തിരുവനന്തപുരം: വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും വിരമിക്കുക എന്ന നായികമാരുടെ സ്ഥിരം ശൈലിക്ക് ഏറെക്കുറേ മാറ്റം വന്നിട്ടുണ്ട. പുതിയ തലമുറയിൽപെട്ട നായകമാരുടെ കാര്യത്തിലാണ് പറഞ്ഞുവരുന്നത്. വിവാഹ ശേഷവും സജീവമായി സിനമാ അഭിനയം തുടരുന്ന നായികമാരാണ് റിമ കല്ലിങ്കൾ, അമലാപോൾ തുടങ്ങിയവർ. നൈല ഉഷ അടക്കമുള്ള നായികമാർ സിനിമയിലേക്ക് ചുവടുവച്ചതു തന്നെ കുടുംബിനി എന്ന സ്റ്റാറ്റസോടെയായിരുന്നു. എന്നാൽ, മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്ന നസ്രിയ നസീം സൂപ്പർതാരമായ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചത് സിനിമയിലേക്ക് വീണ്ടും വരുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. സിനിമാതാരമായതിനാൽ ഭർത്താവ് ഫഹദിന്റെ നിലപാട് ഇക്കാര്യത്തിൽ എന്താണെന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. ഒടുവിൽ ആ ചോദ്യത്തിന് ഉത്തരം നൽകി ഫഹദ് തന്നെ രംഗത്തെത്തി.

തന്നെ വിവാഹം കഴിച്ചതുകൊണ്ട് നസ്രിയ സിനിമയിൽ നിന്നും വിരമിച്ചിട്ടില്ലെന്നാണ് ഫഹദ് പറയുന്നത്. ഇപ്പോൾ അഭിനയത്തിൽ നിന്നനും മാറിനിൽക്കുന്നത് താൽക്കാലികമായാണ്. ഉടൻ തന്നെ നസ്രിയ സിനിമയിൽ സജീവമാകുമെന്നാണ് ഫഹദ് വ്യക്തമാക്കിയത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നസ്രിയ ഉടൻ സിനിമയിലേക്ക് തിരികേ വരുമെന്ന് ഫഹദ് പറഞ്ഞത്. അത് റെഡിയാകുമ്പോൾ നസ്രിയ തന്നെ ഇക്കാര്യം വ്യക്തമാക്കുമെന്നും ഫഹദ് പറഞ്ഞു. ഭാര്യയായ നസ്രിയയെ കുറിച്ച് പറയുമ്പോൾ അദ്ദേഹം കൂടുതൽ വാചാലനാകുന്നു.

നായകനായി ഫഹദ് എത്തുമോ എന്ന ചോദ്യത്തിൽ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നും ഒറ്റക്കു തന്നെയായിരിക്കുമെന്നാണ് മറുപടി നൽകിയത്. വിവാഹത്തിന് മുമ്പ് നസ്രിയ ഒരു മജിക്കായിരുന്നു. ഇപ്പോൾ അങ്ങനെയുണ്ടോ എന്ന അഭിമുഖ കർത്താവിന്റെ ചോദ്യത്തിന് ഫഹദ് നൽകിയ മറുപടി ഇങ്ങനെയാണ്: 'മാജിക്കെന്നു പറഞ്ഞാൽ അവൾ എന്നെ വളരെ ബ്യൂട്ടിഫുളായി ഹൻഡിൽ ചെയ്യും. ഒരു സാധാരണ മലയാളിക്കുള്ള എല്ലാ പ്രശ്‌നങ്ങളും ഉണ്ട് എനിക്ക്. ഇവിടൊന്നും കഴിക്കാനില്ലേ എന്നു ചോദിക്കും. ദേഷ്യം വരും. അവളതൊക്കെ മാനേജ് ചെയ്‌തോളും.'

