- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവരസക്കെതിരെ പ്രതിഷേധം ശക്തമാക്കി മുസ്ലിം മതവിശ്വാസികൾ; പ്രതിഷേധം ആന്തോളജിയിലെ ഇന്മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഖുറാനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി; നെറ്റ്ഫ്‌ളിക്‌സിനെതിരെ നിയമനടപടി വേണമെന്നും ആവശ്യം; നാദിർഷായെ പിന്തുണച്ചവർക്ക് നവരസയിൽ മിണ്ടാട്ടമില്ല
ചെന്നൈ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്നു ചിത്രമായിരുന്നു നവരസ.പേര് സുചിപ്പിക്കുന്നത് പോലെ ഒൻപത് രസങ്ങളെ ചെറുചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ആന്തോളജി രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഗസത് 6 ാം തീയ്യതി നെറ്റ്ഫ്‌ളിക്‌സിലുടെ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുക്കാൻ ചിത്രത്തിന് സാധിച്ചു.എന്നാൽ ചിത്രം പുറത്തിറങ്ങി നാൽപ്പത്തിയെട്ട് മണിക്കൂർ തികയും മുൻപ് തന്നെ വിവാദങ്ങളിലേക്ക് വീഴുകയാണ് നവരസയും.
ആന്തോളജിയിലെ ഇന്മൈ എന്ന ഒരു ചിത്രമാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനായി ഖുറാനിലെ വാചകങ്ങളുപയോഗിച്ചെന്നതാണ് വിവാദത്തിനടിസ്ഥാനം.ഇതോടെ ചിത്രം പിൻവലിക്കണമെന്നും നെറ്റ്ഫ്‌ളിക്‌സിനെതിരെ നടപടിയെടുക്കമെന്നുമാവശ്യപ്പെട്ട് മുസ്ലിംസംഘടനകൾ രംഗത്ത് വന്നു.
തമിഴ് മാധ്യമമായ ദിന തന്തിയിൽ നൽകിയ പരസ്യത്തിലാണ് ഖുറാനിലെ വാക്യങ്ങൾ ഉൾപ്പെടുത്തിയ പരസ്യം പ്രസിദ്ധീകരിച്ചത്. രതീന്ദ്രൻ ആർ പ്രസാദ് സംവിധാനം ചെയ്ത ഇന്മൈ എന്ന ചിത്രത്തിന്റെ പരസ്യത്തിലാണ് ഖുറാൻ വാക്യങ്ങൾ ഉപയോഗിച്ചിരിക്കുന്നത് . ചിത്രത്തിലെ അഭിനേതാക്കളായ പാർവ്വതി തെരുവോത്തിനും സിദ്ധാർത്ഥിനു നേരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.ഇത് ഖുറാനെയും, വിശ്വാസികളെയും അപമാനിക്കുന്നതാണെന്നും നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി എടുക്കണമെന്നുമാണ് ക്യാമ്പയിനിൽ ഉയരുന്ന ആവശ്യം.എന്തിനാണ് ഈ വാക്യങ്ങൾ പരസ്യത്തിൽ സ്വീകരിച്ചതെന്നും ചോദ്യമുയരുന്നുണ്ട് .
ഇന്ത്യൻ സുന്നി മുസ്ലിം സംഘടനയായ റാസ അക്കാദമിയും നവരസയുടെ പരസ്യത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട് . വിശുദ്ധ പുസ്തകത്തെ അപമാനിക്കുകയാണ് നെറ്റ് ഫ്‌ളിക്‌സ് എന്നാണ് റാസ അക്കാദമിയുടെ ആരോപണം.നെറ്റ്ഫ്‌ളിക്‌സിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഖുറാൻ വാക്യങ്ങൾ 'ആളുകളെ രസിപ്പിക്കുന്ന' ഒരു സ്രോതസ്സായി ഉപയോഗിക്കരുതെന്നും വിമർശനമുയരുന്നു. ഖുറാനും ഇസ്ലാമും ആളുകളെ രസിപ്പിക്കുന്നതിന്റെ ഉറവിടങ്ങളല്ല. അത് ഞങ്ങളുടെ അന്തസ്സിന്റെയും മത വിശ്വാസങ്ങളുടെയും ഭാഗമാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തരുത് എന്നും ട്വിറ്ററിലൂടെ ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെടുന്നു.
സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയ നെറ്റ് ഫ്‌ളിക്‌സിനെതിരെ #BanNetflix എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്. അതേസമയം നാദിർഷായുടെ യേശു എന്ന സിനിമക്കെതിരെ ക്രൈസ്തവർ പ്രതിഷേധം ഉയർത്തിയപ്പോൾ മലയാളം സിനിമക്കാർ അടക്കം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാൽ പാർവതി ഉൾപ്പെട്ട സിനിമ വിവാദത്തിൽ ആകുമ്പോൾ മലയാളം സിനിമാക്കാർ പ്രതികരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