കൊച്ചി: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ കുടിലിന് മുന്നിൽ പതാക ഉയർത്തി രാജ്യ സ്നേഹം ഉയർത്തിക്കാട്ടിയ കുടുംബത്തിന് ഇന്ത്യൻ നാവിക സേനയുടെ ആദരം. തൃശൂർ ചേർപ്പ് ചെറുചേനം വെള്ളുന്ന പറമ്പിൽ കുടുംബാംഗങ്ങളെയാണ് സേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്ത് ക്ഷണിച്ചു വരുത്തി ആദരിച്ചത്. ഇവരുടെ കുട്ടികൾ പഠിക്കുന്ന സിഎൻഎൻ ബോയ്‌സ് ഹൈസ്‌കൂളിലെ രണ്ട് അദ്ധ്യാപകരെയും ആദരിച്ചു.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ നാവികാ സേനാ ആസ്ഥാനത്ത് ആദരവ് സംഘടിപ്പിച്ചത്. ചേർപ്പിലെ വീട്ടിൽ നാവിക സേനയുടെ വാഹനം എത്തി ഇവരെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. രാവിലെ 9 മണിക്ക് എത്തിയ സംഘത്തെ സേന പ്രൗഢ ഗംഭീരമായി സ്വീകരിച്ചു. ഒപ്പം മുൻ മിലിട്ടറി ഓഫീസർ മേജർ രവിയും ചേർന്നു. പതാക ഉയർത്തിയ മുത്തശ്ശി അമ്മിണിയമ്മയെയും സ്‌ക്കൂൾ പ്രധാനാധ്യാപകൻ പ്രവീൺ മാഷിനെയും പൊന്നാടയണിച്ച് ആദരിച്ചു. പിന്നീട് ലാൻഡിങ് ഷിപ്പായ ഇന്ത്യൻ നേവൽ ഷിപ്പ് മഗർ, ഫോർട്ട് കൊച്ചിയിലെ ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയം, നേവിയുടെ ഗണ്ണറി പരിശീലന സ്ഥാപനമായ ഐ.എൻ.എസ് ദ്രോണാചാര്യയും സന്ദർശിക്കാൻ അവസരം നൽകി.

കമാൻഡിങ് ഓഫീസർ, സ്റ്റാഫ്, ഐഎൻഎസ് മഗറിന്റെയും ഐഎൻഎസ് ദ്രോണാചാര്യയുടെയും ടീമംഗങ്ങളും ചേർന്ന് കൊച്ചുകുട്ടികളെ പ്രചോദിപ്പിക്കുന്നതിനായി നാവികസേനയുടെ ഉപഹാരങ്ങളും മെമന്റോകളും നൽകി. സമ്മാനങ്ങൾ നൽകിയതിന് പുറമേ തൃശൂരിന്റെ തനത് രുചികളോടു കൂടിയുള്ള വിഭവ സമൃദ്ധമായ സദ്യയും നൽകി. ഐ.എൻ.എസ് ദ്രോണാചാര്യയുടെ ജീവനക്കാരും കുടുംബാഗങ്ങളും നേവൽ വൈവ്‌സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളും നേവൽ കെ.ജിയിലെ അദ്ധ്യാപകരും ഇവർക്കൊപ്പം സദ്യ കഴിച്ചു.

രാജ്യ സ്നേഹം കണ്ടാൽ സ്വന്തം ജീവൻ വരെ കൊടുക്കുന്നവരാണ് ഇന്ത്യൻ സൈന്യമെന്ന് ആദരവിന് ശേഷം മേജർ രവി പറഞ്ഞു. ഇവരെ ആദരിക്കുന്നത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുവാനാണ്. എല്ലാവരും രാജ്യത്തെ സ്നേഹിക്കുക. രാജ്യ സ്നേഹം ഉയർത്തിപിടിക്കുക എന്നും മേജർ രവി പറഞ്ഞു. ദേശീയത ഉയർത്തിക്കാട്ടിയ അമ്മിണിയമ്മയെയും കുടുംബത്തെയും എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് ഷിപ്പ് കമാൻഡിങ് ഓഫീസർ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തികൾ വരും തലമുറകൾക്ക് ഒരു പാഠമാകണം അതിനായിട്ടാണ് ഈ ആദരവ് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി സർപ്രൈസ് മോട്ടിവേഷണൽ ടൂറിൽ പങ്കെടുപ്പിച്ച് ഇന്ത്യൻ നാവികസേന സന്ദർശനത്തിന് അവസരം ഒരുക്കിയത്.

73-ാമത് റിപ്പബ്ലിക് ദിനം കുട്ടികൾ മുത്തശ്ശി ദേശീയ പതാക ഉയർത്തുന്നതിനൊപ്പം വീട്ടിൽ ആഘോഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെകുറിച്ച് മറുനാടൻ മലയാളി ചെയ്ത റിപ്പോർട്ട് ശ്രദ്ധയിൽപെട്ട ഡിഫൻസ് പി.ആർ.ഓ കമാണ്ടർ അതുൽ പിള്ളയാണ് വിവരം മേലധികാരികളെ അറിയിച്ച് ആദരവ് സംഘടിപ്പിച്ചത്. അമ്മിണി അമ്മ, മണി, വിജയൻ, ശശി, ശശാങ്കൻ, സൗമ്യ, വിനീത, ദിവ്യ, വിസ്മയ, വിവേക്, വൈഗ, ശ്രീലക്ഷ്മി, ശ്രീനന്ത്, ശിവഹരി, ശിവാത്മിക, സ്‌കൂൾ പ്രധാനാദ്ധ്യാപകൻ പ്രവീൺ മാഷ്, അദ്ധ്യാപകൻ ദിലീപ്കുമാർ എന്നിവരാണ് നേവീ ആസ്ഥാനത്ത് എത്തിയത്.

ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് ആദരവിന് ശേഷം കുടുംബം മറുനാടനോട് പ്രതികരിച്ചത്. യുദ്ധക്കപ്പലുകളും തോക്കുകളും അടുത്തറിയാൻ കഴിഞ്ഞതും സേനാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നു. ഒന്നും ആഗ്രഹിക്കാതെയും ചിന്തിക്കാതെയും ചെയ്തതാണ് പതാക ഉയർത്തൽ. അത് സ്‌ക്കൂളിലെ അദ്ധ്യാപകൻ പ്രവീൺ മാഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ എല്ലാവരും അറിയുകയായിരുന്നു. ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. ഒപ്പം രാജ്യത്തോടുള്ള സ്നേഹം ഇരട്ടിയായെന്നും അവർ പറഞ്ഞു.