- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി ചർച്ചയിൽ കേന്ദ്ര നേതൃത്വം വീണു; ഇനി വെള്ളാപ്പള്ളിയും മകനും പറയും പോലെ കേരളത്തിലെ കാര്യങ്ങൾ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുക വെള്ളാപ്പള്ളിയെ; തെരഞ്ഞെടുപ്പിന് ശേഷം ഗവർണർ സ്ഥാനം ഉറപ്പു നൽകിയതായി സൂചന; സംസ്ഥാന നേതൃത്വത്തിൽ കടുത്ത അതൃപ്തി
ന്യൂഡൽഹി: കേരളത്തിലെ പാർട്ടിയെ വളർത്താൻ വേണ്ടിയാണ് വെള്ളാപ്പള്ളിയെ ബിജെപി ഒപ്പം കൂട്ടിയത്. എന്നാൽ, ഇതിന് പിന്നിൽ ഉണ്ടായിരുന്ന പ്രധാന ലക്ഷ്യം ഈഴവ സമുദായത്തിന്റെ പിന്തുണ പാർട്ടിക്ക് ഉറപ്പിക്കുക എന്നതായിരുന്നു. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ രണ്ട് പ്രബലമായ മുന്നണികൾ ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ മുന്നേറ്റം ഉ
ന്യൂഡൽഹി: കേരളത്തിലെ പാർട്ടിയെ വളർത്താൻ വേണ്ടിയാണ് വെള്ളാപ്പള്ളിയെ ബിജെപി ഒപ്പം കൂട്ടിയത്. എന്നാൽ, ഇതിന് പിന്നിൽ ഉണ്ടായിരുന്ന പ്രധാന ലക്ഷ്യം ഈഴവ സമുദായത്തിന്റെ പിന്തുണ പാർട്ടിക്ക് ഉറപ്പിക്കുക എന്നതായിരുന്നു. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ രണ്ട് പ്രബലമായ മുന്നണികൾ ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് ഒറ്റക്ക് സാധിക്കില്ലെന്ന തിരിച്ചറിവിൽ എസ്എൻഡിപിയെയും വെള്ളാപ്പള്ളി നടേശനെയും ഒപ്പം കൂട്ടുകയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. ഇതിനായി മുന്നണി സംവിധാനം ശക്തമായ കേരളത്തിൽ എൻഡിഎ മുന്നണിയെ ശക്തിയാക്കുക എന്ന ഉദ്ദേശ്യമായിരുന്നു അമിഷ് ഷായ്ക്കും കൂട്ടർക്കും ഉണ്ടായിരുന്നത്. ഈ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണവും കൂടി ചർച്ചയിൽ സജീവമായത്. എസ്എൻഡിപി രൂപീകരിക്കുന്ന രാഷ്ട്രീയപാർട്ടി എൻഡിഎയുടെ ഭാഗമാക്കി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയുള്ള തന്ത്രങ്ങളാണ് ഇപ്പോൾ കേന്ദ്രനേതൃത്വം രൂപപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി ഡൽഹിയിൽ എത്തിയ വെള്ളാപ്പള്ളി നടേശൻ ഇന്നലെ വിവിധ കേന്ദ്ര നേതക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഈ കേന്ദ്രനേതാക്കളാണ് വെള്ളാപ്പള്ളി എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. അതേസമയം കേരളത്തിൽ തലമുതിർന്ന നേതാക്കൾ ബിജെപിക്ക് ഉണ്ടായിട്ടും അവരെ ഒഴിവാക്കി ഇനിയും പിറക്കാത്ത പാർട്ടിയുടെ നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ ബിജെപി സംസ്ഥാന ഘടകത്തിൽ കടുത്ത അതൃപ്തി ഉടലെടുത്തിട്ടുണ്ട്. വെള്ളാപ്പള്ളിക്ക് അവസരം കൊടുത്താൽ അത് ഒട്ടകത്തിന് ഇടം കൊടുത്തത് പോലെ ആകുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കൾ പറയുന്നത്.
