കൊച്ചി: മലയാളത്തിലും തമിഴിലുമൊക്കെ ഒരുപോലെ തിളങ്ങിനിൽക്കുന്‌പോഴാണ് നസ്രിയ നസിം ഫഹദ് ഫാസിലിനെ കല്യാണം കഴിച്ച് അണിയറയ്ക്ക് പിന്നിലേക്ക് മറഞ്ഞത്. നസ്രിയ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മടങ്ങിവരവിൽ പൃഥ്വിരാജും ദുൽഖർ സൽമാനുമൊത്താകും നസ്രിയ അഭിനയിക്കുകയെന്നാണ് സൂചന. ഇപ്പോഴും ഈ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.

രാ കാർത്തിക് സംവിധായകനാകുന്ന ചിത്രത്തിലേക്കാണ് നസ്രിയയെ നായികയായി പരിഗണിക്കുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ നായികയാവും നസ്രിയ എന്നാണ് സൂചന. പാർവ്വതിയേയും നായികയായി പരിഗണിക്കുന്നുണ്ട്. ചർച്ചകൾ തുടരുന്നതേ ഉള്ളൂവെന്നാണ് വാർത്തകളോട് സംവിധായകന്റെ പ്രതികരണം. ഒരു കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും സംവിധായകൻ പറയുന്നു.

അതിനിടെ അഞ്ജലി മേനോൻ ചിത്രത്തിലും നസ്രിയ അഭിനയിക്കുമെന്ന് സൂചനയുണ്ട്. അഞ്ജലി മേനോൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അഞ്ജലി മേനോനും രഞ്ജിത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിവാഹ ശേഷം നസ്രിയയെ അഭിനയിക്കാൻ വിടുമോയെന്ന് ആരാധകർ ഫഹദിനോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാൽ തിരിച്ചുവരുമെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് പുതിയ ചർച്ചകൾ സജീവമാകുന്നത്.