ടാൽ എന്തു വില കൊടുത്തും അതു വാങ്ങിക്കഴിക്കുക എന്ന ശീലം മലയാളിക്കു പണ്ടേയുള്ളതാണ്. നല്ലതോ വ്യാജനോ എന്നൊന്നും നോക്കാതെ മാർക്കറ്റിൽ തേടി നടന്ന് അതുവാങ്ങി ഉപയോഗിക്കുന്നതും പതിവായിരിക്കുകയാണ്.
ഈ ഗണത്തിൽ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത് 'നവര അരി'യാണ്. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ആയുർവേദ ഗ്രന്ഥങ്ങളിൽ നവര അരിയുടെ പോഷക ഗുണങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെപ്പോലെ നവര തേടിയുള്ള അലച്ചിലിനൊന്നും ആരും തയ്യാറായിട്ടില്ല. നവര അരിക്കു വേണ്ടിയുള്ള അന്വേഷണം ഏറിയപ്പോൾ സൂപ്പർ മാർക്കറ്റുകളിലും എന്തിനധികം, സർക്കാർ ഉടമസ്ഥതയിലുള്ള സപ്ലൈക്കോയിലും ഇതു സ്ഥാനം പിടിച്ചു. യഥാർത്ഥ നവരയാണോ ഇതെന്നു നോക്കാതെ അനുദിനം ആവശ്യക്കാർ ഏറിവരികയാണ്.
കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകളിലാണ് നവര കൃഷി ചെയ്യുന്നത്. ജൈവരീതിയിൽ കൃഷിചെയ്യുന്ന നവരക്കർഷകർ പലരും ഈ കൃഷി ഉപേക്ഷിച്ചിരിക്കയാണ്. ഒരു കിലോഗ്രാം നവരയ്ക്കു 200 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കർഷകർക്ക് ലാഭമുണ്ടാകൂ. അത്രയും തുകക്ക് ആരും നവര അരി വാങ്ങാൻ തയ്യാറാകാത്തതിനാൽ ഈ കൃഷിരീതിയിൽ നിന്നും ഭൂരിഭാഗം കർഷകരും പിന്നോട്ടു പോയിരിക്കയാണ്. എന്നാൽ കാലം മാറി. നവരയിലൂടെ ആരോഗ്യം വർദ്ധിപ്പിക്കാമെന്നും ആയുസ്സു കൂട്ടാമെന്നും പ്രചാരണം കൊടുമ്പിരിക്കൊള്ളുകയാണ്. അതോടെ നവരയരി തേടിയുള്ള അന്വേഷണവും ഏറിവരുന്നു. ഇപ്പോൾ നവര അരി കിട്ടാത്ത ഇടമില്ലെന്ന അവസ്ഥയാണ്. പ്രമേഹം, ത്വക്ക് രോഗങ്ങൾ, കരൾ, ദഹനസംബന്ധമായ രോഗങ്ങൾ, എന്നിവക്ക് നവര ഉത്തമമെന്നാണ് പ്രചാരണം. പാലക്കാട്ടെ പ്രമുഖ നവര ഉത്പാദക സ്ഥാപനം ഈ പ്രചാരണം മുൻ നിർത്തി നോട്ടീസ് അടിച്ചിറക്കിയിട്ടുമുണ്ട്. കേരളത്തിലാകെ ഇരുപത് ഹെക്ടറിൽ താഴെ മാത്രമാണ് നവര കൃഷി ചെയ്യുന്നത്. അതും രണ്ട് വിളവായിട്ട്. എന്നിട്ടും നവര ഇത്രയേറെ മാർക്കറ്റിൽ എത്തുന്നത് എങ്ങനെയെന്ന് അറിയില്ല.
