- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആര്യൻ ഖാന്റെ കൈവശം പണമില്ലായിരുന്നു'; ലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് അഭിഭാഷകൻ; 'ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത; റെയ്ഡിനിടെ പിടിയിലായ പ്രതികൾക്ക് പരസ്പര ബന്ധം'; ജാമ്യാപേക്ഷയെ എതിർത്ത് എൻസിബി
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയെ എതിർത്ത് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ.
ലഹരിക്കേസിൽ ആര്യന് പങ്കില്ലെന്ന് ജാമ്യാപേക്ഷയിലെ വാദം കോടതിയിൽ എൻസിബി തള്ളി. ലഹരി പിടിച്ചില്ല എന്നതോ ,കുറഞ്ഞ അളവിൽ പിടിച്ചു എന്നതോ ആര്യന്റെ നിരപരാധിത്വത്തിന് തെളിവല്ലെന്ന് എൻ.സി.ബിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ആര്യൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച എൻസിബി റെയ്ഡിനിടെ പിടിയിലായ പ്രതികൾക്കെല്ലാം പരസ്പരം ബന്ധമുണ്ടെന്നും പറഞ്ഞു.
ലഹരികേസിലെ വിദേശബന്ധമടക്കം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ എൻസിബി ആര്യൻഖാൻ സ്വാധീനശക്തിയുള്ള ആളാണെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയിൽ നിന്നും ആര്യൻഖാൻ ഒളിച്ചോടാനും സാധ്യതയുണ്ട്. ആര്യൻ ഖാൻ അടക്കമുള്ള പ്രതികൾ ലഹരിമാഫിയയുടെ ഭാഗമാണെന്നും പ്രതികൾക്കെതിരെ വാട്സ്ആപ്പ് ചാറ്റുകളിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും എൻസിബി കോടതിയിൽ പറഞ്ഞു.
എന്നാൽ ലഹരി വാങ്ങാനോ വിൽക്കാനുള്ള പദ്ധതി ആര്യൻ ഖാന് ഇല്ലായിരുന്നുവെന്നാണ് ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണമോ വിൽക്കാനുള്ള ലഹരിവസ്തുവോ ആര്യന്റെ പക്കൽ ഇല്ലായിരുന്നുവെന്നും പരിപാടിയുടെ സംഘടാകർ ക്ഷണിച്ച പ്രകാരം അതിഥിയായാണ് ആര്യൻ കപ്പലിൽ എത്തിയതെന്നും അഭിഭാഷകർ പറഞ്ഞു. ആര്യൻ ഖാൻ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.
'അനധികൃത രാജ്യാന്തര ലഹരിക്കടത്തു മാഫിയയുടെ ഭാഗമാണ് ആര്യൻ ഖാൻ എന്ന തരത്തിൽ എൻസിബി ആരോപിച്ചതു ജാമ്യാപേക്ഷ എതിർക്കാൻ വേണ്ടിയാണ്. ഒരിക്കലും ഇത്തരം കടുത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. എങ്ങനെയാണ് ആര്യനു ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് എൻസിബി കണ്ടെത്തിയത്? ഇതൊരു ഗൂഢാലോചനയാണ്. ആര്യൻ ക്രൂസ് കപ്പലിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൽനിന്ന് ഒന്നും കണ്ടെത്തിയിട്ടുമില്ല.' ആര്യനു വേണ്ടി അഡ്വ. അമിത് ദേശായി കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ മറുപടി സമർപ്പിക്കാൻ എൻസിബിക്കു കോടതി നിർദ്ദേശം നൽകിയിരുന്നു. മറുപടി സമർപ്പിക്കാൻ ഒരാഴ്ചത്തെ സമയം എൻസിബി ചോദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ മുംബൈ അർതർ റോഡ് ജയിലിലാണുള്ളത്. രണ്ട് വിദേശികൾ ഉൾപ്പെടെ 20 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്. താരപുത്രൻ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എൻസിബി ജാമ്യാപേക്ഷയെ എതിർക്കുന്നത്.
ന്യൂസ് ഡെസ്ക്