മഹാബലിപുരം: നടി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ റിസോട്ടിൽ വച്ചാണ് വിവാഹം നടന്നത്.കുടുംബാംഗങ്ങളും, അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.രാവിലെ 11 മണിയോടെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.അതിനാൽ തന്നെ വിവാഹചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

ഇപ്പോഴിത വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ.ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്താൽ എന്ന് എഴുതിയാണ് വിവാഹം കഴിഞ്ഞ കാര്യം ഫോട്ടോ പുറത്തുവിട്ട് വിഘ്‌നേശ് ശിവൻ അറിയിച്ചത്.

 

കിങ്ങ്ഖാൻ ഷാരൂഖ് ഖാൻ, രാധിക ശരത്കുമാർ, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ശരത് കുമാർ,കാർത്തി, ദിവ്യദർശിനി,എന്നിവരെക്കൂടാതെ മലയാളത്തിൽ നിന്ന് ദിലീപ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ വിവാഹത്തിനെത്തിയിരുന്നു.അടുത്ത ദിവസം തന്നെ സിനിമപ്രവർത്തകർക്കായി പ്രത്യേക വിരുന്നും ഉണ്ട്.

ശനിയാഴ്‌ച്ച താരജോഡികൾ മാധ്യമങ്ങളെക്കാണും.വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലായിരുന്നു.ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ എന്നും റിപ്പോർട്ടുണ്ടായിരുന്നു.പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യർത്ഥന.വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും പുറത്ത് വിട്ടിരുന്നില്ല.

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാൻ സംവിധായകൻ ഗൗതം മേനോനുമായാണ് നെറ്റ്ഫ്‌ളിക്‌സ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.താരവിവാഹങ്ങളുടെ ഒടിടി അവകാശം വിൽപ്പനയാവുന്ന ട്രെൻഡ് ഇന്ത്യയിൽ ബോളിവുഡിൽ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശൽ, രൺബീർ കപൂർ- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

നാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയം, ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് ആരാധകരും ഏറ്റെടുത്തത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയൻതാര 2021 സെപ്റ്റംബറിൽ നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.