എം ഗോവിന്ദനും ഒ.വി. വിജയനും ആനന്ദും കെ.സി.എസ്. പണിക്കരും ജി. ശങ്കരപ്പിള്ളയും കാവാലവും അയ്യപ്പപ്പണിക്കരും ആറ്റൂരും അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും മറ്റുമാണോ മലയാളത്തിലെ ആധുനികതാവാദികൾ! നിശ്ചയമായും ഇവർ മാത്രമല്ല, ഇവർ പ്രതിനിധാനം ചെയ്ത ഭാവുകത്വം മാത്രവുമല്ല. മലയാളത്തിലെ ആധുനികതാവാദത്തിന്റെ ഒരു പകുതിമാത്രമാണ് വരേണ്യ-ഉദാത്ത നിലപാടുകൾ പുലർത്തിയ ഈ എഴുത്തുകാരുടെയും കലാപ്രവർത്തകരുടെയും രചനാലോകം. വായനക്കാരും പ്രേക്ഷകരും ഏറ്റവും കുറച്ചും നിരൂപകർ ഏറ്റവും കൂടുതലും വാഴ്‌ത്തിപ്പാടിയ ഭാവുകത്വവിപര്യയം. വായിക്കപ്പെടാത്ത കൃതികളും അരങ്ങേറാത്ത നാടകങ്ങളും ആളുകയറാത്ത പ്രദർശനങ്ങളുമായി അവ ചരിത്രത്തിൽ ഇടംപിടിച്ചു. പക്ഷേ പുരസ്‌കാരങ്ങളും പഠനങ്ങളും സർവകലാശാലാ സിലബസുകളും അവയെ തേടിവരികയും അവയ്ക്കു മാത്രം കലാപദവി ചാർത്തിക്കൊടുക്കുകയും ചെയ്തു. യഥാർഥത്തിൽ സാഹിത്യ, കലാമണ്ഡലങ്ങളിൽ ആധുനികതാവാദത്തിനു മുൻപുണ്ടായിരുന്ന വർഗവരേണ്യതയുടെയും ജാതിസവർണതയുടെയും ബഹുജനവിരുദ്ധ സമീപനത്തിന്റെയും മറ്റൊരു രൂപം മാത്രമായിരുന്നു ഇത്. സാമൂഹ്യഘടനയിലല്ല, സൗന്ദര്യഘടനയിലാണ് ഈ ഘട്ടത്തിലെ ബഹുജന ഉച്ചാടനം നടന്നത് എന്നു മാത്രം.

എന്നാൽ ആധുനികതാവാദം ലോകത്തെവിടെയുമെന്നപോലെ മലയാളത്തിലും ഭാവനയുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും ജനാധിപത്യവൽക്കരണം നടന്ന കാലം കൂടിയായിരുന്നു. സാഹിത്യ, കലാ രംഗങ്ങളിൽ മുൻപൊരിക്കലുമുണ്ടാകാത്തവിധം ജനപങ്കാളിത്തം നടപ്പായിത്തുടങ്ങി. സാങ്കേതികത, മുതലാളിത്തം, വിപണി എന്നിവയുടെ പിന്തുണയിൽ വായനയിലും കാഴ്ചയിലും കേഴ്‌വിയിലും പങ്കാളിത്തത്തിലും നിലനിന്ന എല്ലാ സവർണ, വരേണ്യ, ഉദാത്ത സങ്കല്പങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ജനകീയവൽക്കരിക്കപ്പെട്ട സാംസ്‌കാരിക പദ്ധതികൾ നിലവിൽ വന്നു. ജനപ്രിയ കലാ, സാഹിത്യ സംസ്‌കാരങ്ങളുടെ ഈ പ്രളയത്തിൽ ഉത്തമ സാഹിത്യ, കലാസൃഷ്ടികൾ പൊങ്ങുതടിപോലെ പൊന്തിക്കിടന്നു. ബഹുഭൂരിപക്ഷം വായനക്കാരുടെയും ശ്രോതാക്കളുടെയും പ്രേക്ഷകരുടെയും അഭിരുചികൾ പ്രഖ്യാപിച്ച സൗന്ദര്യശാസ്ത്രത്തിലെ അയിത്തോച്ചാടന പ്രസ്ഥാനമാണ് യഥാർഥത്തിൽ ബഹുജന-ആധുനികതാവാദം (1950-90). കുഞ്ചാക്കോയും മുട്ടത്തുവർക്കിയും പ്രേംനസീറും യേശുദാസുമൊക്കെച്ചേർന്നു സൃഷ്ടിച്ച ആ ഭാവുകത്വവിപ്ലവത്തിന്റെ രണ്ടാംഘട്ടത്തിലെ (1970 മുതലുള്ള) കണ്ണികളിലൊരാളാണ് സി.വി. ബാലകൃഷ്ണൻ. ജനപ്രിയസംസ്‌കാരരംഗത്തെ സവിശേഷമണ്ഡലങ്ങളിലൊന്നായ വനിതാമാസികകളിലൂടെയും അവ സൃഷ്ടിച്ച സാഹിതീയ ഭാവുകത്വത്തിലൂടെയും മലയാളത്തിൽ ആധുനികാനന്തരതയുടെ പല കൈവഴികളിലൊന്നിനു രൂപം നൽകിയ എഴുത്തുകാരൻ.

