തിരുവനന്തപുരം: കേരളത്തിലെ എൻസിപിയിലെ സമാവാക്യങ്ങൾ വീണ്ടും മാറി മറിയുന്നു. സംസ്ഥാനത്ത് ഒഴിവുള്ള പി എസ് സി അംഗങ്ങളുടെ പട്ടികയിൽ എൻ സി പി നോമിനിയായി പാർട്ടി അധ്യക്ഷൻ പി സി ചാക്കോ നിശ്ചയിച്ച കഴക്കൂട്ടം സ്വദേശിനിയുടെ പേര് വനം മന്ത്രി ശശീന്ദ്രനെ അനുകൂലിക്കുന്നവർ വെട്ടിയതാണ് പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. പാർട്ടി യോഗത്തിൽ വിഷയം അവതരിപ്പിച്ചപ്പോൾ തന്നെ ചിലർ തുറന്നടിച്ചു. പി എസ് സി ഭരണഘടനാ സ്ഥാപനം ആണെന്നും സ്ഥാപനത്തിന്റെ അന്തസ് ഇടിക്കുന്ന ആരെയും പരിഗണിക്കരുതെന്നും ആവിശ്യം ഉയർന്നു.

പാർട്ടിയുടെ വനിത വിഭാഗം നേതാവിന്റെ പ്രത്യേക താല്പര്യത്തിലും ഒരു പ്രമുഖ വാർത്താ ചാനലിന്റെ മിഡിൽ ഈസ്റ്റ് മുൻ ലേഖകന്റെ ശുപാർശയിലുമാണ് വിവാദ പേര് ശുപർശയ്ക്കായി എത്തിയത്. ചാക്കോയുടെ സഹായി ഒപ്പം ഉള്ള ഇയാൾ പലവിഷയങ്ങളിലും ഇടനിലക്കാരനായി പ്രവർത്തിക്കുന്നുവെന്നാണ് ശശീന്ദ്ര അനുകൂലികളുടെ പ്രധാന ആക്ഷേപം. പാർട്ടിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ശശീന്ദ്രനും കുട്ടനാട്ടെ തോമസ് കെ തോമസും. തോമസ് ചാണ്ടിയുടെ സഹോദരനായ തോമസ് കെ തോമസിനെ വെട്ടി ശശീന്ദ്രൻ മന്ത്രിയായത് പിസി ചാക്കോയുടെ പിന്തുണയിലാണ്.

പീതാംബരൻ മാസ്റ്ററുടെ അതൃപ്തി ഇക്കാര്യത്തിൽ ആരും പരിഗണിച്ചില്ല. പിസി ചാക്കോയ്ക്ക് ശരത് പവാറിലുള്ള സ്വാധീനവും നിർണ്ണായകമായി. എന്നാൽ ഈ സമവാക്യങ്ങളാണ് ഇപ്പോൾ തെറ്റുന്നത്. ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ഇപ്പോൾ പിസി ചാക്കോയ്ക്കെതിരായ പോര്. ഇതിൽ പീതാംബരൻ മാസ്റ്ററും മനസ്സ് കൊണ്ടു ശശീന്ദ്രനൊപ്പം. ഇതോടെ എൻസിപിയിൽ പുതിയ സമാവക്യം രൂപപ്പെടുകയാണ്. എൻസിപിയിൽ തുടക്കം മുതലുള്ളവരും ചാക്കോ അനുകൂലികളും എന്നിങ്ങനെ രണ്ടു വിഭാഗം രൂപപ്പെടുകയാണ് ഇപ്പോൾ. ഇതിന് പുതിയ മാനം നൽകുകയാണ് പി എസ് സി വിവാദം.

എൻസിപിയിൽ അവസാന വാക്ക് ശരത് പവാറാണ്. ശരത് പവാറിന്റെ അതിവശ്വസ്തനാണ് പിസി ചാക്കോ. കോൺഗ്രസിലുള്ളപ്പോൽ മുതലുള്ള പ്രധാന ശിഷ്യൻ. ഈ വിവാദത്തിലും ശരത് പവാർ ആർക്കൊപ്പമെന്നതാകും നിർണ്ണായകം. പിസി ചാക്കോയ്ക്കൊപ്പം പവാർ നിലയുറപ്പിച്ചാൽ അതാകും സിപിഎം അംഗീകരിക്കുക. അതിനിടെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് നിർണ്ണായകമായ അകലം വിവാദത്തിൽ പാലിക്കുന്നുമുണ്ട്. മന്ത്രിയാകാനുള്ള സാധ്യതകൾ ഭാവിയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇത്.

