കൊച്ചി: മൊബൈൽ ഫോൺ ഉപയോഗത്തിന് കൂട്ടാളികൾക്ക് തടിയന്റവിട നസീറിന്റെ മാർഗരേഖ. വീടിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫോൺ ഓൺ ചെയ്യരുതെന്ന് തുടങ്ങി, പത്രപരസ്യങ്ങളിലെ നമ്പറുകളിലേക്ക് അടിക്കടി വിളിക്കണമെന്ന് വരെയാണ് നിർദേശങ്ങൾ.

ഇതോടെ ബോംബ് സ്‌ഫോടനക്കേസിൽ കർണാടക ജയിലിൽ കഴിയുന്ന തടിയന്റവിട നസീറിന് ജയിലിന് അകത്തും പുറത്തും സഹായങ്ങൾ ലഭിച്ചുവെന്നു വ്യക്തമായി. കൊച്ചിയിൽ പിടിയിലായ നസീറിന്റെ സഹായി പെരുമ്പാവൂർ സ്വദേശി ഷഹനാസിന്റെ പുക്കാട്ടുപടിയിലുള്ള വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും നസീറിന്റെ കൈവിലങ്ങിന്റെ താക്കോലും കണ്ടെത്തിയിട്ടുണ്ട്. നസീറിനെ കോടതിയിലെത്തിക്കുമ്പോൾ രക്ഷപ്പെടുത്താൻ കൂട്ടാളികൾ പദ്ധതിയിട്ടതായാണ് സൂചന. ഈ സംശയങ്ങൾ ബലപ്പെടുത്തുന്ന സൂചനകളാണ് പുറത്തുവന്ന കത്തിലുമുള്ളത്. ജയിലിലുള്ളിൽ നിന്ന് തന്നെ നസീർ തീവ്രവാദ പ്രവർത്തനങ്ങളെ നിയന്ത്രിച്ചുവെന്നാണ് വ്യക്തമാകുന്നത്.

പുതുതായി സംഘത്തിൽ ചേർന്നവരിൽ ഒരാൾക്ക് എഴുതുന്ന കത്തിലാണ് മൊബൈൽ ഫോൺ ഉപയോഗത്തിന് തടിയന്റവിട നസീർ നിർദേശങ്ങൾ നൽകുന്നത്. ജയിലിൽ നിന്ന് താൻ കൊടുത്തയക്കുന്ന പുതിയ സിം കാർഡ് പുതിയ ഫോണിലിട്ടേ ഉപയോഗിക്കാവൂ എന്നാണ് ആദ്യ നിർദ്ദേശം മുൻപ് മറ്റേതെങ്കിലും സിം കാർഡിട്ട ഫോണിൽ പുതിയ സിം ഇട്ടാൽ അന്വേഷണ ഏജൻസികൾ കണ്ടുപിടിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് ഈ നിർദ്ദേശം. രണ്ടാമതായി, വീടിന്റെയോ താമസിക്കുന്ന സ്ഥലത്തിന്റെയോ അഞ്ച് കിലോമീറ്ററിനുള്ളിൽ ഫോൺ ഓൺ ചെയ്യാനേ പാടില്ലെന്ന് പറയുന്നു. ടവർ ലൊക്കേഷൻ കണക്കാക്കി ഉപയോഗിക്കുന്നയാളെ തിരിച്ചറിയാതിരിക്കാനാണ് ഇത്.

മൂന്നാമതായി, ഫോൺ ഓഫായിരിക്കുമ്പോഴും ബാറ്ററിയും ഫോണും തമ്മിൽ ബന്ധമുണ്ടാകരുതെന്ന് നസീർ ഓർമിപ്പിക്കുന്നു. പകരം, ബാറ്ററിയും ഫോണുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് പിന്നുകൾക്കിടയിൽ പേപ്പർ കടത്തിവച്ച് കണക്ഷൻ കട്ടാകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. നാലാമതായി, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വെറും പരിചയക്കാരെയോ പോലും ഈ നമ്പറിൽ നിന്ന് വിളിക്കരുത്. പകരം നസീർ നൽകുന്ന നിർദ്ദേശം വിചിത്രമാണ്. പത്രങ്ങളിൽ കാണുന്ന പരസ്യങ്ങളിലെ നമ്പറുകളിലേക്ക് അടിക്കടി വിളിക്കണം, ദീർഘനേരം സംസാരിക്കണം.

ഫോൺ ആരെങ്കിലും പരിശോധിക്കാൻ ഇടയായാൽ, ഏതെങ്കിലും ഒരു പ്രത്യേക നമ്പറിലേക്ക് മാത്രമാണ് പതിവായി വിളിക്കുന്നതെന്ന് തിരിച്ചറിയാതിരിക്കാനാണിത്. തടവിലിരുന്ന് താൻ നടത്തുന്ന ഇടപാടുകളുടെ രഹസ്യസ്വഭാവം ഉറപ്പാക്കാൻ നസീർ പുലർത്തുന്ന കർശന ജാഗ്രതയും ഗൂഢാലോചനയുമാണ് ഈ കത്തുകളിലൂടെ വെളിവാകുന്നത്. തീവ്രവാദക്കേസിൽ തടവിലുള്ള തടിയന്റവിടെ നസീറിന്റെ നീക്കങ്ങൾക്ക് കർണാടക പൊലീസിന്റെ സഹായമുള്ളതായി വ്യക്തമാക്കുന്നതാണ് ഈ കത്തും. തടിയന്റവിടെ നസീറിനെ കൊണ്ടുപോകുന്ന സ്ഥലങ്ങൾ കർണാടക പൊലീസിൽ നിന്നു തന്നെയാണ് ചോർന്നുകിട്ടുന്നതെന്ന് കൂട്ടാളി ഷഹനാസ് കേരളാ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.

ഷഹനാസിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും കൈവിലങ്ങിന്റെ താക്കോലും കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിൽ നിരവധി പേർക്ക് ജയിലിൽ കഴിയുന്ന നസീർ ഫോണും സിമ്മും കൈമാറിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ശനിയാഴ്ച തടിയന്റവിടെ നസീറിന്റെ കത്തുകളുമായി പിടിയിലായ ഷഹനാസിനെ ചോദ്യംചെയ്തപ്പോൾ നിർണായകമായ പലകാര്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. തടിയന്റവിട നസീറിനെ കോടതിയിലെത്തിക്കുമ്പോൾ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കൈവിലങ്ങിന്റെ താക്കോൽ നിർമ്മിച്ചു സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം.

കിഴക്കമ്പലം കാച്ചിപ്പിള്ളി ജൂവലറി ഉടമയെ വെട്ടിപ്പരുക്കേൽപ്പിച്ച സ്വർണവും പണവും കവർന്ന കേസിൽ തടിയന്റവിട നസീറിനെ കോലഞ്ചേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനിടെയാണ് നസീറിന് ഷഹനാസ് കത്തുകൾ കൈമാറിയത്. കൈമാറിയ കത്തുകളിൽ ബാംഗ്ലൂർ സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. നസീർ ഇയാൾക്ക് കൈമാറിയ കുറിപ്പുകളും കണ്ടെടുത്തു. ഏഴ് കത്തുകളാണ് പൊലീസ് ഷഹ്നാസിൽ നിന്നും കണ്ടെത്തിയത്. ഇതിൽ നാലെണ്ണമാണ് നസീർ ഷഹ്നാസിന് കൈമാറിയിട്ടുള്ളത്. ഒന്ന് ഷഹനാസ് നസീറിന് എഴുതിയ മറുപടിയായിരുന്നു.