മുംബൈ: അഡംബര കപ്പലിലെ ലഹരിക്കേസിൽ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചതിൽ പ്രതികരിച്ച് എൻസിബി മുംബൈ മേഖല ഡയറക്ടർ സമീർ വാങ്ക്ഡെ.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് 'സത്യമേവ ജയതേ' (സത്യം മാത്രമേ ജയിക്കു) എന്നാണ് പ്രതികരിച്ചത്. അതേസമയം കൂടുതൽ പ്രതികരണങ്ങൾക്ക് അദ്ദേഹം തയ്യാറായില്ല.

രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ പ്രത്യേക കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മെർച്ചന്റ്, മുന്മുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.

ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എൻ.സി.ബി കോടതിയെ അറിയിച്ചു. എൻ.സി.ബി ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്. ഇതോടെ ആര്യൻ മുംബൈ ആർതർറോഡ് ജയിലിൽ തന്നെ തുടരും.

കോടതി വിധിയിൽ നിരാശയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുകയെന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള വഴിയെന്നും ആര്യന്റെ അഭിഭാഷകൻ പ്രതികരിച്ചു. ആര്യൻ നിരപരാധിയാണെന്നും പ്രായത്തിന്റെ ഇളവ് നൽകി ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ വാദിച്ചത്.

ഒക്ടോബർ രണ്ടിനാണ് ആര്യൻ ഉൾപ്പെടെയുള്ളവർ ആഡംബര കപ്പലിൽ നിന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലായത്. താരപുത്രന്റെ ആർതർ റോഡ് ജയിൽവാസത്തെ സംബന്ധിച്ച് ഒട്ടനവധി അഭ്യൂഹങ്ങൾ നേരത്തെ പൊട്ടിപ്പുറപ്പെട്ടിരുന്നു.

ആര്യൻ ഖാന് മറ്റു തടവുകാരിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നായിരുന്നു ഒരു പ്രചാരണം. എന്നാൽ ജയിൽ കാന്റീനിൽനിന്ന് വാങ്ങിയ ബിസ്‌കറ്റും വെള്ളവും മാത്രമാണ് ആര്യൻ കഴിക്കുന്നതെന്നും തടവുകാർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നില്ലെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതിനിടെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെ ആര്യനെ രണ്ടുവട്ടം തല്ലിയെന്നാണ് സോഷ്യൽ മീഡിയയിലെ മറ്റൊരു ശക്തമായ പ്രചാരണം. ഒരു മസാലകഥ പോലെയാണ് ഈ സംഭവം വൈറലായത്.

''മകൻ പിടിയിലായിരിക്കുന്ന വിവരമറിഞ്ഞ് ഷാരൂഖ് സമീർ വാങ്ക്ഡെയെ വിളിക്കുന്നു. തന്റെ മകനെ ശ്രദ്ധിക്കണമെന്ന് പറയുന്നു. വാങ്ക്ഡെ ആര്യൻ ഖാനെ ഫോണിനരികിലേക്ക് വിളിക്കുന്നു. കവിളിത്ത് രണ്ട് അടി നൽകുന്നു. എന്നിട്ട് പറയുന്നു, മിസ്റ്റർ ഷാരൂഖ് ഖാൻ ഈ അടി നിങ്ങൾ നേരത്തേ മകന് നൽകിയിരുന്നുവെങ്കിൽ ഇയാൾ ഇപ്പോൾ എന്റെ മുൻപിൽ ഇങ്ങനെ ഇരിക്കില്ലായിരുന്നു...'' ഇങ്ങനെ പോകുന്നു കെട്ടുകഥ.... ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ ഏതാനും മാധ്യമങ്ങളും ഇത് വാർത്തയാക്കി.

ഈ കഥ വ്യജമാണെന്ന് സമീർ വാങ്ക്ഡെ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൻ.സി.ബി ഒരു പ്രൊഫഷണൽ ഏജൻസിയാണ്. ആരോപണവിധേയർക്ക് നിയമത്തിന്റെ എല്ലാ പരിരക്ഷയുടെ ലഭിക്കും- സമീർ വാങ്ക്ഡെ വിഷയത്തിൽ ഇങ്ങനെയാണ് പ്രതികരിച്ചത്