- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവഴി തേടിയ സ്ത്രീയും പച്ചമരുന്നു വിറ്റുനടന്ന ലാടവൈദ്യന്മാരും നക്സലുകളായി പ്രചരിക്കപ്പെട്ടു; കാസർകോടാകെ നക്‌സൽ ഭീതിയിലായി; അന്വേഷണം നടത്തി പൊലീസ് തളർന്നു; ഒടുവിൽ സത്യം തെളിഞ്ഞു
കാസർഗോഡ്: മുഖ്യധാരാ മാദ്ധ്യമങ്ങൾ കാര്യമറിയാതെ പ്രചരിപ്പിച്ച കാസർകോട്ടെ മാവോയിസ്റ്റ് സാന്നിധ്യം ഒടുവിൽ ഉണ്ടയില്ലാ വെടിയായി. കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന പൊലീസ് മാവോയിസ്റ്റുകളെ തേടി നെട്ടോട്ടമോടുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ കാനത്തൂരിൽനിന്നും കുന്നുംകുഴിയിലേക്കുള്ള യാത്രയിൽ വഴിതെറ്റിയ സ്ത്രീയായിരുന്നു ജില്
കാസർഗോഡ്: മുഖ്യധാരാ മാദ്ധ്യമങ്ങൾ കാര്യമറിയാതെ പ്രചരിപ്പിച്ച കാസർകോട്ടെ മാവോയിസ്റ്റ് സാന്നിധ്യം ഒടുവിൽ ഉണ്ടയില്ലാ വെടിയായി. കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന പൊലീസ് മാവോയിസ്റ്റുകളെ തേടി നെട്ടോട്ടമോടുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ കാനത്തൂരിൽനിന്നും കുന്നുംകുഴിയിലേക്കുള്ള യാത്രയിൽ വഴിതെറ്റിയ സ്ത്രീയായിരുന്നു ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമെന്ന ഭീതി പരത്തിയ പ്രധാന കഥാപാത്രം. കർണാടകത്തിൽ പൊലീസുമായി ഏറ്റുമുട്ടി മരിച്ച പ്രമുഖ നക്‌സൽ നേതാവായിരുന്ന സാകേത് രാജന്റെ അനുയായിയായ പ്രഭയാണ് ആ സ്ത്രീയെന്നു നാട്ടിൽ പ്രചരിച്ചു.
റോഡിലൂടെ ഇരുപതോളം കിലോമീറ്റർ യാത്ര ചെയ്യേണ്ടുന്ന സ്ഥലത്ത് ഇടവഴികളിലൂടെ യാത്ര ചെയ്താൽ കേവലം 700 മീറ്റർ താഴെ മാത്രം നടന്നാൽ എത്താവുന്ന വഴിയന്വേഷിച്ച് എത്തിയതായിരുന്നു സ്ത്രീ. ഈ സ്ത്രീ മാവോയിസ്റ്റായ പ്രഭയാണെന്ന് നാട്ടുകാർ വിലയിരുത്തി. ഒപ്പം മാദ്ധ്യമങ്ങളും. പൊലീസും ആഭ്യന്തര വകുപ്പും അരിച്ചു പെറുക്കി അന്വേഷിച്ചപ്പോൾ ഇടവഴി അന്വേഷിച്ചു പോയതാണെന്നു ബോധ്യമായി. സമീപത്തെ ദാമോദരൻ നായരുടെ വീട്ടിൽ കയറിയാണ് സ്ത്രീ വഴി ചോദിച്ചിരുന്നത്. അതാണ് നക്‌സലൈറ്റായി സ്ത്രീയെ മുദ്ര കുത്താൻ ഇടയായത്.
