കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കോഴിക്കോട് എത്തിച്ചു. രാത്രി 7.15നാണ് കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

റോഡ് മാർഗം ആംബുലൻസിൽ മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റുമെടുക്കാണ് ഹൃദയം കോഴിക്കോട് എത്തിച്ചത്. 4. 10നാണ് ആംബുലൻസ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്. കൃത്യ സമയത്ത് ആംബുലൻസ് എത്താൻ സഹായിച്ച പൊലീസ്, മറ്റ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പ് നന്ദി അറിയിച്ചു.

ഹൃദയം എത്തിക്കാൻ എയർ ആംബുലൻസ് ഉപയോഗിക്കത്തതിനെതിരെ ഉയർന്ന വിമർശനത്തിനും മന്ത്രി മറുപടി നൽകി. 4 മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യേണ്ട അവസരങ്ങളിൽ മാത്രമേ എയർ ആംബുലൻസ് ഉപയോഗിക്കാറുള്ളൂവെന്നും വിമാനത്താവളങ്ങളിൽ സമയം പാഴാകാൻ സാധ്യതയുള്ളതിനാലാണ് എയർ ആംബുലൻസ് ഉപയോഗിക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.


മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കൊച്ചി എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. എന്തുകൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചില്ല എന്ന നിരവധി ചോദ്യമാണ് ഉയരുന്നത്. 4 മണിക്കൂർ മുതൽ 6 മണിക്കൂറിനുള്ളിൽ  (Cold ischemia time) ഹൃദയം എത്തിച്ചാൽ മതിയാകും. സാധാരണ 4 മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യേണ്ട അവസരങ്ങളിൽ മാത്രമേ എയർ ആംബുലൻസ് ഉപയോഗിക്കാറുള്ളൂ. വിമാന മാർഗം പോകുകയാണെങ്കിൽ എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്കും തുടർന്ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലേക്കും മാത്രമേ പോകാൻ കഴിയൂ.

എയർപോർട്ടുകളിൽ കുറച്ച് സമയം പാഴാകാൻ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലൻസ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് അതിനനുസരിച്ചുള്ള ഗ്രീൻ ചാനൽ ക്രമീകരണം സർക്കാർ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങൾ ആശുപത്രിയിലും നടത്തിയിരുന്നു.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലൻസ് എത്താൻ സഹായിച്ച കേരള പൊലീസ്, മറ്റ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു.


ഫ്രാൻസിൽ അക്കൗണ്ടിങ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോൾ ഓൺലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാൻ വൈകിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കിടന്നിരുന്നു.

ഉടൻ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്നമായിരുന്നു. ആരോഗ്യ നിലയിൽ വലിയ മാറ്റം വരാത്തതിനാൽ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. 

നേവിസിന്റെ എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎൻഒഎസ്) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകീർത്തിച്ചു. അച്ഛൻ സാജൻ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരൻ എൽവിസിനേയും സർക്കാരിന്റെ ആദരവ് അറിയിച്ചു.