ബൽറാംപൂർ: കാട്ടിൽ 102 കോടി രൂപ മുടക്കിൽ ബ്രൂവറി സ്ഥാപിക്കാനുള്ള നീക്കത്തെ തടഞ്ഞുകൊണ്ട് ഗ്രാമീണവനിതകൾ മുന്നോട്ടു വന്നതോടെ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമോയെന്ന ഭയത്തിലാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. 12 ഏക്കർ വനഭൂമിയിൽ ബിയർ ബോട്ടിംലിങ് പ്ലാന്റ് സ്ഥാപിക്കാനാണ് സർക്കാർ നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. ഒഡീഷ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രിക്ചർ ഡവലപ്‌മെന്റ് കോർപറേഷന്റെ കീഴിൽ സ്ഥാപിക്കുന്ന ബ്രൂവറിക്കുവേണ്ടി 5000 മരങ്ങൾ മുറിക്കേണ്ടി വരുമെന്നാണ് ഗ്രാമീണർ വ്യക്തമാക്കുന്നത്. പ്രതിഷേധം ശക്തമായതോടെ ഡെങ്കനൽ ജില്ലയിലെ ജിംകർഗാഡി വനമേഖലയിലെ മരംമുറിക്കൽ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുകയാണ്.

കാട്ടിൽ ബ്രൂവറ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയതോടെ 1970-കളിലെ ചിപ്‌കോ മൂവ്‌മെന്റിന് സമാനമായരീതിയിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണിവിടെ. ഇന്ത്യയിലെ തന്നെ പരിസ്ഥിതി സംരക്ഷണ സമരപ്രസ്ഥാനങ്ങളിൽ പ്രശസ്തമായ ഒന്നാണ് ചിപ്കോ പ്രസ്ഥാനം. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണ ജനങ്ങളും ഒത്തുചേർന്ന് സമരം നടത്തിയിരുന്നു. അക്രമരഹിത ഈ സമരമാണ് ചിപ്കോ മൂവ്മെന്റ് എന്ന പേരിൽ അറിയപ്പെടുന്നത്. 1974 മാർച്ച് 26-ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായത്.

മരം മുറിക്കാനും വനം നശിപ്പിക്കാനുമുള്ള സർക്കാർ നീക്കത്തിനെതിരേ സമാന പ്രക്ഷോഭമാണ് നിലവിൽ ഡെങ്കനൽ ജില്ലയിൽ അരങ്ങേറുന്നത്. കാടുവെട്ടി വ്യവസായ ശാല സ്ഥാപിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുമ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കാൻ ചെറുപ്പക്കാരും വയോധികരും എന്നുവേണ്ട ജീവിതത്തിലെ എല്ലാ തുറകളിൽ നിന്നുള്ള സ്ത്രീകളുമുണ്ട്. വർഷങ്ങളായി കാടു സംരക്ഷിക്കുന്നതിന് കുടുംബത്തിലെ ഒരു പുരുഷനെ കാട്ടിലേക്ക് പറഞ്ഞുവിടുന്ന പാരമ്പര്യം പോലും ഉള്ള ഗ്രാമം കൂടിയാണ് ബൽറാംപൂർ. കാടിനെ തടി മാഫിയയിൽ നിന്നു രക്ഷിക്കുന്നതിനും കാടിന്റെ ദുരുപയോഗം തടയാനുമാണ് എല്ലാ കുടുംബത്തിൽ നിന്നും ഒരു പുരുഷനെ കാടിന്റെ കാവൽക്കാരായി പറഞ്ഞുവിടുന്നത്. മൂന്നു തലമുറകളായി അവർ ഇതേ രീതി പിന്തുടർന്നു വരികയാണ്.

ജിംകാർഗഡി വനത്തിലെ 600 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ ഗ്രാമവാസികൾ സംരക്ഷിച്ചു പോന്നിരുന്നത്. എല്ലാ ദിവസവും ഒരു കുടുംബത്തിലെ രണ്ടു പുരുഷന്മാരാണ് രാത്രി മുഴുവൻ കാടിന് കാവൽ നിൽക്കുക. ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റക്കാർ കാട്ടിൽ എത്തിയാലുടൻ അവർ ഗ്രാമവാസികളെ വിവരം അറിയിക്കുകയും ചെയ്യും.

വർഷങ്ങളായി തുടർന്നു പോരുന്ന ഈ കാടുസംരക്ഷണത്തിനാണ് ഇപ്പോൾ സർക്കാരിൽ നിന്നു പോലും വനനശീകരണത്തിന് ശ്രമമുണ്ടായിരിക്കുന്നത്. ഏക്കറു കണക്കിന് കിടക്കുന്ന വനഭൂമി വ്യവസായ മാഫിയയ്ക്ക് വിട്ടുകൊടുക്കാനുള്ള ശ്രമങ്ങൾക്ക് ഒരു കാരണവശാലും വഴങ്ങില്ലെന്ന് സ്ത്രീകളുൾപ്പെടെയുള്ള ഗ്രാമവാസികൾ പറയുന്നു. പ്രകൃതിദത്ത കാട് സംരക്ഷിക്കാനുള്ള സ്ത്രീകളുടെ ശ്രമത്തെ സർക്കാർ പോലും കണ്ടില്ലെന്നു നടിക്കുമ്പോൾ ഡങ്കനൽ ജില്ലയിലെ 13 ഗ്രാമത്തിലെ സ്ത്രീകളാണ് വനസംരക്ഷണത്തിന് കൈകോർത്ത് ഇറങ്ങിയിരിക്കുന്നത്.

ബ്രൂവറി പദ്ധതിക്ക് ഈ മാസം ആദ്യം മുഖ്യമന്ത്രി അനുമതി നൽകിയെങ്കിലും മരം മുറിക്കാനുള്ള നീക്കങ്ങൾ നിർത്തി വയ്ക്കാനാണ് പട്‌നായിക് നിർദ്ദേശം നൽകിയത്. കാട് വെട്ടിത്തെളിക്കാൻ ശനിയാഴ്ച അധികൃതർ ശ്രമം നടത്തിയെങ്കിലും ചിപ്‌കോ മോഡൽ എതിർപ്പുമായി സ്ത്രീകൾ രംഗത്തെത്തിയതോടെ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നിരുന്നു. സർക്കാരിനല്ല, ആർക്കും കീഴടങ്ങില്ലെന്ന മുന്നറിയിപ്പുമായാണ് അവർ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്നത്. വനത്തിൽ നിന്ന് ഒരു കൊമ്പു പോലും മുറിക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് ഗ്രാമീണസ്ത്രീകൾ കൈക്കൊണ്ടിരിക്കുന്നത്. ഗ്രാമീണവനിതകളുടെ ശക്തമായ നിലപാടിനു മുന്നിൽ ജില്ലാ ഭരണകൂടം പോലും ഒരക്ഷരം മിണ്ടാൻ ധൈര്യപ്പെടുന്നില്ല.