'ആയുസിന്റെ പുസ്തകം' എന്ന ആദ്യ നോവൽ എഴുതുമ്പോൾ, പി. പത്മരാജനെപ്പോലെ, ബാലകൃഷ്ണനും എം ടി-പാറപ്പുറത്ത് പാരമ്പര്യവും കാക്കനാടൻ-വിജയൻ പാരമ്പര്യവും കൂട്ടിയിണക്കാനാണു ശ്രമിച്ചത്. എങ്കിലും പിന്നീടദ്ദേഹത്തിന്റെ വഴി സ്വന്തമായൊരു ഭാവനാഭൂപടം വരഞ്ഞെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.

നാലു സ്വഭാവങ്ങളാണ് നാലുപതിറ്റാണ്ടു പിന്നിട്ട ബാലകൃഷ്ണന്റെ എഴുത്തുലോകം പ്രധാനമായും വെളിപ്പെടുത്തുന്നത്. ആധുനികതയിലെ ജനപ്രിയഭാവനയ്ക്ക് ആധുനികാനന്തരതയുടെ സാംസ്‌കാരിക പശ്ചാത്തലത്തിൽ സവിശേഷമായ ഒരാവിഷ്‌ക്കാരമണ്ഡലം കണ്ടെത്തിയതാണ് ഒന്നാമത്തെ സ്വഭാവം. ജനപ്രിയവാരികകളിൽനിന്ന് വനിതാമാസികകളിലേക്കു മാറിയ മധ്യ, ഉപരിവർഗ സാമൂഹികതയുടെ സ്‌ത്രൈണസൗന്ദര്യശാസ്ത്രമാണത്. ബൈബിൾ പഴയനിയമം മുതൽ തെയ്യക്കോലങ്ങൾ വരെയുള്ളവയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക ഭൂമിശാസ്ത്രം മുൻനിർത്തി രചിക്കപ്പെട്ട പാപപുണ്യങ്ങളുടെ സംഘർഷാത്മകതകളാണ് രണ്ടാമത്തെ സ്വഭാവം. പിതാ-പുത്ര-ഭ്രാതൃഹത്യകൾക്കും അഗമ്യഗമനത്തിനുമിടയിൽ പാപത്തിന്റെ നരകവാതിലുകൾ തുറന്നിടുന്ന മർത്യജീവിതത്തിന്റെ പൈശാചിക സുവിശേഷങ്ങളാണ് ബാലകൃഷ്ണന്റെ പല രചനകളും. ആത്മാവിന്റെ കടപ്പത്രങ്ങൾ. ആദ്യ നോവലായ 'ആയുസിന്റെ പുസ്തകം' തന്നെയും വിഖ്യാതമായ ഒരു പാപസങ്കീർത്തനമായിരുന്നല്ലോ. ദസ്തയവ്‌സ്‌കിയൻ നിഴലിൽ രചിക്കപ്പെട്ട 'സ്വർഗദൂത'നും 'അരനാഴികനേര'വും മറ്റുംപോലെ, മലയാളത്തിലെ ബിബ്ലിക്കൽ സാഹിത്യധാരയിലെ എണ്ണംപറഞ്ഞ ചുരുക്കം ചില രചനകളിലൊന്നായി മാറി, ഈ കൃതി. ഈ സംസ്‌കാരം ആവർത്തിക്കപ്പെടുന്ന നിരവധി രചനകൾ പിന്നീടും ബാലകൃഷ്ണന്റെ ഭാവനാലോകത്തുണ്ടായി.

