ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവു വിലപിടിപ്പുള്ള നായികയാണ് നയൻതാര. നയൻസിനെ അഭിനയിക്കാൻ ലഭിക്കണമെങ്കിൽ ചില നിബന്ധനകളൊക്കെയുണ്ട്. അഭിനയിക്കു മടങ്ങും, അല്ലാതെ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ഈ താരസുന്ദരി പങ്കെടുക്കാറില്ല. സിനിമയിൽ ചുവടുവെച്ച കാലം മുതൽ തന്നെ ഇക്കാര്യത്തിൽ നയൻസ് ഉഗ്രശപഥം സ്വീകരിച്ചിരുന്നെന്നാണ് ചലച്ചിത്രമേഖലയിലെ സംസാരം. ഒരു സിനിമയുടെ കരാർ ഒപ്പിടുമ്പോൾ തന്നെ നയൻതാര ആദ്യം വെയ്ക്കുന്ന നിബന്ധനകളിൽ പ്രധാനപ്പെട്ടത് സിനിമയുടെ പ്രമോഷന് തന്നെ വിളിക്കരുതെന്നുള്ളതാണ്.

ഏത് ബ്രഹ്മാണ്ഡ ചിത്രമായാലും നയൻസ് പ്രൊമോഷന് എത്തില്ല. പലവട്ടം ഇക്കാര്യം താരസുന്ദരി തെളിയിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണ്. സ്വന്തം കാര്യം വന്നപ്പോൾ നയൻതാര തന്റെ ഉഗ്രശപഥമൊക്കെ പാടെ വിഴുങ്ങിക്കളഞ്ഞു. തന്റെ പുതിയ സിനിമയായ 'അറ'ത്തിന്റെ പ്രൊമോഷന് രംഗത്തിറങ്ങി നയൻസ് എവരേയും ഞെട്ടിച്ചുകളഞ്ഞു.

എന്തുകൊണ്ടാണ് താരം ഉഗ്രശപഥം അപ്പാടെ വിഴുങ്ങി രംഗത്തെത്തിയതെന്ന കാര്യം അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. സിനിമയുടെ സാമൂഹിക പ്രസക്തി കണ്ട് രംഗത്തിറങ്ങിയതൊന്നുമല്ല താരം. 'അറ'ത്തിന്റെ നിർമ്മാതാവ് താൻ ആയതുകൊണ്ടാണ് പൊടിയും തട്ടി താരസുന്ദരി രംഗത്തെത്തിയത്. കാശ് സ്വന്തം പോക്കറ്റിൽ നിന്നാകുമ്പോൾ ഉഗ്രശപഥമൊക്കെ സൗകര്യപൂർവ്വം മറക്കാം അല്ലേ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

മാനേജരെ ബിനാമിയാക്കിയാണ് നയൻസ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വൻകിട സ്വകാര്യ ചാനലാണ് കോടികൾ കൊടുത്ത് സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. ചാനൽ നയൻസിനെ വരച്ച വരയിൽ നിർത്തിയെന്നും പ്രമോഷന് വേണ്ടി എത്തണമെന്ന് നിർബന്ധം പിടിച്ചതോടെയാണ് താരം നിലപാട് മാറ്റിയതെന്നാണ് സൂചന.

കളക്ടറുടെ വേഷത്തിലാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ചിത്രത്തിലെത്തുന്നത്. സാമൂഹ്യ പ്രസക്തിയുള്ള സ്ത്രീ പക്ഷ സിനിമയാണ് 'അറം'. എന്നും റിപ്പോർട്ടുകളുണ്ട്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും മലയാളികളുടെ സ്വന്തം നയൻസ് തന്നെയാണ്. നിലപാടിന്റെ കാര്യത്തിലും നയൻതാര കണിശക്കാരിയാണ്. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന താരം എന്നാണ് പൊതുവെ നയൻസ് അറിയപ്പെടുന്നത്.