ആവശ്യക്കാർ ഏറുന്നതിനനുസരിച്ച് നവര അരിയിൽ വ്യാജൻ വിലസുന്നുണ്ടെന്നു വ്യക്തമാണ്. സാധാരണ കൃഷിയിടങ്ങളിൽനിന്ന് കിട്ടുന്ന നെല്ലിന്റെ പാതി മാത്രമേ നവരക്ക് ലഭിക്കാറുള്ളൂ. അതുകൊണ്ടുതന്നെ പലരും ഈ കൃഷിയിൽ നിന്നും പിൻവാങ്ങി. പാലക്കാട് ഉത്പ്പാദിപ്പിക്കുന്ന നവര ഇക്കോഫാമിന്റെ അരിക്ക് കിലോഗ്രാമിന് 396 രൂപയാണ് വില. എന്നാൽ നവരയുടെ പേരിൽ സപ്ലൈക്കോ ഉൾപ്പെടെയുള്ള മാർക്കറ്റിൽ 400 ഗ്രാം പാക്കിന് വെറും 46 രൂപ. ഇത് നവരയാണോയെന്ന് വിശ്വസിക്കുന്നതെങ്ങനെ?
കിലോഗ്രാമിന് 200 രൂപ ലഭിച്ചാൽ മാത്രമേ കർഷകന് ലാഭമുണ്ടാകൂവെന്ന് ഏഴോം, ചെറുതാഴം മേഖലകളിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നവര കൃഷി ചെയ്യേണ്ടത് മറ്റൊരു വളവും ചേർക്കാതെയാണ്. എന്നാൽ ഇപ്പോഴുള്ള നവരയുടെ കടന്നുവരവിൽ ഏറെ സംശയമുണ്ടെന്ന് ആയുർവേദ ഡോക്ടർമാർ പറയുന്നു. പോഷകഗുണവും ഉത്തമവുമായ ആരോഗ്യ ഭക്ഷണമാണ് നവരയെന്നും ഇതിന്റെ കുറുക്ക് കുട്ടികൾക്ക് രോഗ പ്രതിരോധശേഷി ഉണ്ടാക്കുമെന്നും പറഞ്ഞാണ് നവര ഉത്പ്പാദകരിലെ ഭീമന്മാർ പ്രചരിപ്പിക്കുന്നത്. അതിലൂടെ അവർ വൻവിലയിട്ടാണ് നവര അരി വിൽപ്പന നടത്തുന്നത്.
അഷ്ടാംഗഹൃദയത്തിൽ ഷഷ്ടിക എന്ന പേരിലുള്ള നവര വാതം, പിത്തം, കഫം എന്നീ ദോഷങ്ങളെ ഹനിക്കുമെന്ന് പറയുന്നു. മെലിഞ്ഞ ശരീര പ്രകൃതിക്കാർക്കും ചൂടുകൂടുതലുള്ളവർക്കും ഇത് ഗുണം ചെയ്യുന്നു. എന്നാൽ മധുരഗുണവും ശീതവീര്യവുമുള്ള നവര തടിച്ചവർക്കും കഫ പ്രകൃതക്കാർക്കും ഉത്തമമല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് മലബന്ധമുണ്ടാക്കുമെന്നും പ്രമുഖ ആയുർവേദ ഡോക്ടറായ അബ്ദുൾ റഹ്മാൻ പൊയ്‌ലിയൻ പറയുന്നു. രോഗിയെ മനസ്സിലാക്കി മാത്രമേ നവര നൽകാവൂ എന്നതാണ് ശാസ്ത്രം.
അല്ലാതെ നവര അരി സർവ്വർക്കും എപ്പോഴും കഴിക്കാനുള്ള ഭക്ഷണമല്ല. എന്നാൽ നവരയിപ്പോൾ കാശുണ്ടാക്കാനുള്ള മാർക്കറ്റിങ് തന്ത്രമായി മാറി. കേരളത്തിനകത്തും പുറത്തും റിസോർട്ടുകളിലും മറ്റും നവര അരികൊണ്ടുള്ള കഞ്ഞിയും മറ്റും നൽകുന്നുണ്ട്. നവരയുടെ മറവിൽ ചുവന്ന അരിയും മാർക്കറ്റിൽ സുലഭം. ഇതാണ് ഉപഭോക്താക്കളിൽ പലരും ഉപയോഗിക്കുന്നത്. കേരളീയ ചികിത്സയിൽ മാത്രം ഒതുങ്ങി നിന്ന നവരയും നവരക്കിഴിയും ഇന്ന് വ്യാപകമാവുകയാണ്. ഇതിന്റെ പേരിൽ ഒരു ഭാഗത്ത് വ്യാജൻ അരങ്ങുവാഴുകയും മറുഭാഗത്ത് വൻ വില വാങ്ങി ഉപഭോക്താക്കളെ ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നു.