മനുഷ്യബന്ധങ്ങളിലെ വൈരുധ്യാത്മക സംഘർഷങ്ങളുടെ രണ്ടു സവിശേഷ ലോകങ്ങളാണ് ബാലകൃഷ്ണൻ നിരന്തരം പ്രശ്‌നവൽക്കരിക്കുന്നത്. സ്ത്രീപുരുഷ ബന്ധങ്ങളും പിതാപുത്ര ബന്ധങ്ങളും. ജീവിതത്തിന്റെ നവരസവൈവിധ്യങ്ങളുടെ വിപുലമായ ഒരു കാമനാലോകം വരച്ചിടാൻ ബാലകൃഷ്ണൻ നിരന്തരം ശ്രമിക്കുന്നു. ഇതാണ് മൂന്നാമത്തെ സ്വഭാവം. നാലാമത്തേതാണ് ഒരുപക്ഷെ ബാലകൃഷ്ണന്റെ രചനകളെ തന്റെ സമകാലികരിൽ നിന്നുപോലും ആഖ്യാനപരവും സൗന്ദര്യശാസ്ത്രപരവുമായി ഏറ്റവും മൗലികമായി മാറ്റിനിർത്തുന്ന ഘടകം. സിനിമാറ്റിക്, ടെലിവിഷ്വൽ വാങ്മയങ്ങളുടെ സാന്നിധ്യമാണത്. ആധുനികതയിൽ എം ടി-പത്മരാജൻ ദ്വയം ഏറ്റവും സമർഥമായി ആവിഷ്‌ക്കരിച്ച ഒന്നായിരുന്നു, സിനിമാറ്റിക് നോവൽ, കഥാരചന. ദൃശ്യബിംബങ്ങൾ മുതൽ മൊണ്ടാഷ് വരെയുള്ളവ സമർഥമായി കൂട്ടിയിണക്കി ഭാഷയുടെ കാഴ്ചപ്പൂരങ്ങളൊരുക്കി, അവർ. ബാലകൃഷ്ണൻ സിനിമാറ്റിക് ആഖ്യാനത്തിൽ തുടങ്ങുകയും ടെലിവിഷ്വൽ ആഖ്യാനത്തിലേക്കു ചുവടുമാറുകയും ചെയ്തുകൊണ്ട് ആധുനികതയെ ആധുനികാനന്തരതയിലേക്കു നീട്ടിവരച്ചു.

ഈ നാലു സ്വഭാവങ്ങളും ഏറിയും കുറഞ്ഞും സന്നിഹിതമാകുന്ന ഒൻപതു ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. പലകാലങ്ങളിലെഴുതിയ, പല ഭാവുകത്വങ്ങൾ പ്രകടിപ്പിക്കുന്ന, ആധുനിക-ആധുനികാനന്തര പ്രവണതകൾ ഒരുപോലെ പ്രതിഫലിപ്പിക്കുന്ന നവരസകഥകൾ.

കരിമ്പിൻപാടത്തെ ചാറ്റൽമഴയിൽ, കോഴിയങ്കം, മക്കൾ, ഉറങ്ങാൻ വയ്യ, ചുഴലിക്കാറ്റിന്റെ വരവ്, ചിത്രശാല, ദൈവംകെട്ട് മഹോത്സവം, കുളിര്, ഉൾത്തളങ്ങൾ എന്നിവയാണ് കഥകൾ.

ബാല്യകാലസഖിയായ സൂസനെ പിൽക്കാലത്ത് സുഹൃത്തുക്കൾക്കൊപ്പം പണം കൊടുത്തു പ്രാപിക്കാനെത്തുന്ന ഐവാന്റെ കഥയാണ് ആദ്യത്തേത്. പ്രണയത്തിന്റെ ചുംബനലഹരി മറന്ന കാലത്ത് പെണ്ണുടലിനെ ഭോഗവസ്തുവായി മാത്രം കണ്ട് ജീവിക്കുന്ന ചെറുപ്പക്കാർ നറുക്കിട്ടെടുക്കുന്ന ഊഴത്തിൽ ഐവാൻ സൂസനെ മറ്റാർക്കും വിട്ടുകൊടുക്കാതെ കാക്കുന്നു. നിമിഷനേരംകൊണ്ട് ശത്രുക്കളായി മാറുന്ന സുഹൃത്തുക്കളിൽനിന്ന് അവൻ അവളെ സംരക്ഷിക്കുന്നു. രണ്ടു സീനുകൾ. രണ്ടു കാലം. രണ്ടു മനുഷ്യാവസ്ഥകൾ. സാഹോദര്യം ഹത്യക്കു വഴിമാറുന്നതിന്റെ നാടകീയതയാണ് ഈ കഥയുടെ പരിണാമഗുപ്തി.

