തിരുവനന്തപുരം: തോമസ് ചാണ്ടിയെ രാജിവയ്ക്കാതിരിക്കാൻ പുതിയ വാദങ്ങൾ തേടുകയാണ് എൻസിപി. ഹൈക്കോടതി വിധി എതിരല്ല, സംസ്ഥാന നേതൃത്വത്തിന് അധികാരമില്ല, കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക ഇങ്ങനെ പോകുന്നു പുതുവാദങ്ങൾ. മന്ത്രി തോമസ് ചാണ്ടിയുടെ ഹർജിയുടെ വിചാരണ നടന്നപ്പോൾ ഉണ്ടായ രൂക്ഷ പരാമർശങ്ങൾ ഏതൊരു ജനകീയ സർക്കാരിനും നാണക്കേടാണ്. അതൊന്നും കണ്ടില്ല അറിഞ്ഞില്ല എന്ന രീതിയിയിൽ ഭരണം തുടരുന്നത് ജനാധിപത്യവിരുദ്ധമാണ്...ഭരണഘടനാ വിരുദ്ധമാണ്

മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം തക്ക സമയത്തുണ്ടാവുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വിധിന്യായം കിട്ടട്ടെ...തോമസ് ചാണ്ടിയുടെ പാർട്ടിയുടെ തീരുമാനം അറിയട്ടെ എന്നിട്ടാവാം തീരുമാനം എന്നാണ് കുറേക്കാലമായി മാധ്യമങ്ങളെ ഒളിച്ചു നടന്ന മുഖ്യമന്ത്രി കോടതി പരാമർശത്തിൽ സർക്കാരിനും പൊള്ളിയപ്പോൾ മൊഴിഞ്ഞത്.

പാർട്ടിക്ക് നേതാക്കൾ ഉണ്ടാവണം. പക്ഷേ നേതാക്കൾ പാർട്ടിയെ ഭരിച്ചു തുടങ്ങിയാൽ ഈ ദുരവസ്ഥയായിരിക്കും എന്ന കാനത്തിന്റെ തുറന്നു പറച്ചിലിൽ കോടതിയിൽ നിന്ന് സർക്കാരിന് ഏറ്റ തിരിച്ചടിയുടെ ആഘാതമുണ്ട്. ഒരു മുന്നണിയെ തന്നെ ഒരു ഈർക്കിൽ പാർ്ട്ടിയുടെ നേതാവായ മന്ത്രി ബ്്‌ളാക്ക് മെയിൽ ചെയ്യുന്ന രീതിയിൽ വളർന്നിരിക്കുന്നു എന്ന യാഥാർത്ഥ്യമുണ്ട്. ഈ രീതിയിൽ പോയാൽ മന്ത്രിമാർ പുറത്തിറങ്ങിയാൽ ജനങ്ങൾ കൂവുന്ന നാൾ വിദൂരത്തല്ല

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി നിരുപാധികം തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ പി.എൻ. രവീന്ദ്രനും ദേവൻ രാമചന്ദ്രനും അടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്.

മന്ത്രി എന്ന നിലയിൽ തോമസ് ചാണ്ടി സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഹർജി നല്കിയതും അതിലെ വാചകങ്ങളും അതിന്റെ ഉള്ളടക്കവുമെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഈ രീതിയിലാണ് ഹർജി നല്കുന്നതെങ്കിൽ തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടത് . മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്ന തരത്തിൽ പോകാനാകില്ല. ദന്ത ഗോപുരത്തിൽനിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സർക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സർക്കാർ ഹർജ്ജിയെ എതിർക്കുന്നന്നതെന്നും ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു.

ചരിത്രത്തിൽ ആദ്യമായിട്ടാവും സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നത് എന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുവരെ ഒരു വേള ഹൈക്കോടതിക്ക് പറയേണ്ടിവന്നു. റിപ്പോർട്ടിൽ തെറ്റായ പരാമർശങ്ങൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കാൻ റിപ്പോർട്ടു തയ്യാറാക്കിയ കളക്ടറെ സമീപിച്ച് ആവശ്യപ്പെടണം എന്നാണ് കോടതി വിധിച്ചത്.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിലോ മുഖ്യമന്ത്രിയിൽ വിശ്വാസമോ ഇല്ലാത്ത മന്ത്രിയെ അയോഗ്യനാക്കാനുള്ള ഏറ്റവും ഉത്തമമായ സാഹചര്യമാണെന്ന് രാവിലെ ഹർജി പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചിരുന്നു.

അതിരൂക്ഷമായ വാക്കാൽ പരാമർശങ്ങൾ ഇങ്ങനെയാണ്

1. 'മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ?'

2. 'നിങ്ങൾ സർക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണ്. അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങളാണിത്.

3. സർക്കാരിനെതിരെ കോടതിയെ സമീപിച്ചതു തെറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാകും ? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്'

4. സർക്കാരിനെയും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിയെയും എതിർ കക്ഷിയാക്കി ഒരു മന്ത്രിക്ക് എങ്ങനെ ഹർജി നൽകാനാവും?

5. ജില്ലാ കലക്ടറുടെ പരാമർശങ്ങൾ നീക്കാനാണെങ്കിൽ മന്ത്രിക്കു ജില്ലാ കലക്ടറെ സമീപിക്കാമായിരുന്നുവല്ലോ. ഹർജി പിൻവലിക്കുന്നില്ലെങ്കിൽ ഉച്ചയ്ക്കു ശേഷം വിധി പറയാം.' കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ വിവേക് തൻഖയാണു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്. മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരായുള്ള വ്യാപം അഴിമതിക്കേസിന്റെ മുൻനിര പോരാളിയാണു മുൻ അഡ്വക്കറ്റ് ജനറൽ കൂടിയായ തൻഖ. സൗഹൃദബന്ധത്തിന്റെ പേരിൽ കുപ്പായമിട്ടെത്തിയ വിവേക് തൻഖയ്ക്കും പക്്‌ഷേ ചാണ്ടിയ്‌ക്കെതിരായ പരാമർശങ്ങളെ തടുക്കാനായില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