ചാവക്കാട്: സ്വർണാഭരണങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ജൂവലറി ഉടമയെ ചാവക്കാട് പൊലീസ് അറസ്റ്റു ചെയ്തു. നവരത്‌ന ജൂവലറി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കേച്ചേരി പറപ്പൂക്കാവ് നമ്പറത്ത് സുരേഷ് കുമാറിനെയാണ് (45) അറസ്റ്റ് ചെയ്തത്. മുന്നോറാളം പേരിൽ നിന്നാണ് പണം തട്ടിയെടുത്തത്.

മുന്നൂറോളം പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ചാവക്കാട് പൊലീസിന് ലഭിച്ചത്. തുടർന്ന് ജൂവലറി ഉടമയും പൊലീസും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് ഒരു മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് വാക്ക് നൽകി. ഇത് പാലിക്കപ്പെട്ടില്ല. പ്രതീക്ഷിച്ചപോലെ ബിസിനസ് പുരോഗതി പ്രാപിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ജൂലറി പ്രതികരിച്ചിരുന്നത്. എന്നാൽ ഈ വാക്ക് പാലിക്കാൻ ജൂലറിക്കായില്ല. ഇതോടെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

മംഗല്യനിധിയിൽ 80,000 രൂപയും ഒരു ലക്ഷം രൂപയും യഥാക്രമം അടച്ച വാടാനപ്പള്ളി മമ്പ്രമ്പത്ത് ഷെബീർ, മന്ദലാംകുന്ന് മമ്മികുട്ടിയകത്ത് മൊയ്തു എന്നിവരുടെ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിനിയുടെ ഒരു കിലോ 200 ഗ്രാം സ്വർണം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് നിക്ഷേപിച്ച് തിരികെ നൽകിയില്ലെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരു വർഷം മുമ്പാണ് നിക്ഷേപകരുടെ പണം തിരികെ നൽകാനാവാതെ പൊന്നാനി, വടക്കാഞ്ചേരി, ചാവക്കാട്, കേച്ചേരി എന്നിവിടങ്ങളിലെ ജൂവലറികൾ അടച്ചുപൂട്ടിയത്. ഇതിനെ തുടർന്ന് നിരവധി പേർ സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്വർണാഭരണങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ജൂവലറി നടത്തിപ്പിക്കാർ മൂന്നൂറോളം പേരിൽ നിന്ന് പണം തട്ടിയത്. തൃശൂർ ചാവക്കാട്,കേച്ചേരി, മലപ്പുറം പൊന്നാനി എന്നിവിടങ്ങളിലാണ് നവരത്‌ന ജൂവലറി നടത്തിപ്പുകാർ തട്ടിപ്പിന് വല വിരിച്ചത്.

സാധാരണക്കാരായ മത്സ്യത്തൊഴിലാളികളിൽ നിന്നും മറ്റ് നിർദ്ധന കുടുംബാംഗങ്ങളിൽ നിന്നും ചെറു തുകകൾ നിക്ഷേപമായി സ്വീകരിച്ചായിരുന്നു തട്ടിപ്പ്. കാലാവധി ഇല്ലാതെ നിക്ഷേപം സ്വീകരിച്ച ജൂവലറിക്കാർ പകരം സ്വർണം നൽകുമെന്നാണ് സാധാരണക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എത്ര തുക അടയ്ക്കുന്നുവോ അത്രയും മൂല്യമുള്ള സ്വർണാഭരണങ്ങൾ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ലക്ഷങ്ങൾ പണമായി നൽകിയവർക്കും നവരത്‌നക്കാർ മുക്കുപണ്ടമല്ലാതെ മറ്റൊന്നും നൽകിയില്ലെന്നും ആരോപണമുണ്ട്.