നിയമവിരുദ്ധമായി കോഴിപ്പോരു നടത്തുന്നവരെ പിടികൂടുന്ന പൊലീസുകാർ, പോരുകോഴികളെ സ്വന്തമാക്കി മടങ്ങുമ്പോൾ തമ്മിലിടഞ്ഞ്, കോഴികളെക്കൊണ്ട് പോരുനടത്തിക്കുന്ന കഥയാണ് 'കോഴിയങ്കം'. കോഴികളിൽ നിന്ന് മനുഷ്യരിലേക്കു പകയും കലിയും പകരുന്നതിന്റെ ആഖ്യാനം. രണ്ടു സീനുകൾ. രണ്ടു ജീവിതങ്ങൾ. അസാധാരണമായ കഥാപരിണതി. ഹിംസയുടെ വീറും വാശിയും ഉള്ളിൽ പേറുന്ന മനുഷ്യരുടെ ചിറകുവച്ച രൂപം മാത്രമാണ് പോരുകോഴികൾ എന്നു തെളിയിക്കുന്ന കഥ.

ക്രൂരനും ദുഷ്ടനുമായ അച്ഛനെ ഭയക്കുന്ന രണ്ട് ആൺ മക്കളുടെ കഥയാണ് അടുത്തത്. സ്‌നേഹവും വാത്സല്യവും കിട്ടാത്ത മക്കൾ അച്ഛനെ വെറുത്തു. അധികാരത്തിന്റെ പിതൃബിംബങ്ങളോട് എക്കാലത്തും മനുഷ്യർ പ്രകടിപ്പിക്കുന്ന ഭയത്തിൽ നിന്നുദിക്കുന്ന വിധേയത്വത്തിന്റെ കഥ. അല്പവും സ്‌നേഹം കൊടുക്കാതെ അമ്മയെ കൊന്ന അച്ഛനെ തങ്ങൾ രണ്ടു പേരും ചേർന്ന് ഒരു ദിവസം കൊല്ലും എന്നവർ തീരുമാനിക്കുന്നു. സ്‌നേഹരാഹിത്യത്തിന്റെ പുരുഷരൂപമായി അച്ഛനും സ്‌നേഹവാത്സല്യങ്ങളുടെ സ്ത്രീരൂപമായി അമ്മയും നിറയുന്ന പല കുഞ്ഞുങ്ങളുടെയും ജീവിതപരിഛേദമാണ് ഈ കഥ. എത്രയെങ്കിലും കുഞ്ഞുങ്ങൾക്ക് അച്ഛൻ ഭയമാണ്; അമ്മ സ്‌നേഹവും. പിതൃഹത്യയ്ക്കുകൊതിക്കുന്ന ഈഡിപ്പൽ അബോധത്തിന്റെ മികച്ച കഥാരൂപം.

കാമനകളുടെ വന്യതയ്ക്കും കാമികളുടെ മൃഗീയതക്കും സമാന്തരമായി സൃഷ്ടിക്കപ്പെടുന്ന ഹിംസാവാസനയുടെ അടിയടരുകൾ മറനീങ്ങുന്ന കഥയാണ് 'ഉറങ്ങാൻ വയ്യ'. ഈ പുസ്തകത്തിലെ ഏറ്റവും മികച്ച രചന. മികച്ച വേട്ടക്കാരനായിരുന്നു, വയോധികൻ. കാലം മാറി. കാടിനടുത്തുള്ള വീട്ടിൽ ഭാര്യയുമൊത്തു ജീവിതം തള്ളിനീക്കുകയാണയാൾ. മരവിച്ച ഉടലുകളും മനസ്സുകളും. തളച്ചിട്ട കാമനകളുടെ ഒറ്റക്കൊമ്പനെപ്പോലെ അയാൾ കിളികൾ മുതൽ മൃഗങ്ങൾവരെയുള്ളവയെ വേട്ടയാടി. ഒരിക്കൽ നായാട്ടിനു പോകുമ്പോൾ പ്രണയികളായ രണ്ടു ചെറുപ്പക്കാർ വിജനമായ കാട്ടിൽ നടത്തിയ ക്രീഡകൾ കണ്ട് അയാളുടെ മനസിളകി. രാത്രിയിൽ അഭയം തേടി അതേ കാമിതാക്കൾ അയാളുടെ വീട്ടിലെത്തി. അടുത്ത മുറിയിൽ അവർ ഇണചേരുമ്പോൾ അയാൾ തന്റെ ഭാര്യയെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുകൊല്ലുന്നു. സൃഷ്ടിയും സംഹാരവും ഒരേ സമയം നടക്കുന്ന സ്ഥിതിയുടെ വൈരുധ്യാത്മകതയിലാണ് ഈ കഥയുടെ പ്രാണൻ. കാമവെറിയുടെ കടുംരസക്കൂട്ടിൽ ചാലിച്ചെടുത്ത മനുഷ്യമനസ്സിനെക്കുറിച്ച് അസാധാരണമായ ഉൾക്കാഴ്ചയുള്ള രചന. മർത്യമനസ്സിന്റെ അടിയൊഴുക്കുകളെ സമർത്ഥവും സൂക്ഷ്മവുമായി ആലേഖനം ചെയ്യുന്ന കഥ. പെണ്ണിന്റെ സ്‌നേഹത്തിനും ആത്മാനന്ദങ്ങൾക്കും പകരം പകയും വെറിയും മുന്നോട്ടു വയ്ക്കുന്ന ആണിന്റെ നിസാരതകളുടെ കൂടി കഥയാണിത്. തലമുറകളുടെ വിടവിൽ മരണത്തിന്റെ മുന്നറിയിപ്പുമായി സദാസ്ഥാപിക്കപ്പെട്ടിരിക്കുന്ന കാമനാവെറികളുടെ നിറതോക്കു പോലുള്ള രചന. 