താൻ സിനിമ വേണ്ടെന്ന് വച്ചെന്ന ആരോപണങ്ങളെയും ഫഹദ് തള്ളിക്കളഞ്ഞു. ഞാനെന്റെ ലൈഫിൽ ഒന്നും പ്ലാൻ ചെയ്യാറില്ല. ഒരിക്കലും അങ്ങനെയൊരു പ്ലാനിലോ അച്ചടക്കത്തിലോ ജീവിക്കുന്ന ആളുമല്ല. സൗകര്യമാണ് പ്രധാനം. എന്റെ സിനിമ കാണുന്നവരോട് എനിക്ക് ഉത്തരവാദിത്വമുണ്ട്. അതിൽ സംശയമില്ല. പക്ഷേ ഞാനെന്തു ചെയ്യുന്നുവെന്ന് ആളുകൾ എന്തിനറിയണം. എന്റെ സിനിമ കണ്ടാൽ പോരേയെന്നും ഫഹദ് ചോദിക്കുന്നു.

ഡേറ്റ് നൽകിയ കരാർ ഉറപ്പിച്ച ശേഷം സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും വിട്ടുനിന്നു എന്ന ആരോപണതതെയും അദ്ദേഹം തള്ളിക്കളഞ്ഞു. അഡ്വാൻസ് വാങ്ങിയ പണം തിരിച്ചുകൊടുത്തിട്ടുണ്ട്. ഡേറ്റ് മാത്രം കിട്ടിയെന്നുവച്ച് കൃത്യം സ്‌ക്രിപ്റ്റില്ലാതെ വന്നാൽ സിനിമ ചെയ്യാൻ പറ്റുമോ? അങ്ങനെ ചിലതൊക്കെ ഒഴിവാക്കി. പിന്നെ എനിക്കു തോന്നി കുറച്ച് വെറുതെയിരിക്കാൻ. പാരന്റ്‌സിന്റെയും ഭാര്യയുടെയും ഒപ്പം കുറച്ചു സമയം വേണം, യാത്രകൾ ചെയ്യണം അല്ലാതെ ഇവിടെയിങ്ങനെ നിന്നോളാം എന്ന് ഞാനാരോടും പ്രോമിസ് ചെയ്തിട്ടില്ലല്ലോ. എനിക്ക് കിട്ടേണ്ട ഒരു ജീവിതമുണ്ട്. അത് വേണ്ടന്നു വയ്ക്കാൻ വയ്യ. അതിൽ സിനിമ മാത്രമല്ല, വേറെ ഒരുപാടു കാര്യങ്ങളുണ്ട്. സന്തോഷമാണ് പ്രധാനം. സിനിമ രണ്ടാമതാണ്.

കൈയെത്തും ദൂരത്ത് എന്ന സിനിമയിൽ അഭിനയിച്ച ശേഷം ബ്രേക്കെടുത്ത് യുഎസിൽ പോയിരുന്നു. പഠനവുമൊക്കെയായിട്ട്. തിരിച്ചു വന്നപ്പോൾ ആദ്യം സിനിമ തന്നത് രഞ്ജിത്താണ്. സംവിധാനം ലാൽജോസ്. അങ്ങനെ അവരുമായിട്ട് കുറെ സമയം കിട്ടി. മദർ ഇന്ത്യ എന്നായിരുന്നു പടത്തിനിട്ട പേര്. പക്ഷേ അത് നടന്നില്ല. അപ്പോഴും ചർച്ച തുടർന്നു. അങ്ങനെ ഒരു സുപ്രഭാതത്തിൽ കേരളാ കഫേ ഉണ്ടായി. - ഫഹദ് പറയുന്നു.

സിനിമയിൽ താൻ അത്രയ്ക്ക് സെലക്ടീവൊന്നുമല്ലെന്നാണ് ഫഹദിന്റെ പക്ഷം. അങ്ങനെയാവണമെന്ന് വിചാരിക്കുന്നുമില്ല. ചില കഥാപാത്രങ്ങൾ ചെയ്തു വരുമ്പോൾ അറിയാം. ശരിയാവുന്നുണ്ടെന്ന്. ചിലത് ഫലിക്കില്ല. അതും മനസ്സിലാവും. ആ ചൂതാട്ടമാണ് രസം. ഇതൊരു പരീക്ഷയൊന്നുമല്ലല്ലോ പഠിച്ചിട്ടുപോയി ചെയ്യാൻ. ഞാൻ ഹോംവർക്ക് ചെയ്യുന്ന ആക്ടറൊന്നുമല്ല. ഓടാത്ത സിനിമകളിൽ നിന്നാണ് കൂടുതൽ പഠിക്കുന്നത്- ഫഹദ് പറഞ്ഞു.