തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന് 24 മണിക്കൂർ കൂടി അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. തീരുമാനം മാറ്റിയില്ലെയിൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തന്ത്രി കുടുംബവുമായി നടത്തുന്ന ചർച്ചയിൽ വിശ്വാസമില്ലെന്നും. നട തുറക്കുന്ന 18 ന് ശബരിമലയിൽ വിശ്വാസികൾ എന്ത് നിലപാട് സ്വീകരിച്ചാലും ബിജെപി പിന്തുണയ്ക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

എൻഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10.30 ന് പട്ടത്ത് നിന്നും ആരംഭിച്ച യാത്ര സെക്രട്ടറിയേറ്റ് പടിക്കലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധർ റാവുവും കർണാടകയിൽ നിന്നുള്ള ആറ് എംഎൽഎമാരും സമാപനയാത്രയിൽ പങ്കെടുക്കുന്നുണ്ട്. വലിയ ജനപങ്കാളിത്തം തന്നെയാണ് ജാഥയിൽ ഉള്ളത്. സ്ത്രീകൾ അടക്കമുള്ളവർ വലിയ തോതിൽ തന്നെ നാമജപവുമായി സമ്മേളനത്തിൽ പങ്കെടുക്കുന്നു.

പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായി 17 ന് വൈകിട്ട് പത്തനംതിട്ടയിൽ വിശ്വാസി സംഗമം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള നേതൃത്വം നൽകും. ശബരിമലയിൽ സംഘർഷമുണ്ടാവരുതെന്ന് ആഗ്രഹമുള്ളതുകൊണ്ട് തീർത്ഥാടനകാലത്ത് നാല് പാർട്ടി ജനറൽ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും നിയോഗിക്കാനും തീരുമാനിച്ചു.