എന്നാൽ, വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ ഈഴവ സമുദായത്തെ ഒരു വിഭാഗത്തെ ഒപ്പം നിർത്താൻ സാധിക്കുമെന്നാണ് അമിത് ഷായുടെയും കൂട്ടരുടെയും കണക്കു കൂട്ടൽ. കൂടാതെ, മുന്നണിക്ക് തെരഞ്ഞെടുപ്പിൽ നേരിടാൻ ആവശ്യമായ സാമ്പത്തിക അടിത്തറ കൂടി ലഭിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതാക്കളുടെ കണക്കു കൂട്ടൽ. വെള്ളാപ്പള്ളിയെ മുൻനിർത്തി കളിച്ചാൽ എൻഡിഎയ്ക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും. ചിലപ്പോൾ രണ്ട് മൂന്ന് സീറ്റുകളിൽ വിജയിക്കാനും കഴിഞ്ഞേക്കും. ഇതിൽ ഉപരിയായി സിപിഐ(എം) വോട്ടുകളിൽ കാര്യമായ വിള്ളലുണ്ടാക്കാൻ സാധിക്കുമെന്നതാണ് പ്രധാന കണക്കുകൂട്ടൽ. ഈ ലക്ഷ്യമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലും.
കൊല്ലത്ത് ആർ. ശങ്കർ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് വെള്ളാപ്പള്ളി ഇപ്പോൾ ഡൽഹിയിൽ ഉള്ളത്. തുഷാർ വെള്ളാപ്പള്ളിയും അദ്ദേഹത്തിന് ഒപ്പമുണ്ട്. ഇന്ന് മോദിയെ കാണുമ്പോൾ അദ്ദേഹം നേരിട്ട് പാർട്ടി താൽപ്പര്യം അറിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം ഗവർണർ സ്ഥാനം വെള്ളാപ്പള്ളിക്ക് നൽകാമെന്നാണ് ബിജെപി നേതാക്കളുടെ ഉറപ്പ്. കൂടാതെ കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്ന കാര്യവും പരിഗണിക്കാമെന്ന വാഗ്ദാനവും നടേശനും തുഷാറിനും മുന്നിൽ മോദി അവതരിപ്പിച്ചേക്കും.
ഹൈന്ദവ ഏകീകരണ മുദ്രാവാക്യമുയർത്തി നവംബർ 23നു കാസർകോടുനിന്നാരംഭിക്കുന്ന രഥയാത്രയും വെള്ളാപ്പള്ളിയാണ് നയിക്കുക. കേന്ദ്രത്തിൽ ബിജെപിക്ക് അധികാരത്തിൽ എത്താൻ വഴിയൊരുക്കിയത് ഈ രഥയാത്ര ആയിരുന്നു. ഇത് മാതൃകയാക്കിയുള്ള രഥയാത്രയാണ് ബിജെപി ല്ക്ഷ്യമിടുന്നത്. രഥയാത്രക്ക വേണ്ട ഒരുക്കങ്ങൾ ആർഎസ്എസ് ഒരുക്കുമെന്നാണ് കേന്ദ്ര നേതാക്കളുടെ ഉറപ്പ്. ബിജെപി - എസ്എൻഡിപി സഖ്യമുണ്ടായാൽ സംസ്ഥാനത്തെ അറുപത് നിയമസഭാ മണ്ഡലങ്ങളിൽ ശക്തിയാകാൻ കഴിയുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ നയിക്കാൻ വെള്ളാപ്പള്ളി നടേശനു കഴിയുമെന്ന വിലയിരുത്തലിലാലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. പകരം ബിജെപിയുടെ വാഗ്ദാനം ഗവർണ്ണർ സ്ഥാനമാണ്. കൂടാതെ മകൻ തുഷാറിന് രാജ്യസഭാംഗത്വം നൽകി കേന്ദ്രമന്ത്രിയാക്കാം എന്ന വാഗ്ദാനവും നിലവിലുണ്ട്.
