- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷരതെറ്റുകളാൽ സമ്പന്നമായ ബാല്യത്തിലെ കുട്ടിക്കഥകൾ തന്ന ധൈര്യം ഒന്നുവേറെ; ഇന്നിന്റെ നേർകാഴ്ചകളുമായി നയന വൈദേഹി സുരേഷിന്റെ 'ഒരുമ്പെട്ടോള്' എന്ന ചെറുകഥാ സമാഹാരം; സിത്താര കൃഷ്ണകുമാർ പ്രകാശനം ചെയ്തപ്പോൾ അത് സ്വപ്നസാഫല്യവും
കൊച്ചി: വർഷങ്ങൾക്കിപ്പുറം തന്റെ പുസ്തകത്തെ നെഞ്ചോട് ചേർക്കുമ്പോൾ നയനയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയാണ്. പതിനൊന്നാം വയസിൽ കണ്ടു തുടങ്ങിയ സ്വപ്നത്തിന്റെ അവസാന ഘട്ടവും കഴിയുമ്പോൾ എഴുത്ത് എന്ന ലോകത്തിലേക്ക് കടന്നു വരാൻ പേടിച്ച ഒരു ബാല്യത്തിലെ കഥ പറയുകയാണ് നയന വൈദേഹി.
ഒട്ടും പഠിക്കാത്ത ബാല്യത്തിലൂടെ കടന്നുപോകുമ്പോഴും, അദ്ധ്യാപകർ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടാതെ എഴുന്നേറ്റു നിൽക്കുമ്പോഴും, ഇങ്ങനെയായാൽ എന്താകുമെന്ന് പലരും ചോദിക്കുമ്പോഴും എല്ലാം ഒന്നിനും മറുപടി നൽകാതെ, ആരുമറിയാതെ പകുതി മാത്രം എഴുതിയ പുസ്തകങ്ങളുടെ പുറകിൽ അക്ഷരതെറ്റുകളാൽ സമ്പന്നമായ കുട്ടിക്കഥകൾ ഉണ്ടായിരുന്നു .
വളർന്നാൽ ഒരു എഴുത്തുകാരി ആകണം എന്ന് സ്വയം പറഞ്ഞതല്ലാതെ മറ്റാരും അത് അറിഞ്ഞില്ല. അന്നൊന്നും മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഏഴാം ക്ലാസിൽ ആദ്യമായി എഴുതിയ 'ചെമ്പക മരച്ചുവട്ടിൽ' എന്ന കഥയിലൂടെയാണ് നയനയുടെ കഥകളുടെ തുടക്കം. പിന്നീട് പ്ലസ് ടു ആകേണ്ടി വന്നു ഒരു മത്സരത്തിൽ പങ്കെടുക്കാൻ. അന്ന് വായനാദിനത്തിനോടനുബന്ധിച്ച് നടത്തിയ ഒരു മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയത് അറിഞ്ഞപ്പോൾ അത് താൻ തന്നെയാണോ എന്ന് സംശയിച്ചു സ്റ്റേജിലേക്ക് കടന്നുചെല്ലാൻ പേടിച്ചു നിന്ന കാര്യം പറയുമ്പോൾ നയന ഒന്നുകൂടി ചിരിച്ചു.
പിന്നീട് പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ, സ്‌കൂളിന് പുറത്തേക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ പോയപ്പോൾ എന്നെങ്കിലും ഒരു പുസ്തകം എഴുതണം എന്ന് ആഗ്രഹം ഉള്ളിൽ സ്വയം അറിഞ്ഞു ഒതുങ്ങി കിടന്നു. പഠിക്കുന്ന പ്രായത്തിൽ തന്നെ കല്യാണം കഴിഞ്ഞതിനാൽ പിന്നീട് വർഷങ്ങളോളം എഴുത്ത് എന്നത് അകലെയായി.
എങ്കിലും പഠിപ്പു മുടക്കിയില്ല. ബിരുദത്തിനുശേഷം മാധ്യമ പഠനത്തിൽ പിജി ഡിപ്ലോമയും ബിരുദാനന്തരബിരുദവും നേടി.
രണ്ടു വർഷങ്ങൾക്കു മുമ്പാണ് വീണ്ടും എഴുത്ത് വല്ലാതെ ആകർഷിച്ചു തുടങ്ങി. പിന്നീട് മുഴുവൻ സമയവും എഴുത്തും വായനയുമായി. അതിനിടയിലൂടെ കൗൺസിലിങ് സൈക്കോളജിയും ചെയ്തുകൊണ്ടിരുന്നു. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത ചിറ്റഞ്ഞൂർ ദേശത്തിൽ രഘുനാഥിന്റെയും രാജിയുടെയും മകളായി ജനിച്ച് ഇന്ന് ആദ്യപുസ്തകം ഇറങ്ങുമ്പോൾ ചേർത്തുപിടിച്ച് ഒരു നാട് തന്നെയുണ്ട് കൂടെ.
നീ എഴുതെടീ.. എന്ന് എപ്പോഴും പറഞ്ഞു ചേർത്തുപിടിക്കുന്ന ഭർത്താവ് സുരേഷും ,അമ്മയുടെ പുസ്തകത്തെ കുറിച്ച് വാതോരാതെ പറയുന്ന മകൻ പൃഥ്വി ദേവും മകൾ ഹർഷികയും, ചേച്ചിക്ക് തണലായ അനിയത്തി നന്ദനയും തന്നെയാണ് ഇന്ന് ഒരുമ്പെട്ടോളിന്റെ പിറവിക്ക് പ്രധാനകാരണമെന്ന് നിസ്സംശയം പറയാമെന്ന് നയന പറയുന്നു.
യുവ എഴുത്തുകാരി നയന വൈദേഹി സുരേഷിന്റെ ഒരുമ്പെട്ടോള് എന്ന ചെറുകഥാ സമാഹാരം പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറാണ് പ്രകാശനം നടത്തിയത്. ഇരുപത്തിയെട്ടു കഥകളടങ്ങുന്ന പുസ്തകം നമ്മുടെ സമൂഹത്തിൽ നടന്നിട്ടുള്ള, നടന്നുകൊണ്ടിരിക്കുന്ന ഇന്നിന്റെ നേർക്കാഴ്ചകളാണ്. ഒട്ടും അതിശയോക്തി കലരാതെ തന്നെ എഴുത്തുകാരി തന്റെ കഥകളെ ചേർത്തുവെച്ചിരിക്കുന്നു. പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകൾ എറണാകുളം പനമ്പിള്ളി നഗറിലെ ഇടം ആർട്ട് കഫേയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയാണ് നിർവഹിച്ചത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.