നശിച്ചുപോയ കുടുംബത്തിന്റെ ഭൂതകാല മഹത്വം കണ്ടെത്തി നാട്ടിലെ പുത്തൻ പണക്കാരനായ പ്രമാണിയെ വെല്ലുവിളിക്കുന്ന രണ്ടു സഹോദര•ാരുടെ കഥയാണ് അടുത്തത്. കുടുംബവും പുരാണവും മഹത്വവും പ്രമാണിത്തവുമൊക്കെ ചവിട്ടി നിൽക്കുന്ന പണക്കൊഴുപ്പിന്റെ സാരോപദേശകഥ. തട്ടിൻപുറത്തുനിന്നു കണ്ടെടുക്കുന്ന കുടുംബബൈബിളിലെ കുറിപ്പിൽ നിന്ന്, മൂന്നു തലമുറ മുൻപ് തന്റെ വല്യപ്പൂപ്പൻ കൊടുത്ത സഹായത്തിൽ നിന്നാണ് കളപ്പുരയ്ക്കൽ ഈശോ വർക്കിയും സന്തതിപരമ്പരകളും പണക്കാരായി മാറിയതെന്നറിയുന്ന കുരിശിങ്കൽ ഔസേപ്പ്, കള്ളവാറ്റു നടത്തി ജീവിക്കുന്ന സഹോദരൻ കുഞ്ഞൂഞ്ഞിനെയും കൂട്ടി കളപുരയ്ക്കൽ തറവാട്ടിലെത്തി ഇടിവെട്ടുപോലെ പൊട്ടിത്തെറിക്കുന്നതാണ് കഥ.


മാർട്ടിൻ ഫെർണാണ്ടസ് എന്ന ചലച്ചിത്രകാരനെ മരണക്കിടക്കയിൽ കാണാനെത്തുന്ന ആദ്യഭാര്യയാണ് ശശികല. അവൾ ഇപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്. പക്ഷെ മാർട്ടിനിൽ ശശികലയ്ക്കു ജനിച്ച ദീപാങ്കുരൻ എന്ന മകന് പിതാവിനെ വെറുപ്പാണ്. മാർട്ടിൻ പുത്രനെ കാണാൻ കൊതിക്കുന്ന മരണ സമയത്തു പോലും അവൻ അയാളെ കാണാൻ കൂട്ടാക്കുന്നില്ല. പിതാവിന്റെ മരണത്തിനും പുത്രന്റെ പിതൃനിന്ദയ്ക്കു മിടയിൽ കഥ സൃഷ്ടിക്കുന്ന ഒരു ജീവിത സംഘർഷമുണ്ട്. കാമുകിയും കൂട്ടുകാരനും അമ്മയും പറഞ്ഞിട്ടും ദീപാങ്കുരന് അച്ഛനെ സ്‌നേഹിക്കാനായില്ല. ആദ്യഭർത്താവിനും രണ്ടാം ഭർത്താവിനുമിടയിൽ ഉഴലുന്ന അമ്മയെ അവൻ വ്യഭിചാരിണിയായി കാണുകയും ചെയ്യുന്നു. സ്‌നേഹത്തിനും സ്‌നേഹരാഹിത്യത്തിനുമിടയിൽ മനുഷ്യബന്ധങ്ങൾ മരുഭൂവൽക്കരിക്കപ്പെടുന്നതിന്റെ ദൃഷ്ടാന്തകഥയായി മാറുന്നു, 'ചിത്രശാല'.