രണ്ടാമത്തെ സംഭവം അരങ്ങേറിയത് കഴിഞ്ഞ ജനുവരി 21 നാണ്. കൊട്ടംകുഴിയിലെ നാരായണൻ നായരുടെ വീട്ടിൽ പച്ചമരുന്ന് വിൽപ്പനക്കാരായ രണ്ടു പേരെത്തി. നടുവേദനയും മറ്റ് അസുഖങ്ങളുമുള്ള നാരായണൻ നായർ 3000 രൂപ വില പറഞ്ഞ മരുന്ന് 1600 രൂപക്ക് വിലപേശി വാങ്ങി. ഇവർ പോയതോടെ നാട്ടുകാർ കഥകൾ മെനഞ്ഞു. താടിയും മുടിയും നീട്ടിയവർ മാവോയിസ്റ്റുകളാണെന്ന് നാട്ടുകാർ ഉറപ്പിച്ചു.
വാർത്താമാദ്ധ്യമങ്ങളിൽ കഥകൾ പെരുപ്പിച്ചു വന്നു. മരുന്ന് വാങ്ങിയ നാരായണൻ നായർ ഉണ്ണാതെ ഉറങ്ങാതെ മിണ്ടാതിരുന്നു. അവർ വീണ്ടും വരുമെന്ന് അയാൾ ഭയന്നു. പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകൾക്കൊടുവിൽ ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസും സംഘവും കാനചത്തൂർ മുതൽ കൊട്ടംകുഴി വരെയുള്ള കാടും മേടും അരിച്ചു പെറുക്കി. അസ്വാഭാവികമായി ഒന്നും കണ്ടില്ല. അന്വേഷണം ഒടുവിലെത്തിയത് പാലക്കാട്ട്. ശ്രീകൃഷ്ണപുരത്തെ ലക്ഷം വീട് കോളനിയിൽ. തോക്കുമായെത്തിയ കാസർഗോഡ് പൊലീസിനെക്കണ്ട് കോളനിവാസികൾ ഞെട്ടി. കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് പച്ചമരുന്ന് അരച്ച് വീടുകൾ തോറും വിൽപ്പന നടത്തുന്ന ലാടവൈദ്യസംഘമാണിതെന്ന്. ഒരു മാസത്തിലേറെ പൊലീസിന്റെ ഉറക്കം കെടുത്തിയ കഥ ഇങ്ങനെ.
മൂന്നാമതൊരു പ്രചാരണം കൂടി നാട്ടുകാർ ഇറക്കി. വർഷങ്ങൾക്കു മുമ്പ് കാനത്തൂർ വിട്ട രണ്ടു യുവതികൾ മാവോയിസ്റ്റുകളായി മാറിയെന്ന പ്രചാരണമാണു കൊഴുത്തത്. അതോടെ അവരെ മാവോയിസ്റ്റുകളായി മുദ്രകുത്തി പൊലീസ് അന്വേഷണം തകൃതിയായി നടന്നു. എന്നാൽ എറണാകുളത്തെ ഒരു വസ്ത്രനിർമ്മാണ കമ്പനിയിൽ ജോലിചെയ്യുന്ന യുവതികൾ തങ്ങളുടെ നാട്ടിൽ അറിയപ്പെടുന്ന മാവോ നേതാക്കളായി മാറിയത് പത്രങ്ങൾ വഴി അറിഞ്ഞ് അങ്കലാപ്പിലായി.
അന്വേഷണം എറണാകുളത്തേക്ക് നീണ്ടതോടെ യുവതികൾ ടെലിഫോൺ വഴി പൊലീസിനെ ബന്ധപ്പെട്ടു. വീട്ടിലെ പട്ടിണി മാറ്റാൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്നും മാസം തോറും വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന ശമ്പളം മുടക്കരുതെന്നും മാവോയിസ്റ്റ് എന്നു പറഞ്ഞ് തങ്ങളെ ദ്രോഹിക്കരുതെന്നും പൊലീസിനോടപേക്ഷിച്ചു. അതോടെ പൊലീസും ആശ്വാസത്തിലായി. അന്വേഷണത്തിൽ മൂന്നു കഥകളും രചിച്ചത് ജനങ്ങളും മാദ്ധ്യമങ്ങളും തന്നെയെന്നു വ്യക്തമാവുകയും ചെയ്തു.