മഹാബലിപുരം: ഇന്ത്യൻ സിനിമാ ലോകം കാത്തിരുന്ന ആ താരവിവാഹം നടന്നു. നടി നയൻതാരക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും പ്രണയസാഫല്യമായി വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇരുവരും വിവാഹിതരായി. ഇരുവരും ഔദ്യോഗികമായി വിവാഹിതരായതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു വിവാഹം.

ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖർ തന്നെ വിവാഹ ചടങ്ങിൽ സംബന്ധിച്ചു. ലേഡി സൂപ്പർസ്റ്റാർ ഇമേജുള്ള നടിയാമ നയൻതാരം. രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

രജനീകാന്ത്, കമൽഹാസൻ, അജിത്,ചിരഞ്ജീവി ഷാരൂഖ് ഖാൻ, സൂര്യ, കാർത്തി, വിജയ് സേതുപതി, സംവിധായകൻ മണിരത്‌നം ഉൾപ്പെടെയുള്ളവർ വധൂവരന്മാരെ അനുഗ്രഹിക്കാൻ എത്തിയിരുന്നു. വിവാഹചിത്രങ്ങൾ ഉച്ചക്ക് ശേഷം പുറത്തുവിടും. വിവാഹത്തിന് മുന്നോടിയായി വിഘ്നേഷ് ശിവൻ മാധ്യമങ്ങളെ കാണുകയും വിവാഹ തിയതി പുറത്തുവിടുകയും ചെയ്തിരുന്നു. ജൂൺ 9 ഉച്ചക്ക് ഷേഷം വിവാഹചിത്രങ്ങൾ ചിത്രങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിഥികൾക്ക് വിളമ്പുന്നത് കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെ

സിനിമാസ്‌റ്റൈലിലായിരിക്കും വിവാഹം നടക്കുകയെന്നും സംവിധായകൻ ഗൗതം മേനോനാണ് ചടങ്ങ് ഒരുക്കുകയെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിരുന്നു. വിവാഹച്ചടങ്ങുകൾ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ളിക്‌സിനാണ് നൽകിയിരിക്കുന്നത്. താരവിവാഹത്തോടനുബന്ധിച്ച് മഹാബലിപുരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ റിസോർട്ട് പൂർണ്ണമായി വിവാഹാവശ്യത്തിനായി വിട്ടു നൽകിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ ചലച്ചിത്രലോകത്തു നിന്ന് പ്രമുഖരായ 30 താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്.

കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായി പുതിയ അദ്ധ്യായം ആരംഭിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ വിഗ്‌നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.

കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെയാണ് അതിഥികൾക്ക് വിളമ്പുന്നത്. ഭക്ഷണത്തിന്റെ മെനു പുറത്തുവന്നിട്ടുണ്ട്. കുറച്ച് പേർക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തങ്ങളുടെ വിവാഹദിനം അർത്ഥവത്താക്കണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. അതിനാലാണ് തങ്ങളുടെ ബിഗ് ഡേ തമിഴ്‌നാട്ടിലുടനീളമുള്ള 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്. ആരാധകരുൾപ്പടെ നിരവധി പേരാണ് ലേഡി സൂപ്പർസ്റ്റാറിനെയും വിഗ്‌നേഷിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

നയൻതാര തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണെങ്കിൽ, വിഘ്നേഷ് ശിവൻ ചലച്ചിത്ര നിർമ്മാതാവും ഗാനരചയിതാവുമാണ്. 2015 നൗനും റൗഡിതാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്‌നേഷിന്റെ സംവിധാനത്തിൽ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രത്തിലെ നായികയും നയൻതാരയായിരുന്നു.

മലയാളിയായ ഡയാന കുര്യൻ എന്ന നയൻതാര സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റിയ താരം ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനീകാന്തിന്റെ നായികയായതോടെയാണ് നടിയുടെ സിനിമാജീവിതം തന്നെ മാറിമറിയുന്നത്. തമിഴിലെയും തെലുങ്കിലെയും മുൻനിര നായകന്മാരുടെയെല്ലാം നായികയാകാൻ നയൻസിന് സാധിച്ചു.

ഗ്ലാമറസ് റോളുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന എന്ന വിമർശനം ഉണ്ടായെങ്കിലും പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ തന്റെ താരപദവി നയൻസ് തിരിച്ചുപിടിച്ചു. ആരാധകർ ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻസിനെ വിശേഷിപ്പിക്കുന്നത്. അൽഫോൻസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോൾഡാണ് നയൻസിന്റെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന മലയാള ചിത്രം.