എന്നാൽ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് കടുത്ത എതിർപ്പണുള്ളത്. ഒ രാജഗോപാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടുകയാണ് വേണ്ടതെന്നാണ് ബിജെപി സംസ്ഥാന നേതാക്കൾ പറയുന്നത്. മോദിയുമായി കൂടിക്കാഴ്‌ച്ചക്ക് ഇന്ന് നടക്കുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ പങ്കെടുക്കുന്നില്ലെന്ന കാര്യവും ശ്രദ്ധേയമാണ്. ബിജെപി സംസ്ഥാന നേതാക്കൾ എതിർകകുമ്പോഴും ആർഎസ്എസ് മുൻകൈയെടുത്താണ് വെള്ളാപ്പള്ളിയുമായി ചർച്ച നടത്തുന്നത്. എസ്എൻഡിപിയുമായുള്ള സഖ്യം അനിവാര്യമാണെന്ന നിലപാടാണ് സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന്റേത്. സഖ്യവിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന ഘടകത്തെ ധരിപ്പിക്കാൻ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ഈയാഴ്ച തന്നെ കേരളത്തിലെത്തും.
നിയമസഭാ തിരഞ്ഞെടുപ്പു സഖ്യത്തിന്റെ ഭാഗമായി എസ്എൻഡിപിക്കു മൽസരിക്കാൻ താൽപര്യമുള്ള മണ്ഡലങ്ങളുടെ പട്ടിക തയാറാക്കി നൽകാനും ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം ലാൽ എസ്എൻഡിപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യത്തിൽ എസ്എൻഡിപിയുടെ പാർട്ടിക്കു മുൻതൂക്കം നൽകുക എന്ന തന്ത്രം പക്ഷേ ബപാർട്ടി നേതാക്കളുടെ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.
നേരത്തെ കാസർഗോട്ടെ കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുദേവന്റെ പേര് നൽകാമെന്ന വാഗ്ദാനം അമിത് ഷാ ഉറപ്പു നൽകിയിരുന്നു. ഇതിനൊപ്പം എസ്എൻഡിപിയുടെ നേതൃത്വത്തിലെ സംഘടനകൾക്ക് പ്രവർത്തനം സജീവമാക്കാൻ കേന്ദ്ര ഫണ്ടും ലഭ്യമാക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എസ്എൻഡിപിയുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും നൽകും. ഇതിന്റെ ഭാഗമായി 30ഓളം നിയമസഭാ മണ്ഡലങ്ങളിൽ എസ്എൻഡിപി നിർദ്ദേശിക്കുന്നവരെ ബിജെപി മത്സരിക്കും.
ഇപ്പോൾ ബിജെപി മുന്നോട്ട് വച്ച ഫോർമുലയിൽ വെള്ളപ്പാള്ളിയും തൃപ്തനാണെന്നാണ് സൂചന. ബിജെപി കേരള ഘടകത്തെ ശക്തിപ്പെടുത്താനായി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു തയാറാക്കിയ സംഘടനാ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കാനും പാർട്ടി ഒരുങ്ങുന്നുണ്ട്. സംസ്ഥാന കോർ ഗ്രൂപ്പിലും ജില്ലാ അധ്യക്ഷസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷവും മുന്നാക്കക്കാരാണെന്നത് ജാതീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടനയുണ്ടാകും. അപ്പോൾ വെള്ളാപ്പള്ളിയുടെ നോമിനകൾക്ക് മുന്തിയ പരിഗണന നൽകും. അങ്ങനെ പിന്നോക്ക സമുദായ സാന്നിധ്യം ബിജെപിയിൽ ശക്തമാക്കാനാണ് നീക്കം. ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകും. മുൻ മുഖ്യമന്ത്രി ആർ ശങ്കറിനെ പോലുള്ള ഈഴവ സമുദായ നേതാക്കളുടെ ഓർമ്മ നിലനിർത്താനും കേന്ദ്രം ഇടപെടും.