കാലം മാറിയിട്ടും മാറാത്ത പഴയ തലമുറയുടെ പ്രതിനിധിയായ അച്ഛന്റെ നിർബ്ബന്ധം മൂലം ദൈവംകെട്ടിനു തയ്യാറാകേണ്ടി വരുന്നു, ബാങ്കുദ്യോഗസ്ഥനായ ഭാസ്‌കരൻ. നൂറ്റൊന്നു തവണ തീക്കനലിൽ ചാടി വീണു തുള്ളുന്ന തെയ്യം ഒടുവിൽ എല്ലാവരും നോക്കി നിൽക്കെ അതേ കനൽ ക്കുമ്പാരത്തിൽ ആത്മാഹുതി നടത്തുന്നു. തീച്ചാമുണ്ഡിയായി മാറുന്ന മനുഷ്യജ•ത്തിന്റെ നിയോഗമാകുന്നു ഈ കഥയുടെ പ്രമേയം.

കൊച്ചുമക്കളുമായി ഒരു മുത്തശ്ശിക്കുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണ് 'കുളിര്'. വാത്സല്യത്തിന്റെ പിതൃപുരാണം. തലമുറകൾ തമ്മിലുള്ള അകലം ജീവിതമൂല്യങ്ങളുടെ കാലദൂരമായി മാറുന്ന രചന.

അവസാന കഥയായ ഉൾത്തളങ്ങൾ ഒരു മനുഷ്യന്റെ പരിണാമകഥയാണ്. വിവാഹം കഴിഞ്ഞ അന്നുതൊട്ട് വർഷങ്ങളോളം ഭാര്യയെ ഒരു വ്യക്തിയായിപ്പോലും പരിഗണിക്കാതിരുന്ന ഹർഷവർധനൻ. ഭാര്യാഭർത്തൃ ബന്ധത്തിലെ യാന്ത്രികതകൾക്കൊടുവിൽ, അമ്മകൂടി മരിച്ചപ്പോഴാണ് അയാൾക്ക് തന്റെ ഭാര്യയെ മനസ്സിലാക്കാൻ കഴിഞ്ഞത്. പൂത്തും കായ്ച്ചും പടർന്നുകിടക്കുന്ന അമരവള്ളികാണുമ്പോൾ, മൂന്നു പ്രസവിച്ച ഭാര്യയെ ഇത്രയും കാലം താൻ അവഗണിക്കുകയായിരുന്നു എന്നയാൾ തിരിച്ചറിയുന്നു. മനുഷ്യബന്ധങ്ങൾക്കിടയിൽ പടർന്നുകയറുന്ന പച്ചപ്പിന്റെ അമരവള്ളിപോലെ സ്‌നേഹം അയാളിൽ മുളയെടുക്കുന്നു.

പിതാപുത്രബന്ധത്തിലും ഭാര്യാഭർതൃ ബന്ധത്തിലും സംഭവിക്കുന്ന തിരയിളക്കങ്ങളും അടിയൊഴുക്കുകളുമാണ് ബാലകൃഷ്ണന്റെ ഈ കഥാസമാഹാരത്തിന്റെ പൊതു ജീവിത സന്ദർഭം. ആഴത്തെക്കാൾ പരപ്പും ജീവിത നിർഭരതയെക്കാൾ ആഖ്യാനപരതയും മുന്നിട്ടുനിൽക്കുന്നവയാണ് ചില കഥകളെങ്കിലും എന്നു തോന്നാം. രസധ്വനിയെക്കാൾ തുറന്നു പറച്ചിൽ ചില രചനകളെയെങ്കിലും ദുർബലമാക്കുന്നുമുണ്ട്. എങ്കിലും മുഴങ്ങുന്ന മർത്യാനുഭവങ്ങൾ, തീക്ഷ്ണമായ വികാരസന്ദർഭങ്ങൾ, അപാരമായ ആത്മസംഘർഷങ്ങൾ .... ഒക്കെ വിരളമായെങ്കിലും ഇവയിൽ കണ്ടെത്തുകയും ചെയ്യാം. ഏതർത്ഥത്തിലും ആധുനികതയിൽ നിന്നു മുന്നോട്ടു സഞ്ചരിച്ച മലയാള കഥയുടെ കലയിൽ, ജീവിതത്തിന്റെ മഹാസാഗരത്തിൽ മറുകരകാണാതുഴലുന്ന തുഴവള്ളക്കാരെപ്പോലുള്ള മനുഷ്യരുടെ ആത്മത്തിനും അപരത്തിനുമിടയിലെ യാതനകൾകൊണ്ടു രചിച്ച കാവ്യപുസ്തകമാകുന്നു, ഈ സമാഹാരം.

