ഊട്ടി: ഹോളിവുഡായാലും ബോളിവുഡായാലും കോളിവുഡ് ആയാലും സിനിമാ പ്രവർത്തകർക്ക് സ്വർഗ്ഗം തീർക്കാൻ ഓരോ ഇടം ഉണ്ടാകാറുണ്ട്. അവധിക്കാലം അടിപൊളിയാക്കാനും മറ്റുമാണ് ഇങ്ങനെയുള്ള കേന്ദ്രങ്ങളിൽ സിനിമാക്കാർ വസ്തുക്കൾ വാങ്ങിയിടുക. ബോളിവുഡ് താരങ്ങൾക്ക് ഗോവയിലാണ് താൽപ്പര്യമെങ്കിൽ മലയാളം സിനിമാതാരങ്ങളുടെ പ്രേമം ഊട്ടിയോടാണ്. അതുകൊണ്ട് തന്നെ അതിസുന്ദരിയായ ഊട്ടിയിൽ മലയാളത്തിലെ മിക്ക സിനിമാക്കാർക്കും ആഢംബര വസതികളുണ്ട്. വല്ലപ്പോഴും മാത്രമേ അവിടെ പോയി താമസിക്കാറുള്ളൂവെന്ന് മാത്രം. ഇങ്ങനെ ഊട്ടിയിൽ മലയാളി താരങ്ങൾ വാങ്ങിയ അവധിക്കാല വസതി നികുതി അടയ്ക്കുന്നില്ലെന്ന് പരാതി.

ഊട്ടി നഗരസഭയ്ക്കു സ്വത്തുനികുതി കൊടുക്കുന്നതിൽ വീഴ്‌ച്ച വരുത്തിയത് തെന്നിന്ത്യയിലെ പ്രമുഖ സിനിമാതാരങ്ങളായ ജയറാമും നയൻതാരയുമാണ്. ഊട്ടി ലവ്‌ഡേൽ റോഡിൽ സിനിമാക്കാർ അടക്കമുള്ള പ്രമുഖരുടെ അവധിക്കാല കേന്ദ്രമായ റോയൽ കാസിൽ അപ്പാർട്ട്‌മെന്റിലെ വീടുകളാണ് നികുതി അടക്കുന്നതിൽ വീഴ്‌ച്ച വരുത്തിയത്. ഇക്കൂട്ടത്തിലാണ് നയൻതാരയും ജയറാമും ഉൾപ്പെടുന്നത്.

റോയൽ കാസിൽ അപാർട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി നൽകാനുള്ളതെന്നാണ് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത്. നികുതി അടക്കുന്ന കാര്യത്തിൽ വീഴ്‌ച്ച വരുത്തിയതിന്റെ പേരിൽ 22 അപാർട്‌മെന്റുകൾക്കു നഗരസഭ ജപ്തി നോട്ടീസ് കൊടുത്തിട്ടുമുണ്ട്. എന്നാൽ തരങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുമോ എന്ന് ഊട്ടി നഗരസഭ കമ്മിഷണർ ശിവകുമാർ വ്യക്തമാക്കിയിട്ടില്ല.

പലതവണ അറിയിപ്പു നൽകിയെങ്കിലും നടപടി ഇല്ലാതെ വന്നപ്പോഴാണു നോട്ടീസ് അയച്ചത്. സിനിമാക്കാർ അടക്കമുള്ള പ്രമുഖരെ ലക്ഷ്യമിട്ട് നടി ഷീലയുടെ മേൽനോട്ടത്തിലുള്ള കൺസ്ട്രക്ഷൻ കമ്പനിയാണു റോയൽ കാസിൽ അപാർട്‌മെന്റ് സ്ഥാപിച്ചത്. കേരളത്തിലെ പല ഉന്നത ഉദ്യോഗസ്ഥരും ഇവിടെ അപാർട്‌മെന്റ് വാങ്ങിയിട്ടുണ്ടെന്നും അവരും സ്വത്തുനികുതി അടയ്ക്കാൻ വിമുഖത കാണിക്കുകയാണെന്നും കമ്മിഷണർ അറിയിച്ചു.

സിനിമാതിരക്കുകൾക്കിടയിൽ നയൻതാരയും ജയറാമും വല്ലപ്പോഴും മാത്രമാണ് ഊട്ടിയിൽ എത്താറ്. അവരുടെ മാനേജർമാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ചയാകാം സ്വത്ത് നികുതി അടയ്ക്കാതിരിക്കുന്നതിൽ എന്നാണ് നഗരസഭാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്തായാലും നഗസഭ താരങ്ങളോട് എത്രയും വേഗം നികുതി അടക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഭാസ്‌ക്കർ ദി റാസ്‌ക്കലിനായി കൊച്ചിയിലാണ് ഇപ്പോൾ നയൻതാരയുള്ളത്.