ഇസ്ലമാബാദ്: സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ കശ്മീർ പ്രശ്‌നം പരിഹരിക്കണമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക്കിസ്ഥാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഷെരീഫ് വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിന് ഇടപെടാനായി ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷെരീഫ് പാക് പാർലമെന്റിൽ പറഞ്ഞു. കശ്മീർ വിഷയം പാക്കിസ്ഥാൻ എപ്പോഴും ഇന്ത്യയുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യ അതിന് സമ്മതിക്കുന്നില്ലെന്നും ഷെരീഫ് കുറ്റപ്പെടുത്തി.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണമൊന്നും നടത്താതെയാണ് ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. അക്രമം ഉണ്ടായി മണിക്കൂറുകൾക്കം കുറ്റം പാക്കിസ്ഥാനുമേൽ കെട്ടിവച്ചു. ഇതിന് പിന്നിലെ ഗൂഢലക്ഷ്യം ആർക്കും മനസിലാകുമെന്നും ഷെരീഫ് പറഞ്ഞു.
ഏത് വിധത്തിലുള്ള ആക്രമണവും നേരിടാൻ പാക്കിസ്ഥാൻ തയ്യാറാണ്. ദാരിദ്രത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടണമെങ്കിൽ കൃഷിഭൂമികളിലൂടെ ടാങ്കുകൾ ഓടിച്ചാൽ സാധിക്കില്ലെന്നും ഷെരീഫ് പറഞ്ഞു.