'ഉറങ്ങാൻ വയ്യ' എന്ന കഥയിൽ നിന്ന്

നിങ്ങൾക്ക് ആ മുറിയിൽ കിടക്കാം. ഞാൻ ഇവിടെയെങ്ങാനും കിടന്നോളാം. സ്ത്രീ പറഞ്ഞു. പിന്നീട് തന്റെ മുറിയിൽ കടന്ന് കുറെ പഴന്തുണികൾ ഒരു പായയിൽ ചുരുട്ടി പുറത്തേയ്‌ക്കെടുത്തു. അത് അവർക്ക് കിടക്കുന്നതിനായിരുന്നു. തന്റെ കൈയിലെ ചെറിയ വിളക്ക് അവർ പെൺകുട്ടിയുടെ നേർക്ക് നീട്ടി.

അവിടെ ഒരു പായയും തലയിണയും മാത്രമേ ഉള്ളൂ. കട്ടിലിലോ തറയിലോ വിരിക്കാം. നിങ്ങളുടെ ഇഷ്ടംപോലെ.

പെൺകുട്ടി വശ്യമായി ചിരിച്ചു.

ചെറുപ്പക്കാരൻ കണ്ണുതിരുമ്മിയും കോട്ടുവായിട്ടും മുറിയിലേയ്ക്ക് നടന്നു.

സ്ത്രീ പെൺകുട്ടി മാത്രം കേൾക്കാൻ പറഞ്ഞു:

''വാതിലടച്ചോളൂ''

വാതിലടച്ചപ്പോൾ സ്വയം മന്ദഹസിച്ചുകൊണ്ട് സ്ത്രീ തന്റെ കിടപ്പിന് വട്ടംകൂട്ടി. റാന്തൽ തലയ്ക്കൽ തിരി താഴ്‌ത്തിവച്ച് കണ്ണടച്ചുകിടന്നു.

പെൺകുട്ടി ജാലകം തുറന്ന് ഇരുട്ടിനെ നോക്കി. അപ്പോഴും മഴമാറിയിരുന്നില്ല. ജാലകത്തിന്റെ മരയഴികളിലൂടെ ഈറൻകാറ്റ് കടന്നു വന്ന് പെൺകുട്ടിയെ വിറകൊള്ളിച്ചു. ചെറുപ്പക്കാരൻ പിന്നിൽ നിന്ന് അവളെ ചുറ്റിപ്പിടിച്ച്, പിൻകഴുത്തിൽ പൊള്ളുന്ന ചുണ്ടമർത്തി. ഒരിക്കൽക്കൂടി അവളുടെ ഉടലാകെ വിറയൽ പടർന്നു....

ചിറകുകൾ ആഞ്ഞുവീശിക്കൊണ്ട് പിന്നെയും പക്ഷികൾ വരികയായിരുന്നു. കിഴവൻ ഉറക്കംവരാതെ തിരിഞ്ഞുകിടന്നു. ഈ പക്ഷികൾ എന്നെ ഉറങ്ങാൻ വിടില്ല. അയാൾ ഓർത്തു. വേണ്ട. ഞാൻ ഉറങ്ങാതിരിക്കാം. അയാൾ തലയുയർത്തി സ്ത്രീയെ നോക്കി. തിരിതാഴ്‌ത്തിയ റാന്തലിനരികെ അവൾ ഗാഢനിദ്രയിൽ. എത്ര പെട്ടെന്ന്!

അയാൾ ഒച്ചയുണ്ടാക്കാതെ എണീറ്റ് വാതിൽ തുറന്നു. മഴ കുറേശ്ശെയുണ്ട്. അതുവകവയ്ക്കാതെ ഇരുട്ടിൽ കുന്തിച്ചിരുന്ന് മൂത്രമൊഴിച്ചു. പിറകിൽ അവരുറങ്ങുന്ന മുറി. അതിനകത്തുനിന്നും പെൺകുട്ടിയുടെ നേർത്ത ചിരി. അയാളൊരു കള്ളനെപ്പോലെ നടന്ന് ജാലകത്തിനടുത്തെത്തി. ഇപ്പോൾ കുറച്ചുകൂടി വ്യക്തമായി കേൾക്കാം....

മുറിയിൽ ചെറുപ്പക്കാരനും പെൺകുട്ടിയും വിവസ്ത്രരായി അന്യോന്യം തേടുകയായിരുന്നു.

അയാൾ മഴ പെയ്യുന്നതറിയാതെ ജാലകത്തിനടുത്തുനിന്നു.

