കൊച്ചി: ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്ന നടൻ വിനായകന്റെ പരാമർശം വിമർശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമാണ് നടൻ വിനായകൻ ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിനിടെ പ്രതികരിച്ചത്. മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ലെന്നും നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞു തരണമെന്നും മാധ്യമപ്രവർത്തകരോട് വിനായകൻ പറഞ്ഞു.

വിനായകന്റെ വിവാദ പരാമർശങ്ങളോട് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത നവ്യ നായർ വിയോജിപ്പ് പ്രകടിപ്പിച്ചു. മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാർശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോൾ എനിക്ക് പ്രതികരിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി. സംവിധായകൻ വികെ പ്രകാശിനൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.

വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം. എന്നാൽ തനിക്ക് അതിനു കഴിയില്ല. എന്തിനും അഭിപ്രായം പറയുന്ന ഒരാളാണ് വിനായകനെന്നും അങ്ങനെ ഒരാളുടെ അടുത്ത് പെട്ടന്ന് കയറി ഇടപെട്ടാൽ തിരിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും നവ്യ പറയുന്നു.

'വിനായകൻ എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ്. അങ്ങനെ ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടൽ പോലും അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അയാൾ എന്നെ തല്ലിയാൽ പോലും അയാൾക്കല്ല നാണക്കേട്, മറിച്ച് എനിക്കാണ് നാണക്കേട്. മീഡിയ അത് വാർത്തയാക്കും. കാരണം അയാൾക്ക് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം. പക്ഷേ എനിക്ക് അങ്ങനെ പറ്റുമോ? മോനും ഭർത്താവും ഒക്കെ എനിക്കുണ്ട്.

അയാൾക്കൊരു അടി കൊടുക്കാൻ പാടില്ലേ എന്ന് എന്നോട് ചോദിച്ചവരുണ്ട്. കാലവും ലോകവുമൊക്കെ ഒരുപാട് വളർന്നിട്ടുണ്ടാകാം. പക്ഷേ, ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല, അത് വാസ്തവമാണ്. അയാളൊരു തല്ല് തന്നാൽ ഞാൻ താഴെ വീഴും. എന്നെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരു ധൈര്യശാലിയാണെന്നും എന്തിനും പ്രതികരിക്കുന്ന ആളാണെന്നും ഞാനെവിടെയും പറഞ്ഞിട്ടില്ല.

വലിയ പ്രതികരണശേഷി ഇല്ലാത്ത ആളാണെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ അത് പറ്റാതെ വന്നിട്ടുണ്ടെന്നുമാണ് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുള്ളത്. മറിച്ച് പ്രതികരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ എനിക്ക് അഭിമാനവും അവരോട് തികഞ്ഞ ബഹുമാനവും തോന്നാറുണ്ട്.'നവ്യ പറഞ്ഞു.

നവ്യ നായരേയും വിനായകനേയും പ്രധാന കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമർശനം. മീ ടു എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ തോന്നിയാൽ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകൻ പറഞ്ഞത്.ട

'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' വിനായകൻ പറഞ്ഞു.