ഭുവനേശ്വർ: മോദിക്ക് ബദലാകാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് ദേശീയ രാഷ്ട്രീയം. അടുത്തിടെ തെരഞ്ഞെടുപ്പുകളിലുണ്ടായ നേട്ടം തന്നെയാണ് ഈ പ്രതീക്ഷകൾക്ക് കരുത്തു പകരുന്നത്. രാഹുലിന്റെ പിന്നിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളും അണിചേരുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിൽ ബിജെപിക്ക് തിരിച്ചടി നൽകി മറ്റൊരു രാഷ്ട്രീയ നീക്കം കൂടി ദേശീയ തലത്തിൽ നടന്നു.

ദേശീയ രാഷ്ട്രീയത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിലേക്ക് കൂടുതൽ പാർട്ടികൾ അണിചേരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബിജെപി- കോൺഗ്രസ് ഇതര ഫെഡറൽ മുന്നണി നീക്കത്തിന് ചുക്കാൻ പിടിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നൽകി കൊണ്ടാണ് നവീൻ പട്‌നായിക്കിന്റെ നീക്കം. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ പിന്തുണ തേടി കെ.സി.ആർ ഭുവനേശ്വറിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും അദ്ദേഹം ഉറപ്പ് നൽകിയില്ല.

ഈ കൂടിക്കാഴ്ച കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞപ്പോൾ കെസിആർ വിരുദ്ധമുന്നണിയുടെ നേതാവായ ചന്ദ്രബാബു നായിഡുവിന്റെ സഖ്യത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് നവീൻ പട്‌നായക് തന്റെ പ്രതിനിധി മുഖേന കൈമാറി. എംപി സൗമ്യ രഞ്ജൻ പട്നായിക്ക് മുഖേനയാണ് കത്ത് കൈമാറിയത്. തന്റെ പാർട്ടിയായ ബിജെഡി 2019ൽ ബിജെപി വിരുദ്ധമായ ഒരു സർക്കാർ ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും തെറ്റായ വശങ്ങളുണ്ട്. ഇക്കാര്യത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിലപാടാണ് തങ്ങളുടെ പാർട്ടിയും പിന്തുടരുന്നത്. കുറവ് തെറ്റുകൾ ഉള്ള പാർട്ടിയെ പിന്തുണക്കുക എന്നതാണ് ആ നിലപാടെന്ന് സൗമ്യ രഞ്ജൻ പട്നായിക്ക് പറഞ്ഞു.

ബിജെപി-കോൺഗ്രസ് വിരുദ്ധ മുന്നണിയെന്ന് കെസിആർ ആവർത്തിക്കുന്നുണ്ടെങ്കിലും റാവുവിന്റെ നീക്കങ്ങളിൽ പ്രതിപക്ഷ കക്ഷികൾക്ക് ആശങ്കയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുണയ്ക്കുന്നതിന് വേണ്ടിയാണോ ഈ ഫെഡറൽ മുന്നണി എന്ന സംശയമാണ് പ്രാദേശിക കക്ഷികൾക്കുള്ളത്.

കോൺഗ്രസ്, ടിഡിപി, ഇടത് കക്ഷികൾ വിശ്വസിക്കുന്നത് കെസിആർ മോദിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മുന്നോട്ടുപോകുന്നത് എന്നാണ്. നരേന്ദ്ര മോദിയുമായും കഴിഞ്ഞദിവസം ചന്ദ്രശേഖരറാവു ചർച്ച നടത്തിയിരുന്നു. ബിജെപി വിരുദ്ധ കോൺഗ്രസ് അനുകൂല പക്ഷത്തെ ചന്ദ്രബാബു നായഡുവിന്റെ നീക്കങ്ങൾക്ക് ഇതോടെ പിന്തുണയേറുകയാണ്. അതിനിടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന ബിജെപിയുടെ അജണ്ട അവർക്ക് തന്നെ തിരിച്ചടിയാകുന്നുണ്ട്. ഈ നീക്കത്തോടെ സഖ്യകക്ഷികൾ തള്ളിപ്പറയുന്ന അവസ്ഥയാണ്.

അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി പ്രധാന വിഷയമായി ഉയർത്തിക്കാട്ടുന്നത് വികസനമാണെന്ന് എൻഡിഎ ഘടക കക്ഷി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ അറിയിച്ചു. അമിത് ഷായ്ക്കും രാംവിലാസ് പാസ്വാനുമൊപ്പം ബിഹാറിൽ സീറ്റ് വിഭജന പ്രഖ്യാപനം നടത്തിയ ശേഷമായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. നേരത്തെ രാംവിലാസ് പാസ്വാന്റെ എൽജെപിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു.

രാമക്ഷേത്ര വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടാനുള്ള ബിജെപി ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഘടകകക്ഷികളുടെ ഈ നിലപാട്. രാമക്ഷേത്ര തർക്കത്തിൽ കോടതിയിലാണ് അഭിപ്രായ സമന്വയമുണ്ടാക്കേണ്ടത്. സംസ്ഥാനത്ത് വികസനമാണ് പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയെന്നും നിതീഷ് പറഞ്ഞു.

ബിഹാറിൽ ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിലും എൽജെപി ആറ് സീറ്റിലും മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമിത് ഷായും നിതീഷ് കുമാറും പാസ്വാനും ചേർന്നാണ് സീറ്റ് വിഭജന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര മന്ത്രിയായ പാസ്വാനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ എൻഡിഎയിലെ സഖ്യകക്ഷിയായ ആർഎൽഎസ്‌പി സീറ്റ് തർക്കത്തെ തുടർന്ന് മുന്നണി വിട്ടിരുന്നു. രാമക്ഷേത്രം ബിജെപിയുടെ മാത്രം അജൻഡയാണെന്നും എൻഡിഎയുടേത് അല്ലെന്നും ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.