ചെറുപ്പക്കാരന്റെ മുതുകിൽ പോറലുകൾ വീണു. പക്ഷേ, അവൻ ചിരിച്ചു അവന്റെ ചിരിയിലേക്ക് പെൺകുട്ടിയുടെ നാവ് നീണ്ടുചെന്നു. റാന്തലിന്റെ തിരി നീട്ടി സ്ത്രീ എഴുന്നേറ്റു. കട്ടിൽ ഒഴിഞ്ഞിരിക്കുന്നതും കതക് തുറന്നുകിടക്കുന്നതും അറിഞ്ഞ് ആശങ്കയായി. റന്തലുമെടുത്ത് പുറത്തേയ്ക്ക് നടന്നു. അരികുപറ്റി തെക്കുവശത്തേക്ക് നീങ്ങി.

അയാൾ പരുങ്ങലോടെ സ്ത്രീയെ നോക്കി. സ്ത്രീയുടെ കണ്ണുകൾ അമ്പരപ്പുകാട്ടി. അയാൾ മഴയിലൂടെത്തന്നെ നടന്ന് വീടിനുള്ളിൽ കയറി. പിന്നാലെ സ്ത്രീയും. അയാൾ കട്ടിലിൽ ചാരിയിരുന്ന് ഒരു ബീഡിയെടുത്തു. അയാളുടെ കൈകൾ വിറച്ചിരുന്നു. സ്ത്രീ വാതിലടച്ച് അയാളുടെ നേർക്ക് തിരിഞ്ഞു. അയാൾ ബീഡി കത്തിക്കുന്നതും നോക്കി അല്പസമയം നിന്നു. പിന്നെ റാന്തൽ കൂടയുടെ മുകളിൽ കൊണ്ടുപോയി വച്ചു. അയാൾ സ്ത്രീയെ ശ്രദ്ധിക്കാതെ പുകയൂതി. അവർ കട്ടിലിനോട് ചേർന്നു നിന്നു.

''എന്താ നിങ്ങൾക്ക്?'' അവർ ചോദിച്ചു. വളരെ പതുക്കെയായിരുന്നിട്ടും അതിന് വല്ലാത്തൊരു മുഴക്കമുണ്ടായിരുന്നു.

അയാൾ പിശാചുബാധിച്ചതുപോലെ ചാടിയെണീറ്റ് സ്ത്രീയുടെ കഴുത്ത് കടന്നുപിടിച്ചു. അതിന്റെ ആഘാതത്തിൽ സ്ത്രീ പിറക്കോട്ടു വേച്ചു പോയി. കഴുത്തുഞെരിച്ചുകൊണ്ട് അയാൾ അവരെ നിലത്തേയ്ക്ക് ആഞ്ഞുതള്ളി. സ്ത്രീ നിലത്ത് വീണ് വേദനയിലും ഭീതിയിലും കരഞ്ഞു.

അയാൾ നാലുപാടും നോക്കി. തോക്കുകണ്ടപ്പോൾ മുഖത്തൊരു തിളക്കമുണ്ടായി. സ്ത്രീ ഭയപ്പാടോടെ നിരങ്ങി മാറാൻ തുടങ്ങി. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ... തോക്കിൻപാത്തികൊണ്ട് കഴുത്തിലും തലയിലും അടിയേറ്റ് കരച്ചിൽ ചിതറി.

വാതിൽ തുറന്ന് ആദ്യമെത്തിയത് പെൺകുട്ടിയാണ്. വായിൽ നിന്നും മുടിക്കുള്ളിലെ മുറിവിൽനിന്നും ചോരയൊഴുകി പിടയുകയായിരുന്ന സ്ത്രീയുടെ അരികിലേയ്ക്ക് ഒരു നിലവിളിയോടെ അവളോടി. അവളുടെ പിന്നാലെ വന്ന ചെറുപ്പക്കാരൻ വാതില്ക്കൽ പകച്ചുനിന്നു.

പെൺകുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് സ്ത്രീയുടെ മുഖത്ത് കൈകൾ ചേർക്കുമ്പോൾ, കിഴവൻ തോക്ക് വലിച്ചെറിഞ്ഞ്, മുൻവാതിൽ തുറന്ന്, ഇരുട്ടിലേയ്ക്ക് ഓടിയിറങ്ങി.

ഇരുട്ടിലൂടെ എവിടേയ്‌ക്കോ, എവിടേയ്‌ക്കോ...... 

നവരസകഥകൾ
സി.വി. ബാലകൃഷ്ണൻ
കൈരളിബുക്‌സ്
2016, വില: 130 രൂപ