വേണ്ടത്ര യോഗ്യത പോലും ഇല്ലാത്ത ആളെ പി എസ് സി അംഗമാക്കുന്നതിന്റെ ഭാഗമായി വനിത വിഭാഗത്തിന്റെ സംസ്ഥാന ചുമതലയും നല്കി എന്നതാണ് ആക്ഷേപം. വിഷയം സംസ്ഥാന സമിതിയിൽ ചർച്ചയ്ക്കു വരുമ്പോൾ വനിത വിഭാഗം നേതാവാണന്ന് സ്ഥാപിക്കാനായിരുന്നു ചുമതല നൽകിയത് .ഇക്കാര്യത്തിലും കൂടിയാലോചനകൾ ഉണ്ടായില്ല. കൂടാതെ കഴക്കൂട്ടത്തെ നോമിനിയുടെ അടുത്ത ബന്ധുക്കൾ പാർട്ടിക്കാരണന്നും ഇവരെ പിന്തുണയ്ക്കുന്ന വനിതാ വിഭാഗം നേതാവ് പറയുന്നു. പൊതു പ്രവർത്തന രംഗത്ത് സജീവമാകാൻ ചില പരിപാടികളിൽ കഴക്കൂട്ടത്തെ നോമിനി പങ്കെടുത്തുവെങ്കിലും പിന്നീട് അണികളിൽ നിന്നു തന്നെ എതിർപ്പു വന്നു.

ഇപ്പോൾ കണ്ണൂർ ഒഴികെയുള്ള ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കാൻ പോലും അണികൾ ഇവരെ അനുവദിക്കുന്നില്ലന്നാണ് വിവരം. മനം മടുത്ത അവർ തന്നെ എത്രയും പെട്ടെന്ന് പി എസ് സി അംഗമാക്കണമെന്ന് ആവിശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി കമ്മിറ്റിയിലെ ചർച്ചകൾ വഴി വിട്ടപ്പോൾ നീക്കു പോക്കെന്ന നിലിയിൽ മൂന്ന് പേരുകൾ കൂടി ചില നേതാക്കൾ മുന്നോട്ടു വെച്ചു. കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ, പാർട്ടിയുടെ തന്നെ വയനാട് ജില്ലാ പ്രസിഡന്റ് എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ വിഷയം സങ്കീർണമായതോടെ കാര്യങ്ങൾ മന്ത്രി ശശീന്ദ്രൻ എൽ ഡി എഫ് കൺവീനറെ ധരിപ്പിച്ചു.

ഇതിനിടയിൽ ചാക്കോ പല വട്ടം എൽഡി എഫ് കൺവീനറെയും സി പി എം സംസ്ഥാന സെക്രട്ടറിയേയും കണ്ടുവെങ്കിലും ഈ വിഷയത്തിൽ ചാക്കോയ്ക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുകയായിരുന്നു. മുൻ മാധ്യമ പ്രവർത്തകൻ പാർട്ടിയെ ഹൈജാക്കു ചെയ്തിരിക്കുകയാണന്ന് ചില നേതാക്കൾ ആരോപിച്ചു. അദ്ദേഹത്തെ മന്ത്രി ഓഫീസിൽ നിയമിച്ചതിനെതിരെയും ചില നേതാക്കൾ രംഗത്തുണ്ട്. ചാക്കയോടൊപ്പം ജോലി ചെയ്യുന്ന ഇദ്ദേഹത്തെ മന്ത്രി ശശീന്ദ്രന്റെ സ്റ്റാഫിൽ ഉൽപ്പെടുത്തിയതും വിമർശനത്തിന് ഇടവെച്ചിട്ടുണ്ട്. എന്നാൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളെയാണ് മന്ത്രി ഓഫീസിൽ നിയമിച്ചതെന്നും ഇതിൽ വിവാദത്തിന്റെ കാര്യമില്ലന്നു ചാക്കോയെ അനുകൂലിക്കുന്നവർ പറയുന്നു.

ഇപ്പോൾ വിവാദത്തിൽപ്പെട്ട മുൻ ചാനൽ റിപ്പോർട്ടർക്ക് പാർട്ടിയിലും ചുമതല നൽകിയിട്ടുണ്ട്. പി.സി ചാക്കോ തന്നെ ഇദ്ദേഹത്തെ പാർട്ടി സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഇയാൾ മൂന്നു മാസം മുൻപ് പാർട്ടി പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. പാർട്ടിയിൽ ഭിന്നത തുടങ്ങുന്നത് പി സി ചാക്കോ പ്രസിഡന്റ് ആയതിന് ശേഷം ജില്ലാ പ്രസിഡന്റുമാരെ മാറ്റിയത് മുതൽക്കാണെന്നാണ് റിപ്പോർട്ട്. ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മുതിർന്ന നേതാവും മുൻ അധ്യക്ഷനുമായ ടി പി പീതാംബരനെയും മന്ത്രി എ കെ ശശീന്ദ്രനേയും വകവയ്ക്കാതെയാണ് ചാക്കോയുടെ തീരുമാനങ്ങളെന്നും ശശീന്ദ്ര പക്ഷം ആരോപിക്കുന്നു.

ഇതിനിടെയാണ് പാർട്ടി പ്രവർത്തകനായ ബേബിയെ ചാക്കോയുടെ വിശ്വസ്ഥനായ മുൻ മാധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നത്.കോൺഗ്രസ് വിട്ട് വരുമ്പോൾ ചാക്കോയ്‌ക്കൊപ്പം നിരവധി പേർ എത്തുമെന്ന് പറഞ്ഞെങ്കിലും പറയത്തക്ക ഒഴുക്കുണ്ടായില്ല. അതേസമയം, ചില സ്ഥാപിത താൽപ്പര്യക്കാരാണ് പാർട്ടിക്കുള്ളിൽ പ്രശ്‌നമുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് പിസി ചാക്കോ അനുകൂലികളുടെ വാദം.